|    Jul 22 Sun, 2018 4:32 pm
FLASH NEWS

നേരത്തേയെത്തിയ തുലാവര്‍ഷത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് കര്‍ഷകര്‍

Published : 13th September 2017 | Posted By: fsq

 

ആലത്തൂര്‍: നേരത്തേയെത്തിയ തുലാവര്‍ഷത്തില്‍ പ്രതീക്ഷവെച്ച് കര്‍ഷകര്‍ രണ്ടാം വിളയ്ക്ക് നിലമൊരുക്കല്‍ തുടങ്ങി. ആലത്തൂര്‍, കാവശ്ശേരി, എരിമയൂര്‍ പഞ്ചായത്തുകളിലാണ് കര്‍ഷകര്‍ രണ്ടാം വിളയ്ക്ക് നിലമൊരുക്കല്‍ തുടങ്ങിയത്. കാലവര്‍ഷം ദുര്‍ബലമായതോടെ  ഒന്നാം വിള ലഭിക്കാതായ കര്‍ഷകരെല്ലാം കൊയ്ത്ത് പൂര്‍ത്തിയാക്കുന്ന മുറയ്ക്കു തന്നെ രണ്ടാം വിള കൃഷിക്കുള്ള ഒരുക്കത്തിലാണ്.ഒന്നാംവിള ശരിക്കും ലഭിക്കാതായതോടെ രണ്ടാം വിളയില്‍ പ്രതീക്ഷ വെച്ചാണ് കര്‍ഷകര്‍ തയ്യാറാവുന്നത്.നേരത്തേ വന്ന തുലാമഴയെ പ്രതീക്ഷിച്ചാണ് രണ്ടാം വിളയ്‌ക്കൊരുങ്ങുന്നത്. ഇനി മഴ കുറയാന്‍ സാധ്യതയുള്ളതിനാല്‍ മൂപ്പ്കുറഞ്ഞ വിത്താണ് കര്‍ഷകര്‍ പരീക്ഷിക്കുന്നത്. കൃഷിക്കായി മലമ്പുഴ ഡാം തുറന്ന് ചേരാമംഗലം കനാല്‍ വഴി വെള്ളം വിടാറുണ്ടെങ്കിലും വാലറ്റ പ്രദേശമായ കാവശ്ശേരിയില്‍ വെള്ളത്തിന്റെ അളവു കുറയുകയോ ചില പാടശേഖര സമിതിക്കാര്‍ക്ക് ലഭിക്കാത്ത സ്ഥിതിയുമുണ്ട്.ഇക്കുറി ഡാമില്‍ നിന്ന് കൃഷിക്ക് വെള്ളം വിടുമോ എന്ന ആശങ്കയും കര്‍ഷകര്‍ക്കുണ്ട്.മഴയെ മാത്രം ആശ്രയിച്ച് കൃഷി ചെയ്യുന്ന കര പാടങ്ങളിലെല്ലാം ഒന്നാം വിള നെല്‍കൃഷി തന്നെ ഉണക്കം കൂടാതെ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. പാടശേഖരങ്ങളിലെ പച്ചക്കറി കൃഷിയും അവതാളത്തിലായിരിക്കുകകയാണ്. മഴയുടെ കുറവ് റബ്ബര്‍, തെങ്ങ്, കവുങ്ങ് തുടങ്ങിയ ദീര്‍ഘകാല വിളകളെ സാരമായി ബാധിക്കും.ഈ വര്‍ഷത്തെ മഴയുടെ കുറവിന്റെ ലക്ഷണങ്ങള്‍ അടുത്ത വിളവെടുപ്പോടുകൂടി തന്നെ കാണാനാവുമെന്നും കര്‍ഷകര്‍ പറഞ്ഞു. എങ്കിലും നെല്‍പ്പാടം തരിശിടാതെ രണ്ടാം വിളയ്ക്ക് ഒരുങ്ങാന്‍ തന്നെയാണ് കര്‍ഷകര്‍ ആലോചിക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss