|    Jul 24 Mon, 2017 12:25 am
FLASH NEWS
Home   >  Todays Paper  >  page 9  >  

നേപ്പാള്‍ സര്‍ക്കാരിനുള്ള പിന്തുണ മാവോവാദികള്‍ പിന്‍വലിച്ചു

Published : 13th July 2016 | Posted By: SMR

കാഠ്മണ്ഡു: നേപ്പാളില്‍ കെ പി ശര്‍മ ഒലിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനുള്ള പിന്തുണ സഖ്യകക്ഷിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ (മാവോയിസ്റ്റ് സെന്റര്‍) പിന്‍വലിച്ചു. പുഷ്പ കമാല്‍ ദഹല്‍ പ്രചണ്ഡയുടെ നേതൃത്വത്തിലുള്ള മാവോവാദി പാര്‍ട്ടിയുടെ പിന്തുണ നഷ്ടപ്പെട്ടതോടെ പാര്‍ലമെന്റില്‍ ഭൂരിപക്ഷം നഷ്ടമായത് അധികാരമേറ്റ് ഒമ്പതു മാസം മാത്രം പിന്നിട്ട സിപിഎന്‍ (യൂനിഫൈഡ് മാര്‍ക്‌സിസ്റ്റ്- ലെനിനിസ്റ്റ്) നേതൃത്വത്തിലുള്ള സഖ്യകക്ഷി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി.
മാവോവാദി പാര്‍ട്ടിയുടെ കഴിഞ്ഞദിവസം ചേര്‍ന്ന യോഗത്തില്‍ ഒലി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാനുള്ള തീരുമാനത്തിന് അംഗീകാരം ലഭിച്ചിരുന്നു. സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്നതായി പ്രചണ്ഡ ഇന്നലെ പ്രസ്താവനയില്‍ വ്യക്തമാക്കി. മാവോവാദി പാര്‍ട്ടിയുടെ തീരുമാനം നേപ്പാള്‍ പ്രസിഡന്റ് ബിദ്യ ദേവി ഭണ്ഡാരിയെയും പ്രധാനമന്ത്രി കെ പി ശര്‍മ ഒലിയെയും സ്പീക്കര്‍ ഒന്‍സാരി ഘര്‍തിയെയും അറിയിച്ചിട്ടുണ്ട്.
മാവോവാദി പാര്‍ട്ടി പിന്തുണ പിന്‍വലിച്ചതായറിയിച്ചുകൊണ്ടുള്ള കത്ത് സ്വീകരിക്കവേ പ്രചണ്ഡയ്ക്ക് പുതിയ സര്‍ക്കാരിനുള്ള ആശംസ അറിയിക്കുകയാണെന്ന് ഒലി പ്രതികരിച്ചു. രണ്ടു മാസം മുമ്പ് മാവോവാദി സെന്ററിന് നേപ്പാളി കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പിന്തുണ ലഭിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് സിപിഎന്നു(യുഎംഎല്‍)മായുള്ള മാവോവാദി പാര്‍ട്ടിയുടെ ബന്ധത്തില്‍ വിള്ളല്‍ ആരംഭിച്ചത്. തുടര്‍ന്ന് മാവോവാദി നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ പങ്കാളിയാവാനാവശ്യപ്പെട്ട് പ്രചണ്ഡ ഒലിയെ സമീപിച്ചിരുന്നു. പിന്നീട് സിപിഎന്‍(യുഎംഎല്‍) സര്‍ക്കാരില്‍ തന്നെ തുടരാമെന്ന് പ്രചണ്ഡ തീരുമാനിച്ചു. ഒലിയുടെ പാര്‍ട്ടി തങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്നാരോപിച്ചാണ് സര്‍ക്കാരിനുള്ള പിന്തുണ പ്രചണ്ഡ പിന്‍വലിക്കുന്നത്.
പുതിയ സഖ്യം രൂപീകരിക്കുന്നതിനുള്ള ചര്‍ച്ചകളിലാണ് പാര്‍ട്ടികളെന്ന് നേപ്പാള്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. മെയ് അഞ്ചിനായിരുന്നു പ്രചണ്ഡ തന്റെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കണമെന്നും അതിന് പിന്തുണ വേണമെന്നും ആവശ്യപ്പെട്ട് ഒലിക്ക് കത്തയച്ചത്. ഒലി സര്‍ക്കാരിനെതിരേ അഞ്ചുമാസത്തിലധികം നീണ്ട പ്രക്ഷോഭം നയിച്ച യുനൈറ്റഡ് ഡെമോക്രാറ്റിക് മധേഷി ഫ്രണ്ടിന്റെ (യുഡിഎംഎഫ്) പിന്തുണ തന്റെ പാര്‍ട്ടിക്കുള്ളതായി കത്തില്‍ പ്രചണ്ഡ അറിയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം സപ്തംബര്‍ 20നായിരുന്നു കെ പി ശര്‍മ ഒലിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നേപ്പാളില്‍ അധികാരമേറ്റത്.
ഒലി രാജിവച്ചാല്‍ പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള പ്രചണ്ഡയുടെ തിരിച്ചുവരവിനു കാരണമാവും. ഏഴു വര്‍ഷം മുമ്പ് സൈനിക മേധാവിയായിരുന്ന റുകുമാങുദ് കടാവാളിനെ പുറത്താക്കാനുള്ള നീക്കത്തിനെതിരേ പ്രസിഡന്റ് ഇടപെട്ടതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രിയായിരുന്ന പ്രചണ്ഡ സ്ഥാനമൊഴിഞ്ഞത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക