|    Apr 25 Tue, 2017 12:29 am
FLASH NEWS

നേരേകടവ്-മാക്കേക്കടവ് ജങ്കാര്‍ സര്‍വീസ് നിര്‍ത്തുന്നു

Published : 6th November 2016 | Posted By: SMR

വൈക്കം: ഉദയനാപുരം, തൈക്കാട്ടുശ്ശേരി പഞ്ചായത്തുകള്‍ സംയുക്തമായി നടത്തിവന്നിരുന്ന നേരേകടവ്-മാക്കേക്കടവ് ജങ്കാര്‍ സര്‍വീസ് ഇന്നത്തോടെ നിലയ്ക്കും. തുറവൂര്‍-പമ്പ ഹൈവേയുടെ ഭാഗമായി നേരേകടവ്-മാക്കേക്കടവ് പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് ജങ്കാര്‍ സര്‍വീസ് നിര്‍ത്തുന്നതെന്ന് ഉദയനാപുരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സാബു പി മണലൊടി അറിയിച്ചു. നിലവിലുള്ള ജെട്ടിക്കു പകരമായി താല്‍ക്കാലിക ജെട്ടി സ്ഥാപിച്ച് സര്‍വീസ് നിലനിര്‍ത്തി കൊണ്ടുപോവാന്‍ പഞ്ചായത്ത് ഭരണസമിതികള്‍ ശ്രമിച്ചെങ്കിലും മാക്കേക്കടവ് ഭാഗത്ത് ജങ്കാര്‍ അടുപ്പിക്കുന്നതിന് ആവശ്യമായ സ്ഥലം ലഭ്യമല്ലാതെ വന്നതോടെയാണ് തൈക്കാട്ടുശ്ശേരി പഞ്ചായത്തില്‍ ചേര്‍ന്ന ജോയിന്റ് കമ്മിറ്റി സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചത്. നാളെ മുതല്‍ പൊതുമരാമത്ത് വകുപ്പ് ആലപ്പുഴ വിഭാഗം മാക്കേക്കടവ് ജങ്ഷന്‍ മുതലുള്ള ഗതാഗതം നിരോധിക്കും. സാധാരണ യാത്രക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി ഇരുപഞ്ചായത്തുകളും ചേര്‍ന്ന് ക്രമീകരണങ്ങള്‍ ഒരുക്കും. അതുവരെ പൊതുമരാമത്തും പാലം കരാറുകാരനും ചേര്‍ന്ന് യാത്രക്കാര്‍ക്കായി താല്‍ക്കാലിക സംവിധാനമുണ്ടാക്കണമെന്ന് ജോയിന്റ് കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. മാക്കേക്കടവ് ഭാഗത്ത് ബോട്ട് അടുപ്പിക്കുന്നതിനുള്ള താല്‍ക്കാലിക ജെട്ടി പിഡബ്ല്യുഡി വിഭാഗം നിര്‍മിച്ചു നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇത് നിര്‍മിക്കുന്ന മുറയ്ക്ക് യാത്രക്കാരെ കൊണ്ടുപോവുന്നതിന് ബോട്ട് സര്‍വീസ് നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ച് കരാറുകാരനെ ഏല്‍പിക്കാനാണ് പഞ്ചായത്ത് ആലോചിക്കുന്നതെന്ന് പ്രസിഡന്റ് സാബു പി മണലൊടി അറിയിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day