|    Oct 17 Wed, 2018 2:58 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

നോക്കുകൂലി തടയാന്‍ നടപടി സ്വീകരിക്കണം: മുഖ്യമന്ത്രി

Published : 15th September 2017 | Posted By: fsq

 

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള സഹായ വിതരണം സമയബന്ധിതമാക്കണമെന്നു ജില്ലാ കലക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം. നോക്കുകൂലി തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാനും വീഡിയോ കോ ണ്‍ഫറന്‍സിങ് വഴി കലക്ടര്‍മാരുമായി സംസാരിക്കവെ മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഒരു തൊഴിലാളി സംഘടനയും നോക്കുകൂലിയെ അനുകൂലിക്കുന്നില്ല. വികസന പദ്ധതികള്‍ നടപ്പാക്കുന്നതിനു തടസ്സം സൃഷ്ടിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി എടുക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. 100 മണിക്കൂറിനകം അപേക്ഷകരുടെ ബാങ്ക് അക്കൗണ്ടില്‍ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള സഹായധനം എത്തിക്കാന്‍ കഴിയുംവിധം നടപടിക്രമങ്ങള്‍ വേഗത്തിലാക്കണമെന്നു മുഖ്യമന്ത്രി പറഞ്ഞു. എഴുതി ലഭിക്കുന്ന അപേക്ഷകളും ഓണ്‍ലൈനിലേക്കു മാറ്റണം.  പരാതി പരിഹാര അദാലത്തുകള്‍ താലൂക്ക് തലത്തില്‍ നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓരോ ജില്ലയിലും മാസത്തില്‍ ഒരു താലൂക്കില്‍ അദാലത്ത് നടത്തണം. ഇക്കാര്യം മുന്‍കൂട്ടി പൊതുജനങ്ങളെ അറിയിക്കുകയും വേണം. പരാതികള്‍ പരിഹരിക്കുന്നതിനുളള പൊതുമാര്‍ഗനിര്‍ദേശങ്ങള്‍ കലക്ടര്‍മാര്‍ക്ക് ഉടനെ നല്‍കും. ജനനം രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയ കേസുകളില്‍ പരിഹാരമുണ്ടാക്കുന്നതിനു പട്ടികജാതി, പട്ടികവര്‍ഗ കോളനികളിലും മല്‍സ്യത്തൊഴിലാളി കേന്ദ്രങ്ങളിലും അദാലത്തുകള്‍ നടത്തണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കുളള പ്രീമെട്രിക്, പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ കലക്ടര്‍മാര്‍ പ്രത്യേകം ശ്രദ്ധിക്കണം. അര്‍ഹതപ്പെട്ട മുഴുവന്‍പേര്‍ക്കും അടുത്ത വര്‍ഷം അവസാനത്തോടെ പട്ടയം ലഭ്യമാക്കുന്നതിന് ഓരോ ജില്ലയിലും തീവ്രയത്‌ന പരിപാടി നടപ്പാക്കണം.പട്ടയ വിതരണത്തിന്റെ പുരോഗതി ഓരോ ആഴ്ചയും വിലയിരുത്തണം. നാഷനല്‍ ഹൈവേ, ദേശീയ ജലപാത, ഗെയില്‍ പൈപ്പ്‌ലൈന്‍, റെയില്‍വേ ലൈന്‍, തിരുവനന്തപുരം-കോഴിക്കോട് വിമാനത്താവളം, കിഫ്ബി പദ്ധതികള്‍ എന്നിവയ്ക്കു വേണ്ടി സ്ഥലം ഏറ്റെടുക്കുന്ന കാര്യത്തില്‍ കലക്ടര്‍മാര്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.ലൈഫ് പദ്ധതിക്ക് എല്ലാ ജില്ലയിലും ഭൂമി കണ്ടെത്തണം. വിവിധ വകുപ്പുകളുടെ അധീനത്തിലുള്ള അനുയോജ്യമായ സ്ഥലവും ഈ പദ്ധതിക്ക് ഉപയോഗിക്കണം.    സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കാനും കലക്ടര്‍മാര്‍ ശ്രദ്ധിക്കണം. ഹരിതകേരളം മിഷന്‍ ആവിഷ്‌കരിച്ച പരിപാടികള്‍ നടപ്പാക്കുന്നതിനു വിവിധ വകുപ്പുകളുടെ ഏകോപനം ഉണ്ടാവണം. വേണ്ടത്ര മഴ കിട്ടാത്തതിനാല്‍ വരള്‍ച്ചാ ഭീഷണി ഒഴിവായിട്ടില്ല. ഇനി ലഭിക്കുന്ന മഴ ഭൂമിയിലേക്ക് ഇറങ്ങണം. അതിനുവേണ്ടി ധാരാളം മഴക്കുഴികള്‍ നിര്‍മിക്കണം. മഴവെളളം കിണറുകളിലേക്ക് തിരിച്ചുവിടുന്നതിന് എല്ലാ വീടുകളിലും സംവിധാനം ഉണ്ടാക്കണം. സര്‍ക്കാര്‍ സ്ഥാപനങ്ങളിലും മഴവെള്ള സംരക്ഷണത്തിനുള്ള നടപടികള്‍ എടുക്കണം.മാലിന്യസംസ്‌കരണത്തില്‍ വേണ്ടത്ര പുരോഗതി ഉണ്ടായിട്ടില്ല. എല്ലാം ഉറവിട മാലിന്യസംസ്‌കരണത്തിലൂടെ പരിഹരിക്കാന്‍ കഴിയില്ല. പട്ടണങ്ങളില്‍ കേന്ദ്രീകൃത മാലിന്യ സംസ്‌കരണ സംവിധാനം നിര്‍ബന്ധമാക്കണം. അതിനു വേണ്ടി സ്ഥലം കണ്ടെത്താന്‍ കലക്ടര്‍മാര്‍ മുന്‍കൈ എടുക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss