|    Sep 26 Tue, 2017 12:19 am
FLASH NEWS
Home   >  Todays Paper  >  page 9  >  

നേപ്പാളില്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 30 മരണം

Published : 13th August 2017 | Posted By: fsq

 

കാഠ്മണ്ഡു: നേപ്പാളില്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 30ലധികം പേര്‍ മരിച്ചതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. 10പേരെ കാണാതായി. സുന്‍സാരി ജില്ലയില്‍ ആറുപേരും സിന്ധുരി, ബാന്‍കെ ജില്ലകളില്‍ നാലുപേര്‍ വീതവും മൊരാങ്, ഝാപ എന്നിവിടങ്ങളില്‍ ഒരാള്‍ വീതവും മരിച്ചതായി ഹിമാലയന്‍ ടൈംസ് റിപോര്‍ട്ട് ചെയ്തിരുന്നു. 30പേരുടെ മരണം സ്ഥിരീകരിച്ചതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. മരണസംഖ്യ വര്‍ധിക്കാന്‍ സാധ്യതയുള്ളതായും മന്ത്രാലയം വ്യക്തമാക്കി. സപ്താരി, സിരാഹ, സര്‍ലാഹി, റൗതാഹത്, ബര്‍ദിയ, ദാങ് തുടങ്ങിയ ജില്ലകളെയും മഴക്കെടുതികള്‍ രൂക്ഷമായി ബാധിച്ചിട്ടുണ്ട്. വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് 100കണക്കിനാളുകള്‍ക്ക് താമസസ്ഥലം വിട്ട് ഒഴിഞ്ഞുപോവേണ്ടി വന്നതായി ആഭ്യന്തരമന്ത്രാലയം ഉദ്യോഗസ്ഥര്‍ അറിയിച്ചു. നിരവധി കെട്ടിടങ്ങള്‍ വെള്ളത്തിനടിയിലായി. വെള്ളം കയറിയതിനെത്തുടര്‍ന്ന് ബിരാട്‌നഗര്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തി വച്ചു. നിരവധി വിമാനസര്‍വീസുകളും നിര്‍ത്തിവച്ചു. റോഡ് ഗതാഗതവും വെള്ളപ്പൊക്കത്തെ തുടര്‍ന്ന് തടസ്സപ്പെട്ടു. വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന റോഡുകളുടെയും പാലങ്ങളുടെയും ദൃശ്യങ്ങള്‍ പ്രാദേശിക ചാനലുകള്‍ പുറത്തുവിട്ടു. വെള്ളപ്പൊക്കത്തെ തുടര്‍ന്നുണ്ടായ അപകടങ്ങളെക്കുറിച്ചുള്ള പൂര്‍ണവിവരം ലഭ്യമല്ലെന്ന് ആഭ്യന്തരമന്ത്രാലയം വക്താവ് ദീപക് കാഫ്‌ലെ അറിയിച്ചു. മരിച്ചവരെക്കുറിച്ചുള്ള വിവരം ശേഖരിക്കുന്നതിനു പകരം അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കുന്നതിനാണ് പ്രാധാന്യം നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന തെക്കന്‍ ജില്ലകളെയാണ് വെള്ളപ്പൊക്കം സാരമായി ബാധിച്ചത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. പ്രകൃതിദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക