|    Jul 18 Wed, 2018 3:00 am
FLASH NEWS

നേരിടാം ദുരന്തങ്ങളെ ; ജനപിന്തുണയോടെ ഫയര്‍ഫോഴ്‌സ് കര്‍മസേന രൂപീകരിക്കുന്നു

Published : 4th August 2017 | Posted By: fsq

 

കല്‍പ്പറ്റ: കമ്മ്യൂണിറ്റി റെസ്‌ക്യൂ വോളന്റിയര്‍ സ്‌കീം എന്ന പേരില്‍ ഫയര്‍ഫോഴ്‌സ് കര്‍മസേന രൂപീകരിക്കുന്നു. ജില്ലയിലും സേനാ രൂപീകരണത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. അഗ്നിശമനസേനാ വിഭാഗവും പൊതുജനങ്ങളും തമ്മിലുള്ള അന്തരം കുറയ്ക്കുകയെന്ന ലക്ഷ്യവും കര്‍മസേന രൂപീകരണത്തിലൂടെ ലക്ഷ്യമിടുന്നു. അത്യാഹിതങ്ങളും അപകടങ്ങളും സംഭവിച്ചാല്‍ ആദ്യഘട്ടത്തില്‍ തന്നെ പ്രദേശികമായി അടിയന്തര സഹായം ലഭ്യമാക്കുകയെന്നതാണ് കമ്മ്യൂണിറ്റി റെസ്‌ക്യൂ വോളന്റിയര്‍ സ്‌കീം രൂപീകരണത്തിലൂടെ അഗ്നിശമനസേന പ്രധാനമായി ലക്ഷ്യമിടുന്നത്. ഏതുതരത്തിലുള്ള തീപ്പിടിത്തങ്ങളും അപകടങ്ങളും നേരിടാന്‍ സദാ ജാഗരൂകരായി എത്തുന്ന സേനാവിഭാഗമായ അഗ്നിശമനയ്ക്ക് അപകടസ്ഥലത്തേക്കുള്ള ദൂരം, ഗതാഗത തിരക്ക്, അത്യാഹിതം ഉണ്ടായത് അറിയിക്കുന്നതിലെ വീഴ്ച എന്നിവ സംഭവിക്കുന്നതിനാല്‍ പലപ്പോഴും എത്താന്‍ കാലതാമസം നേരിടുകയാണ്. ഏതു രീതിയിലുള്ള അത്യാഹിതമുണ്ടായാലും ആദ്യം രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങുന്നതു സംഭവസ്ഥലത്തെ പൊതുജനങ്ങളായിരിക്കും. ഇത്തരം സേവനസന്നദ്ധരായ തദ്ദേശീയര്‍ക്ക് പ്രത്യേകം പരിശീലനം നല്‍കിയായിരിക്കും കര്‍മസേന രൂപീകരിക്കുക. എന്തെങ്കിലും അപകടമുണ്ടായാല്‍ എല്ലാ പ്രതികൂല ഘടകങ്ങളും മറികടന്ന് ഫയര്‍ഫോഴ്‌സ് സംഭവസ്ഥലത്ത് എത്തുമ്പോഴും രക്ഷാപ്രവര്‍ത്തനം വൈകുകയും അപകടത്തിന്റെ തീവ്രത വര്‍ധിക്കുകയും ചെയ്യും. ഇത്തരം അടിയന്തര സാഹചര്യങ്ങള്‍ നേരിടാനും കര്‍മസേനയെ ഉപയോഗിക്കും. സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന 30 അംഗ തദ്ദേശീയ സന്നദ്ധ കര്‍മസേനയായിരിക്കും ഓരോ പഞ്ചായത്തിലും രൂപീകരിക്കുക. കുടുംബശ്രീ അടക്കമുള്ളവരെ ഇതില്‍ അംഗങ്ങളാക്കും. സ്‌ക്വാഡ് രൂപീകരിച്ച് അംഗങ്ങള്‍ക്ക് അഞ്ചു ദിവസത്തെ പരിശീലനം നല്‍കും. തിരിച്ചറിയല്‍ കാര്‍ഡും, ജാക്കറ്റ് അടക്കമുള്ളവയും കര്‍മസേനാംഗങ്ങള്‍ക്ക് നല്‍കും. കര്‍മസേനാംഗങ്ങളുടെ വാട്ട്‌സ്ആപ്പ് കൂട്ടായ്മയും രൂപീകരിക്കുമെന്ന് അഡീഷനല്‍ ഡിവിഷനല്‍ ഓഫിസര്‍ വി കെ ഋതീജ്,  അഗ്നിരക്ഷാ നിലയം സ്‌റ്റേഷന്‍ ഓഫിസര്‍ പി വി വിശ്വാസ്, ലീഡിങ് ഫയര്‍മാന്‍ പി അനില്‍, വിശ്വന്‍ അഗസ്റ്റിന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അഗ്നിശമനസേനാ വകുപ്പിന്റെ കമ്മ്യൂണിറ്റി റെസ്‌ക്യൂ വോളന്റിയര്‍ സ്‌കീം ജില്ലാതല ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് 2.15ന് കല്‍പ്പറ്റ ഫയര്‍‌സ്റ്റേഷന്‍ അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ സി കെ ശശീന്ദ്രന്‍ എംഎല്‍എ നിര്‍വഹിക്കും. കല്‍പ്പറ്റ അഗ്നിരക്ഷാ നിലയം സ്റ്റേഷന്‍ ഓഫിസര്‍ വി കെ ഋതീജ് അധ്യക്ഷത വഹിക്കും. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഉമൈബ മൊയ്തീന്‍കുട്ടി, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ കടവന്‍ ഹംസ, ലീലാമ്മ ജോസഫ്, സി സഹദ്, പി ജി സജേഷ്, എ എം നജീബ്, ഷഹര്‍ബാന്‍ സൈതലവി, പി എം നാസര്‍, വി ഉഷാകുമാരി, റീന സുനില്‍, എന്‍ സി പ്രസാദ്, സ്‌റ്റേഷന്‍ ഓഫിസര്‍ പി വി വിശ്വാസ്, കമ്മ്യൂണിറ്റി റെസ്‌ക്യൂ വോളന്റിയര്‍ സ്‌കീം ജില്ലാ കോ-ഓഡിനേറ്റര്‍ എന്‍ ടി രമേഷ് സംസാരിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss