|    Nov 13 Tue, 2018 1:34 am
FLASH NEWS
Home   >  Todays Paper  >  page 6  >  

നൈജീരിയ സുദാനില്‍ തന്നെയാണ്‌

Published : 5th April 2018 | Posted By: kasim kzm

മുഹ്‌സിന്‍ ആറ്റാശ്ശേരി
കോളജ് പഠനകാലത്ത് നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള സഹപാഠികള്‍ ഉണ്ടായിരുന്നു. ഇറുകിയ കണ്ണുകളും പരന്ന നെറ്റിയുമുള്ള ഈ കൂട്ടര്‍ മുഴുവന്‍ മണിപ്പൂരികളായിരുന്നു. നാഗാലാന്‍ഡുകാരനും അരുണാചല്‍കാരനും എന്തിനധികം, അയല്‍രാജ്യമായ ഭൂട്ടാനില്‍ നിന്നുള്ള വിദ്യാര്‍ഥികളടക്കം മണിപ്പൂരി തന്നെ. സുദാനി ഫ്രം നൈജീരിയ എന്ന തലവാചകം കണ്ടപ്പോള്‍ മണിപ്പൂരിയാവേണ്ടിവന്ന ഭൂട്ടാനി സുഹൃത്തിന്റെ പ്രതിഷേധങ്ങളാണ് ഓര്‍ത്തത്. പോപുലര്‍ കള്‍ച്ചറില്‍ പേരുകള്‍ക്ക് ഐഡന്റിറ്റിയില്‍ വലിയ പ്രാധാന്യമുണ്ട്. ഈ പേരുകളാവട്ടെ, വിചിത്രമായ രാഷ്ട്രീയങ്ങള്‍ പേറുന്നവയുമാണ്.
ഇവിടെ സുദാനി ഫ്രം നൈജീരിയ എന്ന പേരുതന്നെ ശ്രദ്ധിച്ചാല്‍ സൂക്ഷ്മമായ സ്വത്വപ്രതിസന്ധി അതു വിളിച്ചുപറയുന്നത് കാണാം. നൈജീരിയ എന്ന രാജ്യത്തിലെ പൗരനെ മലപ്പുറത്ത് എത്തുമ്പോള്‍ സുദാനി എന്നു ‘തെറ്റായി’ അഭിസംബോധന ചെയ്യുന്നുവെന്ന ബോധം ഇതിലടങ്ങിയിരിക്കുന്നു. മലബാറുകാരന് ഗള്‍ഫ് കുടിയേറ്റം വഴി ലഭിച്ചതാവാം ഈ ‘തെറ്റായ’ പ്രയോഗം എന്നും ധ്വനിപ്പിക്കുന്നു. എന്നാല്‍, മറിച്ചും ചില ചരിത്രവസ്തുതകളുണ്ട് എന്നറിയുക.
2011 വരെ ആഫ്രിക്കയിലെ ഏറ്റവും വലിയ രാജ്യമായിരുന്നു സുദാന്‍. ഇന്ന് ദക്ഷിണ സുദാന്‍ സ്വതന്ത്രരാജ്യമാണ്. ഇത്രയുമാണ് ‘സുദാനെ’ക്കുറിച്ചുള്ള സാമാന്യമായ അറിവ്. ഈജിപ്തിന് തെക്കായും ഏത്യോപ്യക്ക് വടക്കായും സ്ഥിതിചെയ്യുന്ന ദേശരാഷ്ട്രത്തെയാണ് ലോകഭൂപടത്തില്‍ ഇന്നു കാണുക. എന്നാല്‍, ഇത് കാഴ്ചയുടെ ചെറിയൊരംശം മാത്രമേ ആവുന്നുള്ളൂ.
കറുത്ത മനുഷ്യരെ കുറിക്കുന്ന പദമായ (അസ്‌വദ്, സൗദാ എന്നീ അറബിവാക്കുകളില്‍ നിന്ന് ഉദ്ഭവം) സുദാന്‍ എന്ന വാക്ക് ഇന്ന് മഗ്‌രിബ് എന്നറിയപ്പെടുന്ന മേഖലയ്ക്കു തെക്കുഭാഗത്ത് കിടക്കുന്ന സഹാറാ മരുഭൂമിക്കും തെക്ക് പുല്‍മേടുകളും വരണ്ട ഭൂമിയും അടങ്ങുന്ന വിശാലമായ ഭൂപ്രദേശത്തെയാണു സൂചിപ്പിച്ചിരുന്നത്. ഇന്നത്തെ സുദാന്‍, ദക്ഷിണ സുദാന്‍ രാജ്യങ്ങള്‍ക്കു പുറമെ ഛാഡ്, നൈജര്‍, നൈജീരിയ, ബുര്‍ക്കിനോഫാസോ, മാലി, ഘാന, ബെനിന്‍ തുടങ്ങി ആഫ്രിക്കയുടെ മധ്യ പശ്ചിമതീരത്ത് സ്ഥിതിചെയ്യുന്ന സെനഗലിന്റെ ഭാഗങ്ങളടക്കം ഉള്‍ക്കൊള്ളുന്ന അയ്യായിരത്തോളം കിലോമീറ്റര്‍ നീണ്ടുകിടക്കുന്ന വിശാലമായ പ്രദേശമാണ് സുദാന്‍ എന്ന് അറിയപ്പെട്ടിരുന്നത്. അങ്ങനെ നോക്കുമ്പോള്‍ നൈജീരിയ സുദാന്റെ ഭാഗമാണ്!
ഭൂമിശാസ്ത്രപരമായ പേരുകള്‍ക്കും ഭൂപ്രദേശങ്ങള്‍ക്കും ദേശരാഷ്ട്രരൂപങ്ങളുടെ ഉദ്ഭവത്തിനുശേഷം സംഭവിക്കുന്ന അര്‍ഥവ്യത്യാസങ്ങളുടെ നല്ലൊരു കാഴ്ചയാണിത്. നാഗരികതകളുടെ പടയോട്ടങ്ങളും കോളനിക്കാരുടെ കപ്പലോട്ടങ്ങളും രാജ്യാതിര്‍ത്തികളെ മാത്രമല്ല, അതിനുള്ളിലെ മനുഷ്യരുടെ ബോധങ്ങളെ തന്നെ മാറ്റിമറിക്കുമല്ലോ.
കോളനിവാഴ്ചകാലത്ത് യൂറോപ്യര്‍ മറ്റു നാടുകളെപ്പോലെ ആഫ്രിക്കയെയും പകുത്തെടുത്തു. 20ാം നൂറ്റാണ്ടാവുമ്പോള്‍ ഇന്നത്തെ സുദാന്‍ ആംഗ്ലോ ഈജിപ്ഷ്യന്‍ സുദാനായി മാറി. മാലി, നൈജര്‍, സെനഗല്‍ തുടങ്ങിയ (ഇന്നത്തെ) രാജ്യങ്ങള്‍ അടങ്ങിയ ഫ്രഞ്ച് സുദാനും ഉണ്ടായി. 1940കള്‍ വരെ ഈ ഫ്രഞ്ച് സുദാന്‍ നിലനിന്നിരുന്നു എന്നറിയുമ്പോഴാണ് അതിനുശേഷം ഈ പ്രദേശങ്ങള്‍ക്കു സംഭവിച്ച മാറ്റങ്ങളുടെ വേഗം നമ്മെ അമ്പരപ്പിക്കുക.
ആഫ്രിക്കയുടെ ഭൂപടം ഒറ്റനോട്ടത്തില്‍ തന്നെ കണ്ണിലുടക്കുക അതിലെ അസാധാരണവും അസ്വാഭാവികവുമായ നേര്‍രേഖയില്‍ വരുന്ന അതിര്‍ത്തികളാണ്. സാധാരണയായി രാജ്യാതിര്‍ത്തികള്‍ക്കു മാനദണ്ഡമാവാറുള്ള ഭൂമിശാസ്ത്ര അതിര്‍ത്തികള്‍ (നദികള്‍, പര്‍വതങ്ങള്‍ തുടങ്ങിയവ) ഇങ്ങനെ നേര്‍വരയിലാവുക സാധ്യമല്ലല്ലോ. മറ്റാരുടെയോ സൗകര്യങ്ങള്‍ക്കും മുന്‍ നിശ്ചിത താല്‍പര്യങ്ങള്‍ക്കും വേണ്ടി വരച്ചെടുത്ത ഈ അതിര്‍ത്തികള്‍ കോളനിവല്‍ക്കരണം മനുഷ്യബോധങ്ങളില്‍ തീര്‍ത്ത വടുക്കളുടെ പ്രതീകങ്ങള്‍ തന്നെ. ഈ പങ്കുവയ്പില്‍ പ്രദേശവാസികള്‍ക്ക് ഒരു റോളുമില്ല.
കോളനി അനന്തരകാലത്തും അവര്‍ നിശ്ചയിച്ച അതിര്‍ത്തികളും ഭരണരീതികളും ബോധങ്ങളും കോളനീകൃത ജനം തുടര്‍ന്നുവന്നു. ഈ അതിര്‍ത്തികള്‍ അന്യരാക്കിയ ജനതകള്‍ തീരാത്ത അതിര്‍ത്തിത്തര്‍ക്കങ്ങളിലൂടെ തമ്മിലടിച്ച് യജമാനന്മാരുടെ താല്‍പര്യങ്ങള്‍ നിറവേറ്റിവരുന്നു. ഈ ആഭ്യന്തര കലഹങ്ങള്‍ തീര്‍ക്കാന്‍ മധ്യസ്ഥന്റെ റോളില്‍ വരാറുള്ളത് പഴയ യജമാനന്മാര്‍ തന്നെയാവുന്നത് ഇന്നത്തെ കൗതുകങ്ങളില്‍പെടും.
സമാനമായ കാര്യങ്ങള്‍ ഇന്ത്യയിലും കാണാം. സിന്ധുനദീതടം മുതല്‍ ബ്രഹ്മപുത്ര തടങ്ങള്‍ വരെ വ്യാപിച്ചുകിടന്നിരുന്ന ഭൂപ്രദേശത്തെ കുറിക്കാന്‍ ഉപയോഗിച്ചിരുന്ന പദം ഇന്നു പലതരം കൂട്ടിച്ചേര്‍ക്കലുകളും വെട്ടിമാറ്റലുകളും കഴിഞ്ഞ് ദേശരാഷ്ട്രം എന്ന അര്‍ഥത്തില്‍ പ്രയോഗിക്കപ്പെടുമ്പോള്‍ ഇന്ത്യക്കുള്ളില്‍ ഇന്ത്യക്കാരല്ലാത്തവര്‍ ഉണ്ടാവുന്നു. നമ്മുടെ ചരിത്ര ആഖ്യാനങ്ങളില്‍ അയ്യായിരം വര്‍ഷങ്ങള്‍ക്കു മുന്നേ നിലനിന്നിരുന്ന ‘രാഷ്ട്രം’ എന്ന ബോധം നിര്‍മിച്ചെടുക്കുകയും ആ ‘രാഷ്ട്ര’യുക്തിക്ക് അകത്തും പുറത്തുമായി സമകാലിക രാഷ്ട്രീയയുക്തികളെ പ്രതിഷ്ഠിക്കുകയും ചെയ്തതില്‍ നിന്നാണല്ലോ ഇന്ത്യ ‘വിഭജിക്ക’പ്പെടുന്നത്. രാഷ്ട്രമായി നിലവിലില്ലാതിരുന്ന ഒന്ന് എങ്ങനെ വിഭജിക്കപ്പെടും എന്ന ചോദ്യം അപ്രസക്തമാവുന്നതും ഈ ആഖ്യാനത്തിന്റെ മറിമായം തന്നെ.                       ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss