|    Sep 23 Sat, 2017 12:28 am
FLASH NEWS
Home   >  Todays Paper  >  page 9  >  

നേപ്പാള്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പ്രചണ്ഡ പത്രിക സമര്‍പിച്ചു

Published : 3rd August 2016 | Posted By: SMR

കാഠ്മണ്ഡു: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ മാവോയിസ്റ്റ് സെന്റര്‍ (സിപിഎന്‍- മാവോയിസ്റ്റ് സെന്റര്‍) നേതാവ് പുഷ്പകമാല്‍ ദഹാല്‍ പ്രചണ്ഡ നേപ്പാള്‍ പ്രധാനമന്ത്രി സ്ഥാനത്തേക്കു മല്‍സരിക്കുന്നതിന് നാമനിര്‍ദേശപത്രിക സമര്‍പിച്ചു. ഇന്നാണ് നേപ്പാള്‍  പാര്‍ലമെന്റില്‍ പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് നടക്കുകയെന്നാണ് പ്രാഥമിക വിവരം. മറ്റാരും ഇതുവരെ പത്രിക സമര്‍പിച്ചില്ലെന്നതിനാല്‍ പ്രചണ്ഡ രണ്ടാമതെു പ്രധാനമന്ത്രിയാവുന്നതിനാണ് സാധ്യത.
കെ പി ശര്‍മ ഒലി സര്‍ക്കാരിനെതിരേ സമരം ചെയ്ത മധേഷി വിഭാഗത്തിന്റെ പിന്തുണ നേടിയ ശേഷമാണ് പ്രചണ്ഡ നാമനിര്‍ദേശപ്പത്രിക സമര്‍പിച്ചത്. നേപ്പാളി കോണ്‍ഗ്രസ് പ്രസിഡന്റ് ഷേര്‍ ബഹാദൂര്‍ ദ്യൂബയാണ് പ്രചണ്ഡയെ സ്ഥാനാര്‍ഥിയായി നിര്‍ദേശിച്ചത്. പ്രചണ്ഡയെ പിന്തുണയ്ക്കുന്നതു സംബന്ധിച്ച് നേപ്പാളി കോണ്‍ഗ്രസ്സും സിപിഎന്‍ മാവോയിസ്റ്റ് സെന്ററുമായി മധേഷി ഫ്രണ്ട് കഴിഞ്ഞദിവസം ധാരണയിലെത്തിയിരുന്നു. 595 അംഗ പാര്‍ലമെന്റില്‍ 42 അംഗങ്ങളാണ് വിവിധ മധേഷി പാര്‍ട്ടികള്‍ക്കായുള്ളത്. പുതുതായി രൂപീകരിക്കുന്ന പ്രചണ്ഡ മന്ത്രിസഭയില്‍ മധേഷി പാര്‍ട്ടികളും പങ്കാളികളാവും. മധേഷികള്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ഭരണഘടനാ ഭേദഗതിയിലൂടെയും രാഷ്ട്രീയ ധാരണയിലൂടെയും പരിഹാരം കാണുമെന്ന് നേപ്പാളി കോണ്‍ഗ്രസ്,  സിപിഎന്‍- മാവോയിസ്റ്റ് സെന്റര്‍ പാര്‍ട്ടികള്‍ അവര്‍ക്ക് ഉറപ്പുനല്‍കിയിരുന്നു.
സിപിഎന്‍- മാവോയിസ്റ്റ് സെന്ററിന്റെ പിന്തുണ നഷ്ടപ്പെട്ടതിനെത്തുടര്‍ന്നായിരുന്നു കെപി ശര്‍മ ഒലിയുടെ സിപിഎന്‍ യുനൈറ്റഡ് മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് (സിപിഎന്‍-യുഎംഎല്‍) സര്‍ക്കാര്‍ സ്ഥാനമൊഴിഞ്ഞത്. സിപിഎന്‍-യുഎംഎല്‍ നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ ബാംദേവ് ഗൗതം പ്രചണ്ഡയ്‌ക്കെതിരേ മല്‍സരരംഗത്തുണ്ടാവുമെന്ന് നേരത്തേ റിപോര്‍ട്ടുകളുണ്ടായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക