|    Jan 18 Wed, 2017 2:59 am
FLASH NEWS

നേതാജി

Published : 6th February 2016 | Posted By: swapna en

ജോസ് ചന്ദനപ്പള്ളി

ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ പുളകമണിയിച്ച ഉജ്ജ്വല വ്യക്തിത്വമാണ് നേതാജി സുഭാഷ് ചന്ദ്രബോസ്. സമര്‍ഥനായ വിദ്യാര്‍ഥി, ആത്മാര്‍ത്ഥതയുള്ള രാജ്യസ്‌നേഹി, കഴിവുറ്റ സംഘാടകന്‍, മഹാനായ വിപ്ലവകാരി എല്ലാം ഒരുപോലെ ആ വ്യക്തിത്വത്തില്‍ പ്രശോഭിച്ചു. ”എന്റെ രാജ്യത്തിനുവേണ്ടി ഞാന്‍ എല്ലാം ഉപേക്ഷിക്കാന്‍ തയ്യാറാണ്, എന്റെ പ്രാണന്‍ പോലും” എന്ന് പ്രഖ്യാപിച്ച  നേതാജിയുടെ 119ാം പിറന്നാള്‍ ദിനമായിരുന്നു ഈ ജനുവരി 23. ഇന്ത്യയുടെ സ്വാതന്ത്ര്യം സായുധ സമരത്തിലൂടെ മാത്രമേ സാധ്യമാകൂ എന്ന് വിശ്വസിച്ചു പ്രവര്‍ത്തിച്ച ആ ധീരദേശാഭിമാനി ”രക്തം തരുവിന്‍, ഞാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യം തരാം” എന്നു പറഞ്ഞ് ഇന്ത്യന്‍ യുവതയുടെ ആവേശമായി. 1897 ജനുവരി 23ന് ജാനകിനാഥ ബോസിന്റെയും പ്രഭാവതിയുടെയും ആറാമത്തെ പുത്രനായി ബംഗാളിന്റെ ഭാഗമായിരുന്ന കട്ടക്കില്‍  ജനിച്ച സുഭാഷ് ചെറുപ്പത്തില്‍ത്തന്നെ സേവനതല്‍പരനായിരുന്നു. കല്‍ക്കത്ത പ്രസിഡന്‍സി കോളജിലും കാംബ്രിജ് സര്‍വകലാശാലയിലും ഉപരിപഠനം നടത്തിയ മിടുക്കനായ ബോസ് സിവില്‍ സര്‍വീസ് പ്രവേശന പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയെങ്കിലും സ്വാതന്ത്ര്യസമര പ്രസ്ഥാനത്തില്‍ ആകൃഷ്ടനായി ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സിലൂടെ ദേശീയ രാഷ്ട്രീയത്തില്‍ സജീവമായി. ദേശബന്ധു സി ആര്‍ ദാസ് ആയിരുന്നു രാഷ്ട്രീയ ഗുരു. 1924 മുതല്‍ 1927 വരെ തീവ്രവാദി എന്ന് മുദ്രകുത്തി ബ്രിട്ടിഷ്         ഗവണ്‍മെന്റ് ബോസിനെ ജയിലിലടച്ചു. ജയില്‍മോചിതനായ ബോസ്, ജവഹര്‍ലാല്‍ നെഹ്‌റുവിനൊപ്പം ഇന്ത്യന്‍ യുവജന പ്രസ്ഥാനത്തിന്റെ നേതൃപദവിയിലേക്കുയര്‍ന്നു. 1927ല്‍ നെഹ്‌റുവിനൊപ്പം ബോസ് ജനറല്‍ സെക്രട്ടറിയായി. 1938ല്‍ ഹരിപുര കോണ്‍ഗ്രസ് സമ്മേളനത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

നാടു വിടുന്നു
രണ്ടാം ലോകയുദ്ധകാലത്ത് ബോസ് ബ്രിട്ടനെതിരേ സമരം നയിച്ചു. 11 തവണ അദ്ദേഹത്തെ ബ്രിട്ടിഷ് അധികാരികള്‍ ജയിലിലടച്ചിട്ടുണ്ട്. രണ്ടാംലോകയുദ്ധം പൊട്ടിപ്പുറപ്പെട്ട സമയത്ത് അദ്ദേഹം ഇന്ത്യയില്‍ നിന്ന് പലായനം ചെയ്തു. ഒരു ഒളിച്ചോട്ടമായിരുന്നില്ല; ഇന്ത്യയെ സ്വതന്ത്രമാക്കാനുള്ള കരുത്തും സൈനികശക്തിയും നേടാനുള്ള യാത്രയായിരുന്നു അത്. 1941ല്‍ ബ്രിട്ടിഷ് പോലിസിന്റെ കണ്ണുവെട്ടിച്ച് ഇന്ത്യയില്‍ നിന്ന് പെഷാവറിലേക്കും അവിടെ നിന്ന്  അഫ്ഗാനിസ്താനിലുമെത്തി. അഡോള്‍ഫ് ഹിറ്റ്‌ലറുടെ ജര്‍മനിയില്‍, ബനിറ്റോ മുസോളിനിയുടെ ഇറ്റലിയില്‍, ജനറല്‍ ടോജോയുടെ ജപ്പാനില്‍, സിംഗപ്പൂരില്‍ മലയാക്കാടുകളില്‍… അങ്ങനെ പല രാജ്യങ്ങളിലും ബോസ് കയറിയിറങ്ങി. 1941ല്‍ ജര്‍മനിയിലെത്തിയ സുഭാഷിന് ഹിറ്റ്‌ലര്‍ സഹായം  വാഗ്ദാനം ചെയ്തു. അവിടെ വച്ച് ബോസ് ഇന്ത്യന്‍ ലീജിയണ്‍ എന്ന സേനാഘടകം രൂപീകരിച്ചു. ജര്‍മനിയുടെ പിന്തുണയോടെ ഇന്ത്യയെ മോചിപ്പിക്കുകയായിരുന്നു ലക്ഷ്യം. 1943ലാണ് അദ്ദേഹം ജപ്പാനിലെത്തിയത്. ജപ്പാന്‍ പ്രധാനമന്ത്രി ജനറല്‍ ടോജോയുമായി കൂടിക്കാഴ്ച നടത്തിയശേഷം 1943 ജൂണ്‍ 23ന് നേതാജി സിംഗപ്പൂരിലേക്ക് യാത്ര തിരിച്ചു. 1943 ജൂലൈ 4ന് സിംഗപ്പൂരിലെ പ്രസിദ്ധമായ കാഥേ ഹാളില്‍ വച്ച് റാഷ് ബിഹാരി ബോസ് ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ലീഗിന്റെ നേതൃത്വം സുഭാഷ് ചന്ദ്രബോസിന് കൈമാറി. തുടര്‍ന്ന് ആസാദ് ഹിന്ദ് ഫൗജ് അഥവാ ഇന്ത്യന്‍ നാഷനല്‍ ആര്‍മി (കചഅ) രൂപീകരിച്ചു. അവിടെവച്ച് ഇന്ത്യക്കാരോട് രാജ്യത്തിന്റെ മോചനത്തിനായി പോരാടാന്‍ ആഹ്വാനം ചെയ്തു. നേതാജിയുടെ പ്രസംഗം ജനങ്ങളെ ആവേശം കൊള്ളിച്ചു. ജനങ്ങള്‍ കൂട്ടംകൂട്ടമായി ഐഎന്‍എയില്‍ ചേര്‍ന്നു. ഐഎന്‍എയുടെ സര്‍വ സൈന്യാധിപനായി  1943 ഒക്‌ടോബര്‍ 21ന്  നേതാജി ചുമതലയേറ്റു. തുടര്‍ന്ന് ജപ്പാനോടു ചേര്‍ന്ന് ബ്രിട്ടിഷ് സൈന്യത്തിനെതിരേ ഐഎന്‍എ യുദ്ധം ചെയ്‌തെങ്കിലും രണ്ടാം ലോകയുദ്ധത്തിലെ അച്ചുതണ്ടു ശക്തികളുടെ പരാജയം തിരിച്ചടിയായി. ബര്‍മ പിടിച്ചെടുത്തെങ്കിലും ഇന്ത്യയിലേക്ക് മുന്നേറാനുള്ള നേതാജിയുടെ തന്ത്രം വിഫലമായി. 1945 ജൂലൈയില്‍ ചരിത്രപ്രസിദ്ധമായ ചലോ ദില്ലി മുദ്രാവാക്യമുയര്‍ത്തി. നേതാജി സിംഗപ്പൂരില്‍ മന്ത്രിസഭാംഗങ്ങളെ വിളിച്ചുകൂട്ടി. ജപ്പാന്‍ നേതാക്കന്‍മാരെ നേരിട്ടു കണ്ട് ഭാവിപരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ 1945 ആഗസ്ത് 16ന് രാവിലെ 9ന് ലഫ്റ്റനന്റ് കേണല്‍ ഹബീബ് റഹ്മാനൊത്ത് സിംഗപ്പൂരില്‍ നിന്ന് ബാങ്കോക്കിലേക്ക് ജപ്പാന്റെ ബോംബര്‍ വിമാനത്തില്‍ പറന്ന നേതാജി അവിടെ വിവിധ രാഷ്ട്രത്തലവന്‍മാരുമായി കൂടിക്കാഴ്ച നടത്തി. 1945 ആഗസ്ത് 18 പുലര്‍ച്ചെ 5.15ന് വിമാനം തെയ്‌ഹോക്കു(തായ്‌വാന്‍)വിലേക്ക് പറന്നു. വൈകുന്നേരം 5 മണിക്ക് വീണ്ടും യാത്രയാരംഭിച്ച വിമാനം കഷ്ടിച്ച് 50 അടി പൊങ്ങിയപ്പോള്‍ തീപിടിച്ച് തകര്‍ന്നുവീണു. ഗുരുതരമായി പൊള്ളലേറ്റ നേതാജിയെ അടുത്തുള്ള ആശുപത്രിയില്‍ പരിചരിച്ചത് യോഹിമി താമയോഷി എന്ന മിലിട്ടറി ഡോക്ടറായിരുന്നു. അബോധാവസ്ഥയിലായിരുന്ന ബോസ് താമസിയാതെ ഈ ലോകത്തോട് യാത്ര പറഞ്ഞുവത്രെ. ടോക്കിയോ റേഡിയോ ആഗസ്ത് 22ന് ഇക്കാര്യം പുറത്തുവിടുകയും ചെയ്തു. എന്നാല്‍ ഈ വസ്തുതകള്‍ പലരും അംഗീകരിച്ചിട്ടില്ല. വിമാനാപകടം ഒരു കെട്ടുകഥയാണെന്ന് ഉറപ്പിച്ചു പറയുന്നവരുമുണ്ട്.

ദുരൂഹമായ മരണം
നേതാജി അപ്രത്യക്ഷനായതിലെ  ദുരൂഹത ഏഴു പതിറ്റാണ്ടുകള്‍ക്കുശേഷവും നീങ്ങിയിട്ടില്ല. 1945നുശേഷം നേതാജിയെ ആരും കണ്ടിട്ടില്ല. നേതാജിക്ക് എന്താണു സംഭവിച്ചത്? 1945 ആഗസ്ത് 18ന് തായ്‌വാനിലെ തെയ്‌ഹോകു വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ അദ്ദേഹം മരിച്ചു എന്നാണ് ഇന്ത്യാ സര്‍ക്കാരിന്റെ ഔദ്യോഗിക ഭാഷ്യം. നേതാജിയുടെ തിരോധാനത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആദ്യ കമ്മീഷനെ നിയോഗിച്ചത് ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവാണ്. 1956ല്‍ ഷാനവാസ് കമ്മീഷനും 1970ല്‍ ജി ഡി ഖോസ്‌ല കമ്മീഷനും ഇതേക്കുറിച്ച് അന്വേഷിച്ചു.1945 ആഗസ്ത് 18ന് തായ്‌വാനില്‍ വച്ച് നേതാജി വിമാനാപകടത്തില്‍ മരിച്ചു എന്നാണ് ഇരു കമ്മീഷനുകളും കണ്ടെത്തിയത്. 1999ല്‍ വാജ്‌പേയ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ നിലവില്‍വന്ന ജസ്റ്റിസ് മനോജ്കുമാര്‍ മുഖര്‍ജി കമ്മീഷന്‍ 1945ല്‍ തായ്‌വാനില്‍ വിമാനാപകടം ഉണ്ടായിട്ടില്ലെന്നും അതിനാല്‍ നേതാജി അന്ന് മരണപ്പെട്ടിട്ടില്ലെന്നും റിപോര്‍ട്ട് ചെയ്തതോടെയാണ് നേതാജിയുടെ മരണത്തെക്കുറിച്ചുള്ള ദുരൂഹതകള്‍ ഏറിയത്. വിമാനാപകടം കെട്ടുകഥയാണെന്നും നേതാജിയെ ബ്രിട്ടിഷുകാരില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ജപ്പാന്‍ ഭരണകൂടം മെനഞ്ഞെടുത്ത കഥയാണ് വിമാനദുരന്തമെന്നും ജപ്പാനിലെ റാങ്കോജി ക്ഷേത്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന ചിതാഭസ്മം അദ്ദേഹത്തിന്റേതല്ലെന്നും മുഖര്‍ജി കമ്മീഷന്‍ കണ്ടെത്തി. എന്നാല്‍, 2006ല്‍ മന്‍മോഹന്‍ സിങിന്റെ സര്‍ക്കാര്‍ ഈ അഭിപ്രായം തള്ളി. ഇതിനിടെയാണ് 2015 ജനുവരിയില്‍ ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി നേതാജി സൈബീരിയയിലെ ജയിലില്‍ തടവിലിരിക്കെ മരിച്ചുവെന്ന കഥയുമായി രംഗത്തെത്തിയത്. കമ്മ്യൂണിസ്റ്റ് ഭരണത്തിലായിരുന്ന സോവിയറ്റ് യൂനിയനില്‍ ജോസഫ് സ്റ്റാലിന്റെ നിര്‍ദേശപ്രകാരമാണ് നേതാജിയുടെ മരണം സംഭവിച്ചതെന്നും അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ഒന്നും ചെയ്തില്ലെന്നുമാണ് സുബ്രഹ്മണ്യന്‍ സ്വാമി വെളിപ്പെടുത്തിയത്.  ലോകത്തെ ഏറ്റവും തണുപ്പേറിയ ജയിലായ സൈബീരിയയിലെ യാകുത്സുക് ജയിലില്‍ വച്ചാണ് നേതാജി മരിച്ചതെന്ന് അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണരേഖകള്‍ പറയുന്നു. സോവിയറ്റ് തടവറയില്‍ വച്ചാണ് അദ്ദേഹം മരിച്ചതെന്നു നയതന്ത്രജ്ഞനും മുന്‍ കോണ്‍ഗ്രസ് എം.പിയുമായ സത്യനാരായണ്‍ സിന്‍ഹ പറയുന്നതായി രേഖകളിലുണ്ട്. ജോസഫ് സ്റ്റാലിന്റെ കാലത്ത് അഞ്ച് ലക്ഷത്തിലേറെ പേര്‍ മരിച്ചുവീണ ജയിലാണ് യാകുത്സുക്.  സോവിയറ്റ് തടവറയായ സൈബീരിയയിലെ യാകുത്സുകില്‍ സെല്‍ നമ്പര്‍ 45ലെ തടവുകാരനായിരുന്ന നേതാജി അവിടെ വച്ച് മരിക്കുകയായിരുന്നെന്ന് സത്യനാരായണ്‍ സിന്‍ഹ ജി ഡി ഖോസ്‌ല സമിതിക്ക് മുമ്പാകെ നല്‍കിയ മൊഴിയില്‍ പറയുന്നു. സോവിയറ്റ് രഹസ്യ പോലിസായ എന്‍കെവിഡിയിലെ ഏജന്റായിരുന്ന കോസ്ലോവ് ആണ് നേതാജിയെ സൈബീരിയയില്‍ വച്ച് കണ്ടതായി സിന്‍ഹയോട് പറഞ്ഞത്. 1932കളില്‍ റഷ്യന്‍ സൈന്യത്തിന്റെ ദ്വിഭാഷിയായി സത്യനാരായണ്‍ സിന്‍               ഹ സേവനമനുഷ്ഠിച്ചിരുന്നു. ഇങ്ങനെയാണ്              കോസ്ലോവുമായി ബന്ധം സ്ഥാപിച്ചത്. വിമാനാപകടത്തിലല്ല നേതാജി മരിച്ചതെന്ന് കമ്മീഷനോട് സിന്‍ഹ തീര്‍ത്തു പറയുന്നുണ്ടെങ്കിലും ഈയിടെ ‘ബോസ്ഫയല്‍സ് ഡോട്ട് കോം’ എന്ന ബ്രിട്ടിഷ് വെബ്‌സൈറ്റ് പുറത്തുവിട്ട വിവരങ്ങള്‍ നേതാജി മരിച്ചത് വിമാനാപകടത്തിലുണ്ടായ പരിക്കുമൂലം തന്നെയെന്ന് പറയുന്നു. നേതാജിയുടെ ഏറ്റവും അടുത്ത സഹായി, ജപ്പാനിലെ ഡോക്ടര്‍മാര്‍, ഒരു തായ്‌വാന്‍ നഴ്‌സ്, നേതാജിയുടെ അവസാന വാക്കുകള്‍ ഡോക്ടര്‍മാര്‍ക്ക് തര്‍ജമചെയ്ത് നല്‍കിയയാള്‍ എന്നിവരെ ഉദ്ധരിച്ചാണ് വെബ്‌സൈറ്റ് തായ്‌പേയിയിലുണ്ടായ വിമാനാപകടത്തെ തുടര്‍ന്ന് 1945 ആഗസ്ത് 18ന് മരിച്ചുവെന്ന് സ്ഥിരീകരിക്കുന്നത്.  ഹ

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 243 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക