|    Sep 24 Mon, 2018 12:23 am
FLASH NEWS

നൈട്രജന്‍ ടാങ്കര്‍ലോറിക്കു പിന്നില്‍ ടോറസിടിച്ചു

Published : 21st January 2017 | Posted By: fsq

 

കളമശ്ശേരി: നിര്‍ത്തിയിട്ട നൈട്രജന്‍ ടാങ്കര്‍ ലോറിക്കു പിന്നില്‍ ടോറസ് ലോറിയിടിച്ച് വാതകം ചോര്‍ന്നത് പരിഭ്രാന്തി പരത്തി. ഇടിയുടെ ആഘാതത്തില്‍ തകര്‍ന്ന ടാങ്കര്‍ ലോറിയുടെ വാല്‍വ് ഫയര്‍ഫോഴ്‌സ് എത്തി അടച്ചു. ഇന്നലെ രാവിലെ ആറിന് എച്ച്എംടി മെഡിക്കല്‍ കോളജ് റോഡില്‍ സീപോര്‍ട്ട് റോഡിനു സമീപമാണ് അപകടം. പോണ്ടിച്ചേരിയില്‍നിന്നും ബിപിസിഎല്ലിലേക്കു കൊണ്ടുപോവുന്നതായിരുന്നു നൈട്രജന്‍. സീപോര്‍ട്ട്്്-എയര്‍പോര്‍ട്ട് റോഡിനു സമീപം വേബ്രിഡ്ജില്‍ തൂക്കം പരിശോധിക്കുന്നതിനായി നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിക്കു പിന്നിലാണ് ടോറസ് ലോറി ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ടാങ്കര്‍ ലോറിയുടെ വാല്‍വ് തകര്‍ന്നതാണ് വാതകചോര്‍ച്ചയ്ക്കു കാരണമായത്. വാതകം ചോര്‍ന്നതിനെത്തുടര്‍ന്ന് കാല്‍നടക്കാര്‍ക്കും വാഹനയാത്രക്കാര്‍ക്കും ചെറിയതോതില്‍ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. വിവരമറിയിച്ചതിനെത്തുടര്‍ന്ന് ഫയര്‍ഫോഴ്‌സും പോലിസും സംഭവസ്ഥലത്തെത്തി. ഏലൂര്‍ ഫയര്‍ഫോഴ്‌സ് സ്‌റ്റേഷന്‍ മാസ്റ്റര്‍ ജൂഡ് തദേവൂസിന്റെ നേതൃത്വത്തിലെത്തിയ ഫയര്‍ഫോഴ്‌സ് യൂനിറ്റ് ചോര്‍ന്ന നൈട്രജന്‍ നിര്‍വീര്യമാക്കുകയും ടാങ്കറിന്റെ വാല്‍വ് അടയ്ക്കുകയും ചെയ്തു. ഏലൂരില്‍നിന്നും കൂടാതെ ആലുവ, ഗാന്ധിനഗര്‍, തൃക്കാക്കര എന്നിവിടങ്ങളില്‍ നിന്നും ഫയര്‍ഫോഴ്‌സ് യൂനിറ്റ് എത്തിയിരുന്നു. ടാങ്കര്‍ ലോറിക്ക് പിന്നിലിടിച്ച ടോറസ് ലോറിയുടെ മുന്‍ഭാഗം ഇടിയുടെ ആഘാതത്തില്‍ ഭാഗികമായി തകര്‍ന്നു. ലോറിയിടിച്ചതിനെത്തുടര്‍ന്ന് വാതകം  ചേരുന്നതു കണ്ട ലോറി ഡ്രൈവര്‍ ലോറിയില്‍നിന്നും ഇറങ്ങിയോടി. അപകടത്തെത്തുടര്‍ന്ന് റോഡില്‍ കിടന്ന ടോറസ് ലോറി ക്രെയിന്‍ ഉപയോഗിച്ചാണ് നീക്കിയത്. അരമണിക്കൂറിനകം ഫയര്‍ഫോഴ്‌സ് യൂനിറ്റ് എത്തി ചോര്‍ന്ന വാതകം നിര്‍വീര്യമാക്കിയതും വാല്‍വ് അടച്ചതിനാലും വന്‍ ദുരന്തം ഒഴിവായി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss