|    Jun 19 Tue, 2018 12:56 am
Home   >  Life  >  Travel and Food  >  

നൈലിന്റെ തീരങ്ങളിലൂടെ

Published : 23rd August 2015 | Posted By: admin

NILE

തീരം ചേര്‍ത്തു നിരനിരയായി നിര്‍ത്തിയിട്ട നൗകകളില്‍ കയറിയിറങ്ങിയും നൈലിന്റെ കല്ലോലങ്ങളില്‍ ആലോലമാടുന്ന ചെറുവള്ളങ്ങളെ ബന്ധിപ്പിച്ച ഒറ്റയടിപ്പാലങ്ങളില്‍ ഊഞ്ഞാലാടിയും തീരത്തുനിന്ന് ഏറെ അകലെയായി നങ്കൂരമിട്ട കൊച്ചുകപ്പലിന്റെ കവാടത്തിലെത്തി. ‘റംസീസ്2’ സ്വര്‍ണവര്‍ണത്തില്‍ കപ്പല്‍കവാടത്തില്‍ വലിയ അക്ഷരത്തില്‍ എഴുതിവച്ച പേര്. പ്രവാചകന്‍ മൂസായുടെ പ്രതിയോഗിയുടെ നാമം ചാര്‍ത്തി സര്‍വാഡംബരവിഭൂഷിതയായി എടുപ്പോടെ നൈല്‍നദിയില്‍ ഫറോവ നിറഞ്ഞുനില്‍ക്കുന്നു! കപ്പലിന്റെ മേല്‍ത്തട്ടില്‍ വിശ്രമത്തിനു നിരത്തിയിട്ട ചാരുകസേരകളിലൊന്നില്‍ ഞാന്‍ നൈല്‍നദിയുടെ ഓളപ്പരപ്പുകള്‍ നോക്കിക്കിടന്നു. ചക്രവാളത്തില്‍നിന്ന് അസ്തമയത്തിന്റെ ചായക്കൂട്ടുകള്‍ കറന്നു നൈലിലെ കുഞ്ഞോളങ്ങള്‍ തീര്‍ത്ത വര്‍ണവിസ്മയജാലം. കടല്‍പ്പരപ്പില്‍ ചാടിമറയുന്ന വെള്ളിമീനുകള്‍. ദൂരെ ഒരു ചാരുചിത്രത്തിന്റെ അതിര്‍വരകള്‍ പോലെ മാടിവിളിക്കുന്ന ഹരിതതീരങ്ങള്‍. മനം തണുപ്പിക്കുന്ന കുളിര്‍കാറ്റേറ്റ് റംസീസിന്റെ മട്ടുപ്പാവില്‍ നൈല്‍ ജലത്തിലേക്കു കണ്ണുനട്ടിരുന്ന എന്റെ മനസ്സിലേക്ക് ഒരു മഹാ പ്രവാചകന്റെ പുറപ്പാട് പ്രതീക്ഷിതമായിത്തന്നെ വിരുന്നിനെത്തി.

NILE2

 ഈ ജലോപരിതലത്തിലെ കല്ലോലങ്ങളിലാണ് പിറപ്പിന്റെ ആദ്യനാളില്‍ മൂസ ഒരു കൊച്ചു മരപ്പെട്ടിയില്‍ ഫറോവയുടെ കൊട്ടാരം തേടിപ്പോയത്. ജലത്തില്‍ മുങ്ങിമരിക്കാന്‍ വിധിക്കപ്പെട്ടവന്റെ സവിധത്തിലേക്കുള്ള മൂസയുടെ ആദ്യ യാത്ര. സംരക്ഷകനും സംഹാരകനുമാകുന്ന ജലപിണ്ഡം. ഫറോവയിലേക്കുള്ള ആദ്യ യാത്രയില്‍ മൂസയ്ക്ക് പരവതാനി വിരിച്ചതും വിമോചനത്തിന്റെ പുറപ്പാടു യാത്രയില്‍ സ്വയം പിളര്‍ന്ന് ഒതുങ്ങിമാറി കടല്‍പ്പാത ഒരുക്കിയതും പൂര്‍വരൂപം പ്രാപിച്ച അടിയൊഴുക്കുകള്‍ റംസീസിന്റെ പടയോട്ടത്തിന് അന്ത്യം കുറിച്ചതും ദൈവനിയോഗം. പഞ്ചഭൂതങ്ങളില്‍ കാറ്റും ജലവും അഗ്‌നിയും ദൈവത്തിന്റെ വരായുധങ്ങളാണ്. എത്രയെത്ര ജനതയെയാണ് ഇവ തൂത്തുകളഞ്ഞത്. ഏതോ ജലപിണ്ഡശേഖരത്തില്‍ നിന്നുയര്‍ന്നുപൊങ്ങി മേഘമാലകളായി കാറ്റിനൊപ്പം വിദൂരസഞ്ചാരം ചെയ്തു മറ്റെവിടെയോ പെയ്തിറങ്ങുന്ന ജലകണികകള്‍ എല്ലാ അതിര്‍വേലികളും തകര്‍ത്തു ദൈവത്തിന്റെ ഭൂമിയിലാകെ പരന്നെത്തുന്നു. മൂസായുടെ പെട്ടകം വഹിച്ചൊഴുകിയ നൈല്‍ജലം ഇന്നൊഴുകുന്നത് യൂഫ്രട്ടീസിലോ തെംസിലോ പെരിയാറിലോ ആയിരിക്കാം.

ദീര്‍ഘകാലം അരികുജീവിതം തീര്‍ത്ത ഒരു സമൂഹം. അവരുടെ ഒറ്റപ്പെട്ട രോഷങ്ങള്‍ക്കു പോലും രാജനിന്ദയുടെ പട്ടം ചാര്‍ത്തിയ ഭരണകൂടം. ഇവരുടെ വിമോചനസ്വപ്‌നങ്ങള്‍ക്ക് ത്വരകമായത് മൂസാ നബിയുടെ വിമോചനപാഠങ്ങള്‍ തന്നെയാണ്.


ജലചിന്തുകളില്‍ നിന്നുണര്‍ന്ന് തുടര്‍യാത്രയുടെ രൂപരേഖാ നിര്‍ണയത്തിനായി ഞാന്‍ അമീറ ഹുസ്‌നിയെ വിളിച്ചു. അമീറയാണ് രണ്ടു വാരം നീണ്ടുനില്‍ക്കുന്ന എന്റെ ഈജിപ്ഷ്യന്‍ യാത്രയുടെ പ്രായോജക. ഫറോവമാരെ വിട്ടു മൂസാ പ്രവാചകന്റെ ചരിത്രപാതയിലൂടെ വഴിയൊരുക്കാനുള്ള എന്റെ അഭ്യര്‍ഥന മാനിച്ച് അന്വേഷണയാത്രയ്ക്ക് പുതിയ യാത്രാസഹായിയെത്തി: അഹ്മദ് ത്വാഹ. അയാള്‍ക്ക് ഖാലിദിനെപ്പോലെ ചടുലമായ അംഗവിക്ഷേപങ്ങളോ സംഭാഷണചാതുരിയോ ഇല്ല. പതിഞ്ഞ സ്വരത്തില്‍ ഓര്‍ത്തെടുക്കുന്ന ഇംഗ്ലീഷ്‌വാക്കുകള്‍ കൂട്ടിവച്ച് സാവകാശം സംസാരിക്കുന്ന അഹ്മദിന്റെ വാക്കുകള്‍ക്കിടയില്‍ ധ്വനിപ്പിച്ചുനിര്‍ത്തുന്ന ഒരായിരം ആഖ്യാനങ്ങളുണ്ട്. അയാളുടെ മുഖത്തു മിന്നിമറിയുന്ന ചുളിവുകളും മുദ്രകളും വിവര്‍ത്തനം ചെയ്തുതരുന്നത് ചരിത്രത്തിന്റെ പുളകങ്ങള്‍ തന്നെയാണ്. ഇനി യാത്ര അഹ്മദിനൊപ്പം… പഴയ കെയ്‌റോയിലെ ഇടുങ്ങിയ തെരുവ്. വഴിക്കിരുപുറവും തിങ്ങിനില്‍ക്കുന്ന നിറംമങ്ങിയ പഴങ്കെട്ടിടങ്ങളില്‍ നിന്ന് വഴിവക്കിലേക്കുന്തിനില്‍ക്കുന്ന ബാല്‍ക്കണികളും അവയില്‍ നിന്നു പുറത്തേക്കു നീട്ടിക്കെട്ടിയ കയറുകളില്‍ കാറ്റേറ്റുണങ്ങുന്ന വസ്ത്രസമൃദ്ധികളും തീര്‍ത്ത തണല്‍പ്പാതയിലൂടെ അഹ്മദ് എന്നെ ബിന്‍ ഇസ്രാ സിനഗോഗിലേക്കു വഴികാണിക്കുകയാണ്.ഇടുങ്ങിയ പാത ചെന്നവസാനിക്കുന്നിടത്ത് പട്ടാളക്കാവലില്‍ സിനഗോഗിന്റെ കവാടം. അകത്ത് ഈജിപ്തിലെ പൗരാണിക ജൂതദേവാലയം. നൈല്‍പ്രവാഹം കൊണ്ടുവന്ന മൂസയെ ഫറോവയുടെ അന്തപ്പുരസ്ത്രീകള്‍ കണ്ടെടുത്ത രാജകുളിക്കടവ് നിന്നിടത്താണത്രേ ഈ ദേവാലയം.നൈലിന്റെ കൈവഴി ഒരുകാലത്ത് ഇതുവഴി ഒഴുകിയിരുന്നതോ അല്ല രാജകീയ സ്‌നാനസ്ഥാനത്തേക്കു നൈല്‍ജലം ചാലു വെട്ടിയൊഴുക്കിയിരുന്നതോ? ഒരു നദീജലപ്രവാഹവും ഇന്നവിടെ ബാക്കിയില്ല. സിനഗോഗിനകത്ത് അലങ്കരിച്ച പ്രാര്‍ഥനാസ്ഥാനങ്ങള്‍ക്കരികിലായി പുല്ലുപേടകത്തിന്റെ മാതൃകയില്‍ നിര്‍മിച്ച രൂപം. ആദികാലത്ത് കോപ്റ്റിക് ചര്‍ച്ചിന്റെ കീഴിലായിരുന്നു ഈ ജൂതദേവാലയം.

NILE3

കരമൊടുക്കാന്‍ കാശിനായി ജറുശലേമുകാരന്‍ ബിന്‍ ഇസ്രാക്ക് അവര്‍ ഇരുപതിനായിരം ദീനാറിനു വിറ്റുകളഞ്ഞു. ദേവാലയത്തിന്റെ ചരിത്രത്തിനൊപ്പം അഹ്മദ് ജൂതചരിത്രവും പറഞ്ഞുതുടങ്ങി. ഏതോ ഒരു ഫറോവയുടെ കാലത്ത് താളം തെറ്റിയ സാമ്പത്തികസമവാക്യങ്ങള്‍ തിരുത്തിയെഴുതാന്‍ നിയോഗം ലഭിച്ച മഹാനായ ഇസ്രാഈല്‍ പുത്രന്‍ യൂസുഫ് പ്രവാചകനെയും അദ്ദേഹത്തെ ബാല്യത്തിലേ ഫലസ്തീനില്‍ നിന്നു കുടിലതയോടെ നിഷ്‌കാസനം ചെയ്ത അര്‍ധസഹോദരങ്ങളെയും ചെമ്പട്ടു വിരിച്ചു സ്വീകരിച്ച ഈജിപ്ത്. ഇവരുടെ ജനിതക വൈരുദ്ധ്യങ്ങള്‍ സ്വാംശീകരിച്ച് തങ്ങളില്‍ കലഹിച്ചു വികാസം കൊണ്ട പിന്‍തലമുറകളെ വിദേശിവര്‍ഗമെന്ന മുദ്ര ചാര്‍ത്തി മനുഷ്യാവകാശങ്ങള്‍ നിഷേധിച്ച് അടിമകളാക്കിമാറ്റാന്‍ ഫറോവമാരുടെ പിന്‍ഗാമികള്‍ക്ക് ഏറെയൊന്നും ആയാസപ്പെടേണ്ടിവന്നില്ല. അതിന്റെ ഗുണഫലം അനുഭവിച്ച ഈജിപ്ഷ്യന്‍ വരിഷ്ഠസമൂഹത്തിനു കളങ്കപ്പെടുന്ന സാംസ്‌കാരികപൈതൃകത്തിന്റെയും ദേശസ്‌നേഹത്തിന്റെയും വര്‍ണകവചങ്ങളില്‍ മുഖമൊളിപ്പിച്ചു രാജപക്ഷം ചേരാനും ക്ലേശിക്കേണ്ടിവന്നില്ല. ദീര്‍ഘകാലം അരികുജീവിതം തീര്‍ത്ത ഒരു സമൂഹം. അവരുടെ ഒറ്റപ്പെട്ട രോഷങ്ങള്‍ക്കു പോലും രാജനിന്ദയുടെ പട്ടം ചാര്‍ത്തിയ ഭരണകൂടം. ഇവരുടെ വിമോചനസ്വപ്‌നങ്ങള്‍ക്ക് ത്വരകമായത് മൂസാ നബിയുടെ വിമോചനപാഠങ്ങള്‍ തന്നെയാണ്. ബിന്‍ ഇസ്ര ദേവാലയത്തിന്റെ അകത്തളത്തിലെ വര്‍ണച്ചമയങ്ങള്‍ എന്റെ ചിന്തകളെ ഈ മണ്ണിന്റെ പൗരാണിക ചരിത്രവീഥികളിലൂടെ ശീഘ്രം തിരിച്ചുനടത്തി.”’മൂസാ പ്രവാചകന്റെ ചരിത്രശേഷിപ്പുകളൊന്നും ഇന്ന് ഈ ആഫ്രിക്കന്‍ ഈജിപ്തില്‍ ബാക്കിയില്ല. അതു കാണണമെങ്കില്‍ നമുക്കിനി സൂയസിനപ്പുറം സീനായ് മരുഭൂമിയിലേക്കു പോകേണ്ടിവരും”’അഹ്മദ് വിനയത്തോടെ കുനിഞ്ഞുനിന്നു. പുറപ്പാടിനു മുമ്പും പിമ്പുമുള്ള ഫറോവമാരുടെ ചരിത്രസ്മാരകങ്ങള്‍ പൈതൃകം പോലെ കാത്തുവച്ച ഈജിപ്തുകാര്‍ പക്ഷേ ഒരു മഹാപ്രവാചകന്റെ ഓര്‍മക്കുറിപ്പില്‍ അല്‍പ്പമെങ്കിലും കരുതിവയ്ക്കാന്‍ എന്തേ മറന്നുപോയി? മൂസാ നബി അവര്‍ക്കാരാണ്? (തുടരും)

 

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss