|    Apr 21 Sat, 2018 7:09 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

നേതൃയോഗം അവസാനിച്ചു; മുഖ്യമന്ത്രിക്കെതിരേ വിമര്‍ശനവുമായി സിപിഐ

Published : 24th July 2016 | Posted By: SMR

തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ രൂക്ഷവിമര്‍ശനം. മുഖ്യമന്ത്രി ഏകപക്ഷീയമായ നിലപാടുകള്‍ സ്വീകരിക്കുന്നുവെന്നായിരുന്നു പ്രധാന വിമര്‍ശനം. മുഖ്യമന്ത്രിയുടെ നിലപാടുകളെ സിപിഐ എതിര്‍പ്പുയര്‍ത്താതെ പിന്തുണയ്ക്കുകയാണെന്നും സംസ്ഥാന കൗണ്‍സില്‍ അംഗങ്ങള്‍ വിമര്‍ശിച്ചു. ആദ്യഘട്ടത്തില്‍തന്നെ സര്‍ക്കാരിനെ വിമര്‍ശിക്കരുതെന്ന സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ അഭിപ്രായത്തെ മറികടന്നായിരുന്നു വിമര്‍ശനങ്ങള്‍.
മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വാര്‍ത്താസമ്മേളനം നടത്തേണ്ടതില്ലെന്ന നിലപാട് പിണറായി വിജയന്റെതു മാത്രമായിരുന്നു. ഈ തീരുമാനം സര്‍ക്കാരിനു പലതും ഒളിച്ചുവയ്ക്കാനുണ്ടെന്ന പ്രചാരണത്തിനിടയാക്കി. ഇതിനു പിന്നാലെ വിവരാവകാശ നിയമത്തിന്റെ പേരിലുണ്ടായ വിവാദത്തില്‍ സ്വീകരിച്ച നിലപാടും തിരിച്ചടിയായി. മികച്ച തുടക്കമായിരുന്നു സര്‍ക്കാരിനുണ്ടായിരുന്നത്. എന്നാല്‍, രണ്ടുമാസം കൊണ്ടുതന്നെ അതു തകര്‍ത്തു. മുഖ്യമന്ത്രിയുടെ നിയമോപദേശകനായി എം കെ ദാമോദരനെ നിയമിച്ചതില്‍ തെറ്റില്ല. എന്നാല്‍, ഇതിനുശേഷം എം കെ ദാമോദരന്‍ ലോട്ടറി കേസിലും മറ്റ് വിവാദമായ കേസുകളിലും സര്‍ക്കാരിനെതിരേ ഹാജരായത് അവമതിപ്പു സൃഷ്ടിച്ചു. എന്നിട്ടും നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ഇതില്‍ യുക്തമായ വിശദീകരണം നല്‍കാന്‍ പോലും മുഖ്യമന്ത്രിക്കും സിപിഎമ്മിനും കഴിഞ്ഞിട്ടില്ല.
മന്ത്രിസഭായോഗത്തില്‍ സിപിഐ മന്ത്രിമാരും ഇതുസംബന്ധിച്ചു ചര്‍ച്ച നടത്തിയില്ല. ഏകപക്ഷീയമായ തീരുമാനങ്ങള്‍ക്കു കൂട്ടുനില്‍ക്കുകയായിരുന്നു സിപിഐ നേതൃത്വവും. എം കെ ദാമോദരന്‍ വിഷയം പാര്‍ട്ടി അതിശക്തമായി ഏറ്റെടുക്കേണ്ടതായിരുന്നുവെന്നും അംഗങ്ങള്‍ കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിക്ക് എന്തിനാണ് ഇത്രയേറെ ഉപദേശകരെന്ന ചോദ്യവും അംഗങ്ങള്‍ ഉന്നയിച്ചു. പ്രഗല്ഭനായ മുഖ്യമന്ത്രിയായിരുന്ന സി അച്യുതമേനോന് ഉപദേശകരേ ഇല്ലായിരുന്നു. പേഴ്‌സനല്‍ സ്റ്റാഫിന്റെ എണ്ണത്തില്‍ നിയന്ത്രണം വരുത്തി മാതൃകാപരമായ തീരുമാനമെടുത്ത സര്‍ക്കാര്‍ ഉപദേശകരുടെ കാര്യത്തില്‍ ഇത്തരം തീരുമാനം നടപ്പാക്കിയില്ലെന്നും അംഗങ്ങള്‍ പരിഹസിച്ചു. മുന്നണിയാണു ഭരിക്കുന്നത്. എന്നാല്‍, സിപിഐക്കു ഭരണത്തില്‍ ഒരു പങ്കുമില്ലെന്ന തരത്തിലാണ് സിപിഎം നേതൃത്വം പ്രവര്‍ത്തിക്കുന്നത്. പുതുക്കിയ സംസ്ഥാന ബജറ്റിന് ഒരു സുതാര്യതയുമില്ല. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളൊന്നും നടന്നില്ല. ഏകപക്ഷീയമായ നിലപാടാണു ബജറ്റിലും പ്രതിഫലിച്ചത്. ഇതിനെതിരേ നിലപാടു സ്വീകരിക്കാതെ സിപിഎമ്മിനെ പ്രകീര്‍ത്തിക്കുന്ന നേതാക്കളാണ് സിപിഐയിലുള്ളതെന്നും അംഗങ്ങള്‍ വിമര്‍ശിച്ചു.
ബോര്‍ഡ്, കോര്‍പറേഷന്‍ പുനസ്സംഘടനയുടെ കാര്യത്തില്‍ അന്തിമതീരുമാനം എടുക്കാന്‍ ഇതേവരെ കഴിഞ്ഞിട്ടില്ല. ഇക്കാര്യങ്ങള്‍ എല്‍ഡിഎഫ് യോഗത്തില്‍ ചര്‍ച്ച ചെയ്യണമെന്ന നിര്‍ദേശവുമുയര്‍ന്നു. ഏതുവിഷയമുണ്ടെങ്കിലും നെഞ്ചുവിരിച്ച് കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ തന്റേടമുണ്ടെന്നും അപക്വമായ വിമര്‍ശനങ്ങളാണു നടത്തുന്നതെന്നും കാനം രാജേന്ദ്രന്‍ വികാരഭരിതനായി പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss