|    Oct 21 Sun, 2018 8:11 am
FLASH NEWS

നേരേകടവ്-മാക്കേകടവ് പാലം നിര്‍മാണപ്രതിസന്ധി തുടരുന്നു

Published : 20th December 2017 | Posted By: kasim kzm

പൂച്ചാക്കല്‍: നേരേകടവ്-മാക്കേകടവ് പാലം നിര്‍മാണപ്രതിസന്ധി തുടരുന്നു. സ്ഥല ഉടമകളുടെ യോഗം ഇന്ന് കലക്ട്രേറ്റില്‍ നടക്കും. കഴിഞ്ഞ ഒരാഴ്ചയായി ഇവിടെ പാലം നിര്‍മാണം നിലച്ചിരിക്കുകയാണ്. നിര്‍മാണത്തിന് ആവശ്യമായ സ്ഥലം കരാറുകാര്‍ക്ക് ഏറ്റെടുത്ത് നല്‍കാന്‍ കഴിയാത്തതാണ് പ്രതിസന്ധിക്ക് കാരണം. സര്‍ക്കാരും ജില്ലാ ഭരണ കൂടവുമാണ് സ്ഥലം ഏറ്റെടുത്ത് നല്‍കെണ്ടത്. പ്രശ്‌നം പരിഹരിക്കുന്നതിന്  മാക്കേക്കടവിലെ സ്ഥലം ഉടമകളുടെ യോഗം ഇന്ന്്  11.30 ന് കലക്ടറേറ്റില്‍ നടക്കും. സ്ഥല ഉടമകള്‍ അവരുടെ സ്ഥല രേഖകളുമായി എത്താന്‍ ആവശ്യപ്പെട്ട് കലക്ടര്‍ ടി വി അനുപമയാണ് യോഗം വിളിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് സ്ഥലം ഉടമകള്‍ക്ക് നോട്ടീസ് നല്‍കി. ആളില്ലാത്ത വീടുകളിലും നോട്ടീസ് കൈപ്പറ്റാന്‍ വിസമ്മതിച്ചവരുടെയും വീടിനു മുന്‍പില്‍ നോട്ടീസ് പതിച്ച ശേഷം  അതിന്റെ ഫോട്ടോയും ഉദ്യോഗസ്ഥര്‍ ശേഖരിച്ചിട്ടുണ്ട്. പാലം നിര്‍മാണത്തിന്റെ ഭാഗമായി കായലിലെ അടിസ്ഥാന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പകുതിയോളം പൂര്‍ത്തിയായി. പീയര്‍ ഘട്ടം വരെയാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്. ബീമുകള്‍ വാര്‍ക്കുന്നതിന് ആവശ്യമായ സ്ഥലം പ്രദേശവാസികളില്‍ നിന്നും സര്‍ക്കാര്‍ ഏറ്റെടുത്ത് കരാറുകാര്‍ക്ക് നല്‍കണം. സ്ഥലവില, നഷ്ടപരിഹാരം തുടങ്ങിയവയില്‍ ധാരണകള്‍ ഉണ്ടെങ്കിലും സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ണ്ണമായിട്ടില്ല. സ്ഥലം വിട്ടുനല്‍കല്‍, വില, പാലവും അപ്രോച്ച് റോഡും നിര്‍മിക്കുമ്പോള്‍ അവിടെ താമസിക്കുന്നവര്‍ക്ക് സഞ്ചരിക്കാന്‍ സര്‍വീസ് റോഡ് വേണം തുടങ്ങിയ ആവശ്യങ്ങള്‍ സംബന്ധിച്ചു ചെറിയ തര്‍ക്കങ്ങളും നിയമ നടപടികളും ആശയക്കുഴപ്പങ്ങളും നിലനില്‍ക്കുന്നുണ്ട്. സര്‍വീസ് റോഡ് അനുവദിക്കാനാവില്ലെന്ന് അധികൃതര്‍ നേരത്തെ വ്യക്തമാക്കിരുന്നു. എങ്കിലും ചിലര്‍ അതിനായി തുടര്‍ച്ചയായി ആവശ്യമുന്നയിച്ചിരിക്കുകയാണ്. ഇതെല്ലാം പരിശോധിക്കുന്നതിനാണ് കലക്ടര്‍ യോഗം വിളിച്ചിരിക്കുന്നത്. കൂടുതല്‍ ചര്‍ച്ചകളും തീരുമാനങ്ങളും യോഗത്തിലുണ്ടാകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ. തുറവൂര്‍-പമ്പ സംസ്ഥാന പാതയുടെ ഭാഗമായാണ് മാക്കേകടവ്-നേരോകടവ് പാലം നിര്‍മിക്കുന്നത്. 151 കോടി രൂപയാണ് ആദ്യഘട്ടത്തില്‍ അനുവദിച്ചത്.  യൂത്ത്് കോണ്‍ഗ്രസ്  മാര്‍ച്ച് നടത്തിപൂച്ചാക്കല്‍: മാക്കേക്കടവ് നേരേ കടവ് പാലം നിര്‍മാണത്തിലെ തടസ്സത്തിനു പിന്നില്‍ അഴിമതിയാണെന്ന് യൂത്ത് കോണ്‍ഗ്രസ് അരൂര്‍ നിയോജക മണ്ഡലം കമ്മിറ്റി ആരോപിച്ചു. പൊതുമരാമത്ത് വകുപ്പ് അധികൃതര്‍  കരാറുകാരന് ലാഭം ഉണ്ടാക്കാനുള്ള ശ്രമം നടത്തുന്നതാണ് പാലം നിര്‍മ്മാണം തടസപെടാന്‍ കാരണം. മുഖ്യമന്ത്രി ഇടപെടണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പാലം നിര്‍മാണം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മാക്കേക്കടവ് ഫെറിയിലെ നിര്‍മാണ സൈറ്റിലേക്ക് മാര്‍ച്ച് നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് എസ് രാജേഷ് ഉദ്ഘാടനം ചെയ്തു. വി കെ സുനീഷ ്അദ്ധ്യക്ഷത വഹിച്ചു. എന്‍ പി പ്രദീപ്, സി സി സുധീഷ്, വി ജിബീഷ്, കൈലാസന്‍, പ്രകാശന്‍,അഭിലാഷ്, ശ്യാം, ഷൈന്‍, ടോണി ടോമി, അരവിന്ദന്‍ ,അരുണ്‍, ക്ലിന്റണ്‍, നിയാസ്, കിഷോര്‍ നേതൃത്വം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss