|    Dec 16 Sun, 2018 4:10 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

നോക്കുകൂലി ജാമ്യമില്ലാ കുറ്റം; ഉത്തരവ് പുറത്തിറങ്ങി

Published : 1st May 2018 | Posted By: kasim kzm

തിരുവനന്തപുരം: സംസ്ഥാനത്തത് നോക്കുകൂലി സമ്പ്രദായം പൂര്‍ണമായും ഒഴിവാക്കിക്കൊണ്ടുള്ള നിയമഭേദഗതിയില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം ഒപ്പിട്ടു. നോക്കുകൂലി ഒഴിവാക്കാന്‍ കേരള ചുമട്ടുതൊഴിലാളി നിയമത്തില്‍ സര്‍ക്കാര്‍ വരുത്തിയ ഭേദഗതിക്കാണ് ഗവര്‍ണര്‍ അംഗീകാരം നല്‍കിയത്.
ഇന്നുമുതല്‍ കേരളം നോക്കുകൂലി സമ്പ്രദായം പൂര്‍ണമായി ഇല്ലാതാവുന്ന സംസ്ഥാനമാവും. നോക്കുകൂലി വാങ്ങിയാല്‍ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുക്കുന്നത് സംബന്ധിച്ച് നേരത്തേ തൊഴില്‍ വകുപ്പ് മന്ത്രി  ടി പി രാമകൃഷ്ണന്‍ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. തൊഴിലാളികള്‍ അമിതകൂലി ഈടാക്കിയാല്‍ തൊഴില്‍വകുപ്പിനെ അറിയിക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതുപ്രകാരം കൂടുതലായി വാങ്ങിയ കൂലി തിരികെ വാങ്ങിക്കൊടുക്കാനും ബന്ധപ്പെട്ട തൊഴിലാളിയുടെ രജിസ്‌ട്രേഷന്‍ കാര്‍ഡ് റദ്ദാക്കാനും പുതിയ നിയമത്തില്‍ നിര്‍ദേശമുണ്ട്. അതേസമയം, പ്രത്യേക നൈപുണ്യം വേണ്ടതും യന്ത്രസഹായം വേണ്ടതുമായ ജോലികള്‍ക്കു വിദഗ്ധരായ തൊഴിലാളികളെ സ്വന്തം ഇഷ്ടപ്രകാരം നിയമിക്കാനും ഇനി സ്വാതന്ത്ര്യമുണ്ടാവും.
ചുമട്ടുതൊഴിലാളി നിയമത്തിലെ ഒമ്പതാം വകുപ്പിലെ ഒന്ന്, രണ്ട് ഉപവകുപ്പുകളാണ് ഭേദഗതി ചെയ്തത്. ഭേദഗതിക്ക് ഗവര്‍ണര്‍ അംഗീകാരം നല്‍കിയതിന് പിന്നാലെ തൊഴില്‍ വകുപ്പ് ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ചെയ്യാത്ത ജോലിക്ക് കൂലി ആവശ്യപ്പെടുന്നതുള്‍പ്പെടെ കേരളത്തിലെ ചുമട്ടുതൊഴില്‍ മേഖലയില്‍ അനാരോഗ്യ പ്രവണതകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇത്തരം പ്രവണതകളെ ചെറുക്കാനായി നോക്കുകൂലി നിയമം ഭേദഗതി ചെയ്തത്. തൊഴില്‍ മേഖലകളില്‍ ചില യൂനിയനുകള്‍ തൊഴിലാളികളെ വിതരണം ചെയ്യുന്നതിന് അവകാശമുന്നയിക്കുന്നതും അവസാനിപ്പിക്കുന്നതോടൊപ്പം ചെയ്യാത്ത ജോലിക്ക് കൂലി ആവശ്യപ്പെടുന്നതും കൈപ്പറ്റുന്നതും നിയമവിരുദ്ധമായി കണക്കാക്കി ചട്ടപ്രകാരം നടപടി സ്വീകരിക്കും.
അതത് ജില്ലകളില്‍ ജില്ലാ ലേബര്‍ ഓഫിസര്‍മാര്‍ പുറപ്പെടുവിച്ച ഏകീകൃത കൂലി പട്ടിക അടിസ്ഥാനമാക്കി കയറ്റിറക്ക് കൂലി നല്‍കണമെന്നും പട്ടികയില്‍ ഉള്‍പ്പെടാത്ത ഇനങ്ങള്‍ക്ക് ഉഭയകക്ഷി കരാറുകളുടെ അടിസ്ഥാനത്തില്‍ കൂലി നല്‍കണമെന്നും ഉത്തരവില്‍ നിര്‍ദേശിക്കുന്നു.  ചുമട്ടുതൊഴിലാളി നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കപ്പെട്ട ഗാര്‍ഹികാവശ്യത്തിനുള്ള കയറ്റിറക്ക്, കാര്‍ഷികോല്‍പന്നങ്ങളുടെ കയറ്റിറക്ക് എന്നിവക്ക് തൊഴിലുടമയ്ക്ക് ഇഷ്ടമുള്ളവരെ ജോലിക്ക് നിയോഗിക്കാനും ഇതോടൊപ്പം അംഗീകൃത ചുമട്ടുതൊഴിലാളികള്‍ക്ക് അതത് മേഖലയില്‍ നിശ്ചയിക്കപ്പെട്ട കൂലി നല്‍കാനും അനുമതി നല്‍കുന്നുണ്ട്്.
ഇതിന്പുറമെ തൊഴില്‍ വകുപ്പോ ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡോ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡ് ജോലിസമയത്ത്  കൈവശം വയ്ക്കണമെന്നും നിര്‍ദേശിക്കുന്നു.  ഏതെങ്കിലും തൊഴില്‍മേഖലയില്‍ തൊഴില്‍ ചെയ്യാനുള്ള അവകാശമുന്നയിച്ചോ ഉയര്‍ന്ന കൂലി നിരക്കുകള്‍ ആവശ്യപ്പെട്ടോ തൊഴിലുടമയെ ഭീഷണിപ്പെടുത്തുകയോ വസ്തുവകകള്‍ നശിപ്പിക്കുകയോ മറ്റുതടസ്സങ്ങള്‍ സൃഷ്ടിക്കുകയോ ചെയ്യാന്‍ പാടില്ലെന്നും നിര്‍ദേശിക്കുന്നുണ്ട്. അധികനിരക്ക് ഈടാക്കിയാല്‍ അസി. ലേബര്‍ ഓഫിസര്‍മാരോ ജില്ലാ ലേബര്‍ ഓഫിസര്‍മാരോ ഇടപെട്ട് പണം തിരികെ വാങ്ങിക്കൊടുക്കാനും ആവശ്യമെങ്കില്‍ ക്ഷേമനിധി ബോര്‍ഡ് മുഖേനയോ റവന്യൂ റിക്കവറി നടപടികളിലൂടെയോ പണം ഈടാക്കാനും ഭേദഗതി നിര്‍ദേശിക്കുന്നുണ്ട്.  മാര്‍ച്ച് എട്ടിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍  നടന്ന ട്രേഡ് യൂനിയന്‍ ഭാരവാഹികളുമായുള്ള ചര്‍ച്ചയുടെ കൂടി അടിസ്ഥാനത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss