|    Nov 14 Wed, 2018 1:04 pm
FLASH NEWS
Home   >  Fortnightly   >  

നൈവാരണിയില്‍ കണ്ട വല്യ ശൈത്താന്‍

Published : 22nd December 2015 | Posted By: G.A.G

naivariniസ്ഥലം- നാല് വ്യഞ്ജനാക്ഷരങ്ങള്‍ ചേര്‍ന്ന, പറയാന്‍ എളുതും കേള്‍ക്കാന്‍ ഇനിപ്പുള്ളതുമായ നാമം!
സിനിമാ കൊട്ടകയില്‍ സെക്കന്റ് ഷോ കഴിയുമ്പോള്‍ അര്‍ദ്ധരാത്രി. ബെല്‍ ശബ്ദിച്ചു തുടങ്ങെ കുട്ടിയായ അവന്റെ മനസ്സില്‍ പേടി ആളിക്കൊണ്ടിരുന്നു. എന്നാല്‍ ഇതിനിടയിലും അവന്‍, അവന് എന്നും വിസ്മയമായിരുന്ന, കേള്‍ക്കുമ്പോഴൊക്കെ ഒരു അപൂര്‍വ്വ മധുരപലഹാരമോ ഭോജ്യം പോലെ ഒക്കെയോ മനസ്സില്‍ പ്രത്യക്ഷമാവുകയും ചെയ്യുന്ന ഈ പേര്, ഇത് എങ്ങനെ വന്നു, ആര് നല്‍കി എന്നെല്ലാം പിന്നെയും ചിന്തിക്കുകയായിരുന്നു.nai

ധാരാളം പാട്ടും സ്റ്റണ്ടും പ്രണയവും നിറഞ്ഞ സിനിമ! ശക്തനും സുമുഖനുമായ നായകന്റെ സാഹസിക പ്രകടനങ്ങള്‍ ഓരോന്നും കൗമാരക്കാരനായ അവനെ ആവേശം കൊള്ളിക്കുക മാത്രമായിരുന്നില്ല ഭയശീലമുള്ള അവനില്‍ ധൈര്യ വര്‍ദ്ധനവും നടത്തിയിരുന്നു. എന്നിരുന്നാലും സീറ്റില്‍ നിന്നും എഴുന്നേല്‍ക്കുമ്പോഴേക്കും നടുരാത്രി കഴിഞ്ഞു എന്നത് അവന്റെ ആകുലതയെ ഏറ്റിക്കൊണ്ടിരുന്നു.

ഇത്തിരി ഊറ്റം കിട്ടാന്‍ ഇപ്പോള്‍ എന്തു വഴി? അവന്‍ അവനോട് തന്നെ ചോദിച്ചു.
സിനിമയില്‍ നായകന്‍ ദുര്‍ഘട വഴികളിലൂടെ എല്ലാം സഞ്ചരിച്ച് സ്വയം ധീരത ആര്‍ജ്ജിച്ച് ചെല്ലുന്നതും, ദുഷ്‌ക്കര കാര്യങ്ങള്‍ സാധിച്ചു വരുന്നതുമൊക്കെ അമിതോത്സാഹത്തോടെയാണ് കണ്ടുകൊണ്ടിരുന്നത്. അപ്പോഴൊക്കെ മറ്റു കുട്ടികളെയും ചെറുപ്പക്കാരെയുംപോലെ ഇരിപ്പില്‍നിന്ന് പൊങ്ങുകയും അവര്‍ക്കൊപ്പം കൈ അടിക്കുകയും ചെയ്തിരുന്നു. നായകന്‍ ഓരോ ഘട്ടത്തിലും എങ്ങനെയൊക്കെ എന്തൊക്കെ ചെയ്തായിരുന്നു തന്റേടം നേടിയത് അതുപോലെ എങ്ങനെയെങ്കിലും അല്പം ധൈര്യം സംഭരിക്കാന്‍ കഴിഞ്ഞാല്‍ രാത്രി നാഴികകള്‍ എമ്പാടും ഒറ്റക്ക് മനസ്സമാധാനത്തോടെ പോകാമായിരുന്നു.
സിനിമയില്‍ കടുപ്പമേറിയതും സംഭ്രമജനകവുമായ രംഗങ്ങള്‍ വരുമ്പോള്‍ ധീരതക്കായി നായകന്‍ ബുദ്ധിപൂര്‍വ്വം ചെയ്ത, അത് തലയുപോയോഗിച്ചാണ് ചെയ്തതെന്ന് കാണികളെ ബോധ്യപ്പെടുത്താനവന്‍ കാണിച്ച തന്ത്രങ്ങളും ഒന്നും തന്നെ ഓര്‍മ്മയിലേക്കിങ്ങ് കിട്ടുന്നുമില്ല. എത്ര ശ്രമിച്ചിട്ടും സ്വേച്ഛയാ മനസ്സിലേക്കാ സൂത്രം വരുന്നുമില്ല.
ടാക്കീസില്‍നിന്നും പുറത്തേക്കിറങ്ങുമ്പോള്‍ ചൂടേറ്റ് വിയര്‍ത്ത ശരീരം വെളിയിലെ ഈര്‍പ്പമുള്ള കാറ്റ് തഴുകി തഴുകി തണുപ്പിക്കുന്നു. എന്നാല്‍ അഗോചരമായ എന്തൊക്കെയോ ഭയം ഊഷ്മവായുവായി പരിണതിപ്പെട്ട് ഉള്ളില്‍ നിറയുന്നുമുണ്ടായിരുന്നു.
വീട്- അങ്ങ് പത്തിരുപത് നാഴികകള്‍ക്ക് അപ്പുറത്താണ്… ഇത്രയും ദൂരം, ഈ രാത്രി ഒറ്റക്കെങ്ങനെ…
വയറ്റില്‍ ഉമിയിലെന്ന പോലെ പുകഞ്ഞിരുന്ന തീ ക്ഷണം പന്തമായി ഒരാളല്‍…
എന്തു ചെയ്യേണ്ടൂ എന്നറിയാതെ അവന്‍ ഞെരുങ്ങിക്കൊണ്ടിരുന്നു. ടാക്കീസില്‍ നിന്ന് ഇറങ്ങിയതു മുതല്‍ ഇതുവരെയും അവന്റെ കണ്ണുകള്‍ നാലു ചുറ്റും പായുകയായിരുന്നു. തനിക്ക് പോകേണ്ട വഴിയില്‍ ഏതെങ്കിലും ഭാഗത്ത് കൂടെ ആരെങ്കിലും വരുന്നുണ്ടോ എന്ന് തെരഞ്ഞു കൊണ്ട്.
പിന്നെ, ക്ഷണനേരം കഴിഞ്ഞതേയുള്ളൂ അപ്രതീക്ഷിതമായാണ് ഒരു കൂട്ടം ആളുകള്‍ കുറേ ദൂരത്ത്ക്കൂടെ അങ്ങ് തെക്കോട്ട് നീങ്ങുന്നുണ്ടെന്ന് അവന് തോന്നിയത്.
ഉടന്‍ അവന്‍ അങ്ങോട്ടേക്കോടി.
nai2അവരെ കാണാന്‍ കഴിയുന്നതിന് മുന്‍പേ അവന്‍ വിചാരിച്ചിരുന്നു. ഒര് ചായ കൊണ്ട് വരണ്ടുണങ്ങിയ തൊണ്ട ഒന്ന് നനയ്ക്കാമെന്നും ഒര് ചെറിയ കടി അകത്താക്കി കഠിനവിശപ്പിന് അല്പം ശമനം വരുത്താമെന്നുമൊക്കെ. കീശയില്‍ ബാക്കി വന്ന കാശ് എണ്ണിനോക്കിയപ്പോഴാണ് സിനിമയ്ക്ക് കയറുമ്പോള്‍ പടം കഴിഞ്ഞാല്‍ കാര്യമായിട്ട് എന്തെങ്കിലും തിന്നണം എന്ന മുന്‍ നിശ്ചയം അവന്‍ വേണ്ടെന്നുവെച്ചത്.

അവരുടെ അടുത്തേക്ക് എത്താനുള്ള വെപ്രാളത്തിലും ചായക്കായുള്ള ആ മോഹം, ചൂണ്ടയ്ക്ക് മീന്‍ നിരന്തരം കൊത്തുമ്പോഴുള്ള പൊങ്ങത്തിയായി മനസ്സില്‍ ആണ്ടുപൊങ്ങിക്കൊണ്ടിരുന്നു. മുന്‍പേ പോകുന്നവര്‍ അകന്നാല്‍ ഒറ്റക്കാകുമെന്ന പേടി പൈദാഹത്തെ ക്ഷമകൊണ്ട് അവന്‍ നിയന്ത്രിക്കുകയായിരുന്നു.
ആ സഞ്ചയത്തിനൊപ്പം അവന്‍ എത്തി അല്പനേരം നടക്കുമ്പോഴേക്കും ചിന്തയിലേക്ക് വരികയായി പാതയുടെ ഇരുഭാഗങ്ങളിലും സ്ഥിതിചെയ്യുന്ന, പിന്നിടാനിരിക്കുന്ന പള്ളികളും അമ്പലങ്ങളും കാവുകളും പുഴയും തോടുകളും കുളങ്ങളും ഖബര്‍സ്ഥാനുകളും…
ഓരോരോ ചെറിയ അങ്ങാടി എത്തുമ്പോഴേക്കും കൂട്ടത്തില്‍ നിന്ന് ആളുകള്‍ കുറശ്ശെ കുറയുന്നത് അവന് അറിയാന്‍ പറ്റിയിരുന്നു. അറിയാത്ത ഒരിടത്ത് നിന്ന് ബാക്കി വന്നവരുടെ പിന്നാലെ ഭവിഷ്യക്കാര്യങ്ങളെക്കുറിച്ചുള്ള ബേജാറുമായി അവനും തളര്‍ച്ചയോടെ അങ്ങനെ നീങ്ങിക്കൊണ്ടിരുന്നു.

ഈ ഗമനത്തിനിടെ അവന്റെ ഭാഗത്തായാണ് ഖബര്‍സ്ഥാന്‍ വരുന്നതെങ്കില്‍ അവന്റെ കാലിന് അടിയിലൂടെ ഒരു ചൂട് മേല്‍പ്പോട്ട് കയറാന്‍ തുടങ്ങും. അപ്പോള്‍ അവന് തോന്നും ഖബറുകളിലെ പാപികളില്‍ അല്ലാഹു നരകശിക്ഷ നടപ്പാക്കുകയാണെന്ന്… അപ്പോള്‍ പെട്ടെന്ന് മാറി റോഡിന്റെ മറുഭാഗത്ത് കൂടി നടക്കും മറ്റാര്‍ക്കും മനസ്സിലാവാത്ത വിധം അവന്‍.
സംഘമായാണ് നടന്നു നീങ്ങിയതെങ്കിലും തമ്മില്‍ തമ്മില്‍ സംസാരിക്കുകയോ തിരിഞ്ഞു നോക്കുക പോലുമോ ചെയ്യുന്നുണ്ടായിരുന്നില്ല.
ശക്തമായ വിശപ്പും ദാഹവുമൊക്കെ ഉള്ളതുകൊണ്ടാവുമോ അല്ലെങ്കില്‍ സംസാരിക്കാനുള്ള വൈമുഖ്യമോ അതോ സിനിമയും അതിലെ സംഭവങ്ങളിലും മാത്രമായി മനസ്സ് കുരുങ്ങിയതുകൊണ്ടുമാണോ ഇവരാരും ഉരിയാടാതിരിക്കുന്നത്? അവന്‍ ചിന്തിച്ചു കൊണ്ടിരുന്നു.
ആരും ഒന്നും പറയാത്തതുകൊണ്ട് ഒര് സുഖം കിട്ടുന്നില്ല. വേണ്ടാത്ത കാര്യങ്ങളും ചിന്തകളും മനസ്സിലേക്ക് കടന്നു വരികയും ചെയ്യുന്നു.
ആ പ്രശസ്തമായ ജങ്ഷനില്‍ എത്തുമ്പോള്‍ സമയം വളരെ വൈകിയിരുന്നു. ക്ഷീണം അവന്റെ കാലുകളെ തളര്‍ത്തിയിരുന്നു, ശരീരത്തെയും.
കൂട്ടത്തില്‍ ബാക്കിയുണ്ടായിരുന്നവര്‍ ഇപ്പോള്‍ പൊടുന്നനെ ആരോ തരിമരുന്ന് കഴഞ്ചാക്കിയവിധം നാലു ചെറിയ സംഘങ്ങളായി വേര്‍പ്പെട്ടു. അതില്‍ മൂന്ന് കൂട്ടം നിമിഷങ്ങള്‍ക്കുള്ളില്‍ മൂന്ന് വഴികളിലൂടെ അപ്രത്യക്ഷമായി… അവന് പോകേണ്ട നാലാം പാതയിലേക്ക് അവനടക്കം നാലോ അഞ്ചോ പേര്‍മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവന്റെ പേടി പിന്നെയും വര്‍ദ്ധിച്ചു. അവശേഷിക്കുന്നവരെയും ഏതുനിമിഷവും എവിടെ വെച്ചും കാണാതാവും എന്നതില്‍.

nai-3വീടിന് ഇനിയുമുണ്ട് മൂന്ന് നാഴികയോളം- പൂവെടിത്തറ എത്തിയാലും… പക്ഷേ, അവിടെ എത്തും മുമ്പെ ബാക്കിയുള്ളവരെയും കാണാതായിരുന്നു.
തെരുവില്‍ ഒരിടത്തും വൈദ്യുതി വെളിച്ചമില്ല. വീടുകളിലൊന്നും വിളക്കുകള്‍ കത്തുന്നില്ല. അലഞ്ഞു തിരിയുന്നതോ, തളര്‍ന്നു മയങ്ങുന്നതോ ആയ പട്ടിയെ പോലും എവിടെയും കാണാന്‍ കഴിഞ്ഞിരുന്നില്ല.
പൂവെടിത്തറയുടെ പാര്‍ശ്വം വിറയ്ക്കുന്ന കാലുകള്‍ അല്പം പോലുമൊന്ന് ഉറച്ചു കിട്ടാതെ, ഒര് ഊന്നിന് തറയുടെ പടവുകളിലൊന്ന് പിടിക്കാനോ വിരല്‍ വെയ്ക്കാന്‍ പോലുമോ പേടികാരണം സാധിക്കാതെ അവന്‍ നന്നേ പ്രയാസപ്പെട്ടുകൊണ്ടിരുന്നു.
പൊടുന്നനെ നെഞ്ചില്‍ ഒര് കൊളുത്തിവലി അനുഭവപ്പെടുന്നതുപോലെ… അവന്‍ ഒര് കൈ കൊണ്ട് നെഞ്ച് പൊത്തി. ഹോ- വേദന അധികരിക്കുന്നു… ഇത് എങ്ങനെയുള്ള വേദനയാവും എന്ന് ചിന്തിക്കുമ്പൊഴേക്കും മാറ് താങ്ങിയിരുന്ന കൈ ധൃതിയില്‍ തെറിച്ചു കൊണ്ടിരുന്നു… ഇടയ്‌ക്കെല്ലാം വീട്ടില്‍നിന്നും മറ്റും കാണാറുള്ള- രണ്ട് സ്ത്രീകള്‍ ഒര് ഉരലില്‍ രണ്ട് ഉലക്കകളിട്ട് ധാന്യം മാറി മാറി കുത്തുന്ന ആ ആവേഗവും ശബ്ദവും പോലുണ്ട് ഇപ്പോള്‍ ഈ ഹൃദയത്തിന്റെ സ്പന്ദത്തിനും എന്ന് അവന് തോന്നി.
ഈ നേരം, ഇതാ തലയ്ക്കകത്ത് വരികയായി, അവന്റെ ഈ ഇളം പ്രായത്തില്‍ പലരും പറഞ്ഞു കൊടുത്ത – കേട്ടറിഞ്ഞതും വായിച്ചറിഞ്ഞതുമായ എല്ലാ ഭൂത-പ്രേത കഥകളും… കൂടെ എത്തി കടലിടിമുഴക്കമായി ഡ്രാക്കുള എന്ന അടുത്തു വായിച്ചു തുടങ്ങിയ കഥയും…!
ഇപ്പോള്‍ ഒരടിപോലും മുന്‍പോട്ട് നീങ്ങാന്‍ അവന് സാധ്യമാവാതെ ആയി.
ഹു-ഹു-ഹാ… ഹു-ഹാ
യദൃച്ഛയാ ഞെട്ടി അങ്ങാകാശം മുട്ടെ പൊങ്ങി വീണു അവന്‍, ചാലിയ തെരുവില്‍ ഏതോ മരക്കൊമ്പില്‍ നിന്നുള്ള നെടുള്ളാ(1)ന്റെ കൂകലില്‍…
ഉള്ളില്‍ നിന്ന് ഉടന്‍ ഒര് കത്തല്‍… ചെവിക്കകത്ത് ഹൃദയത്തിനൊപ്പം നാഡിവ്യൂഹങ്ങളും ചേര്‍ന്ന് ദ്രുതമായ മുഴക്കം… ഒട്ടൊന്ന് നെഞ്ചിന്‍കൂട്ടില്‍, പെട്ടെന്ന് പൊത്തിപ്പിടിച്ച് ഒര് അടയ്ക്കാകുരുവി രക്ഷപ്പെടാനുള്ള പരാക്രമങ്ങള്‍ കാട്ടുമ്പോള്‍ എങ്ങനെയോ അപ്രകാരമുള്ള ഒര് തരം പ്രയത്‌നമുണ്ടാക്കിക്കൊണ്ടിരുന്നു ഹൃദയം…
വളരെ നേരം വിങ്ങി വിങ്ങി ത്രസിച്ചിരുന്ന ഹൃദയം ഇപ്പോള്‍ എന്തോ- ഒര് പക്ഷേ, ജീവന്‍ പോകുന്നതിന്റെ സൂചന ആയിട്ടാവാം തെല്ലൊന്ന് മന്ദഗതിയിലായി. പതിയെ പതിയെ കര്‍ണപുടങ്ങളില്‍ അത് ചെണ്ടമേളം പോലെയും, ശേഷം മെല്ലെ മെല്ലെ അതിനൊര് ലയം വന്ന് തുടങ്ങി. എഴുന്നള്ളത്ത് തറയില്‍ പ്രവേശിച്ചു കഴിഞ്ഞാലെന്ന മാതിരി.
ഈ മേളം അവസാനിക്കുമ്പോള്‍ -അത് എപ്പോഴാണെന്ന് അറിയില്ലെങ്കിലും, അല്ലെങ്കില്‍ അതിന് മുമ്പായി തന്നെ, നെടൂള്ളാന്‍(1) ചെവികളിലൂടെ ഉള്ളില്‍ കടത്തിവിട്ട തീ പടര്‍ന്ന് പടര്‍ന്ന് ഹൃദയത്തിന് പിടിക്കുമ്പോള്‍ അത് പൂവെടി പോലെ പൊട്ടിത്തെറിച്ച്…
‘ഹള്ളോ- എന്റെ പടച്ചോനേ… നീ ഇസ്സെക്കന്റില്‍ തന്നെ അതങ്ങ് നടത്തിയെങ്കില്‍…!’
രാത്രിയത്തെ കളികാണാന്‍, നോക്ക്- ഒറ്റക്ക് പോകേണ്ട കേട്ടോ? വിവരം അറിഞ്ഞ ചങ്ങാതിമാരില്‍ നല്ലവരായവരെല്ലാം ഇങ്ങനെ ഉപദേശിച്ചിരുന്നു. എന്നാല്‍ അതൊന്നും തീരെ ചെവിക്കൊണ്ടില്ല. അതിന്റെയെല്ലാം കൂലിയാവും ഇക്കിട്ടുന്നതെല്ലാം. വീട്ടുകാരാണെങ്കില്‍ പോയ സ്ഥലമോ കാര്യമോ പിടികിട്ടാതെ ബേജാറാവുന്നുമുണ്ടാവും.
ഓരോ അടിവെയ്ക്കുമ്പോഴും പിണഞ്ഞുപോകുന്ന കാലുകളുമായി നൈവരണി ശ്രീകൃഷ്ണക്ഷേത്രത്തിന് ഇപ്പുറത്തെ തോടിന് അടുത്ത് ഏതോ വിധേന അവന്‍ എത്തി.
വെളിച്ചം തീരെ അപര്യാപ്തമായതിനാല്‍ കാഴ്ച വേണ്ടുവോളം നീളുന്നുണ്ടായിരുന്നില്ല. എങ്കിലും അവന് ഒര് തോന്നല്‍ പാലത്തില്‍ ഒര് രൂപം നില്‍ക്കുന്നതായി.
ഉടന്‍ തന്നെ പേടിവരുമ്പോള്‍ ചൊല്ലുന്ന-പള്ളി ദര്‍സില്‍ വെച്ച് ബീരാന്‍ മുസ്‌ലിയാര്‍ പഠിപ്പിച്ചു കൊടുത്ത ‘ഹസ്ബുനള്ളാഹു വ നിഅ്മല്‍ വക്കീല്‍’ എന്ന മന്ത്രം അവന്‍ പലവട്ടം ഉരുവിട്ടു.
പക്ഷേ… കൊടും പേടി കണ്ണുകളെ തുറിപ്പിച്ചപ്പോള്‍ ആ രൂപം ശ്രീകൃഷ്ണനാണോ എന്ന ഒര് പ്രതീതി. സന്ദേഹ നിവൃത്തിക്കായി കണ്ണ് തിരുമ്മി ഒന്ന് കൂടി നോക്കി. അതേ, ശ്രീകൃഷ്ണന്‍ തന്നെ…!
ഭഗവാന്‍ ഓടക്കുഴല്‍ ഊതുന്ന അംഗവിന്യാസത്തില്‍!!
പിന്നെ ഒരു നിമിഷം പോലും ആവും മുമ്പേ ആയിരുന്നു ഭഗവാന്‍ തന്റെ ഖുദ്‌റത്ത്(2) പ്രത്യക്ഷമാക്കിയത്… പ്രകൃതിവെളിച്ചം നന്നേ ഇല്ലാതായി. അശേഷം ഒന്നും കാണാന്‍ പറ്റാത്തവിധം കഠിനമായ ഇരുട്ട്.
‘ഇഞ്ഞേടുന്നാടോ ഇന്നട്ടപ്പാതിര കയിഞ്ഞേരം…?’
കാണാന്‍ കഴിയുന്നില്ലെങ്കിലും ചെവി ഓര്‍മ്മ നശിച്ചിട്ടില്ലെന്ന് ഇരുട്ടിലൂടെ വന്ന ചോദ്യം ബോധ്യപ്പെടുത്തി.
ങാഹേ…! ങുഹും… അത് കൃഷ്ണനല്ല! ശ്രീകൃഷ്ണനാണെങ്കില്‍ ഭാഷ ഇമ്മാതിരിയോ? നീ, എവിടുന്നാ ഈ അര്‍ദ്ധരാത്രി കഴിഞ്ഞ നേരത്ത് എന്നാണ് ചോദിക്കുക.
ഇപ്പോള്‍ കേട്ടു പാലത്തിന് താഴെ വെള്ളത്തില്‍ ശ്ര്‍ര്‍ര്‍… എന്ന ഒച്ച. ഹാ… ള്ളോ…’
ഏതോ അസാധാരണ ജീവി പറന്നുവന്നു വീണതാണെന്ന് തോന്നി അവന്‍ നിലവിളിച്ചു പോയി.
‘ഹള്ള- വലേട്യോ ചൊറഞ്ഞോ പടച്ചോനേ?’
ആ രൂപത്തിന്റെ ശബ്ദം വീണ്ടും, രൂപം അതിനോട് തന്നെ ചോദിക്കുമ്പോള്‍ കേട്ടു.
തോട്ടില്‍ വലവീശിയപ്പോള്‍ വലയുടെ വായവട്ടത്ത് ഘനത്തിനായി ഘടിപ്പിച്ച കടിയ(3) നിര വെള്ളത്തില്‍ പതിച്ച ശബ്ദമായിരുന്നു അതെന്നും. വലവീശാനായി ആള്‍ വല നിവര്‍ത്തി വലയുടെ ഒരു ഭാഗം ഇടതു കൈമുട്ടിലൂടെ അതേഭാഗത്തേക്ക് തൂക്കിയിട്ടും ബാക്കിഭാഗം വലതു കൈവിരലുകള്‍ക്കിടയില്‍ തെറുത്തു പിടിച്ചും വലതു കാലിന് കൂടുതല്‍ കരുത്ത് കൊടുത്തു മുന്നോട്ടും ഇടതുകാല്‍ പിന്നോട്ടും വെച്ച് തല അല്പം ഉയര്‍ത്തി ചിരിച്ചുകൊണ്ടും നില്‍ക്കുന്ന ദൃശ്യമാണ് ശ്രീകൃഷ്ണനെപ്പോലെ തോന്നിച്ചതെന്നും ആ സ്വയം പറച്ചിലിലൂടെ വ്യക്തമായി.
എങ്കിലും അവനില്‍ ആ പേടിയങ്ങു വിട്ടുമാറുന്നില്ല.
ഇരുട്ടാണെങ്കിലും ആളെ ഇപ്പോള്‍, അയാള്‍ വീണ്ടും എന്തോ പറഞ്ഞതോടെ തികച്ചും സ്പഷ്ടമായി. പൂവത്താടി, ഏറജ്ബ്ക്ക എന്ന, നാട്ടുകാര്‍ റങ്കൂണ്‍ ഏറജ്ജ്ബ്വാക്ക എന്ന് വിളിക്കുന്ന മനുഷ്യന്‍!
എന്നിരുന്നാലും ദുനിയാവില്‍ ഒര് കുട്ടിപോലും ഉണര്‍ന്നതായി ഇല്ലാത്ത ദുനിയാവ് തന്നെയും ബോധം കെട്ട് ഉറങ്ങുന്ന ഈ കനത്ത ഏകാന്തതയില്‍ തനിച്ച് വലയിടുന്ന മനുഷ്യന്‍… ആ അസാധാരണ ധൈര്യം… ഹോ… ന്റുമ്മോ…!
അവനില്‍ ഉളവായ ആശ്ചര്യം ഇപ്പോള്‍ പെട്ടെന്ന് എല്ലാ ഭയത്തെയും ഇടപാഞ്ഞു പൊങ്ങാന്‍ തുടങ്ങി, ഒപ്പം അവന്റെ മനോദൃഷ്ടികളും ഉയര്‍ന്ന് അതിനെ മേല്‌പോട്ടു തള്ളിത്തള്ളി അനുഗമിച്ചുകൊണ്ടിരിരുന്നു. അങ്ങ് അത്യുന്നതിയില്‍ കൊണ്ടുപോയി ആത്മാവില്‍ അതൊന്ന് ആവിഷ്‌ക്കരിക്കണമെന്ന ലക്ഷ്യത്തോടെ രണ്ട് മൂന്ന് നാഴികകള്‍ കൂടി കഴിഞ്ഞാല്‍ ഉദിക്കാനിരിക്കുന്ന കൊറ്റി സ്ഥിതി ചെയ്യുന്ന സ്ഥാനം വരെ എത്തി!
nai-4ഈ ആകൃതി ഇന്‍സ്(4) തന്നെയോ അതോ ജിന്നോ? (5)
ആ ചോദ്യാടയാളം ഉള്ളില്‍ നിവരുമ്പോഴേക്കും അവന്‍ ശൈത്താനിയത്തി(6)ല്‍ പെട്ടതുപോലെ ആയി. ഇപ്പോള്‍ ഈ സത്വം എന്തെന്ന് നിഗമിക്കാന്‍ കഴിയാതെ അവന്റെ മനസ്സ് ഉഴറി.
ജാഗ്രതയോടും പേടിയോടും അവന്‍ നാലു ചുറ്റും ശ്രദ്ധിക്കെ, ‘ആ മനുഷ്യ രൂപം, ശബ്ദവും മിഥ്യയാണ് മിഥ്യയാണ്.’ എന്ന് ഏതോ ഒരു ശക്തി തോടിന് ഇരുകൈകളിലും സമൃദ്ധമായി വളര്‍ന്ന തവിളിച്ചെടികളുടെ കുണ്ട(7)യില്‍ നിന്ന് പതുക്കെ പതുക്കെ പറയുന്നത് അവന്‍ കേട്ടുകൊണ്ടിരുന്നു.
ഇപ്പോള്‍ അയാളെ അവന്‍ ശ്രീകൃഷ്ണനെക്കാളും കുട്ടിച്ചാത്തനെക്കാളും ഒറ്റമുലച്ചിയെക്കാളും ജിന്നി(8)നെക്കാളും റൂഹാനി(9)യെക്കാളും മറ്റെല്ലാ പിശാചുകളെക്കാളും ഭയപ്പെട്ടുകൊണ്ടിരുന്നു.
അവനിലെ പേടി വീണ്ടും-എഞ്ചിന്‍ ഓഫ് ചെയ്യാതെ നിറുത്തിയിട്ട ഒരു വാഹനം കണക്കെ അവനെ കമ്പിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ആ നില കുറേ സമയം നീണ്ടു. പിന്നെ എന്തോ പെട്ടനെയാണ് ആ പ്രകൃതം മാറിയത്. അവനിപ്പോള്‍ വെളിച്ചപ്പാടിന്റെ മുറ ഉറയാന്‍ തുടങ്ങി.
നിങ്ങളൊരു ശൈത്താനാ, പെരും ശൈത്താന്‍’എന്ന് ചാലിയതെരുവിലെ നെടൂള്ളാനെ(1)ക്കാള്‍ അത്യുച്ചത്തില്‍ വിളിച്ചു കൂവി. തുടര്‍ന്ന് അത് തന്നെ അങ്ങനെ ആവര്‍ത്തിച്ചുകൊണ്ടിരുന്നു.
അവന്റെ ശ്വാസോച്ഛാസം പൊടുന്നനെ ഏതോ പിശാചു ബാധ ഏറ്റവിധം അതിവേഗത്തിലും ഉച്ചത്തിലുമായി. ശേഷം എന്തൊക്കെയോ അവ്യക്തമായി പുലമ്പിയും ഞരങ്ങിക്കൊണ്ട് പിറുപിറുത്തും ഒരു മരണപ്പാച്ചിലായിരുന്നു. എങ്ങോട്ടെന്നില്ലാതെ അവന്‍…

………………………………………………………………………..

(1) കാലന്‍ കോഴി (2) ശക്തി (3) ഈയക്കട്ട (4) മനുഷ്യന്‍ (5) അമാനുഷന്‍ (6) ചെകുത്താന്റെ കുടുക്ക് (7) കട (8) അറബിക്കഥകളിലെ അമാനുഷ കഥാപാത്രം (9) പ്രേതം

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss