|    Nov 15 Thu, 2018 7:45 am
FLASH NEWS

നേതാജി അറിയാതെ പോയത്

Published : 12th December 2015 | Posted By: swapna en

(ആന്തമാന്‍ ഇതിഹാസം തുടര്‍ച്ച)

കെ  എന്‍   നവാസ്അലി

ഭാഷയോ മതങ്ങളോ പ്രദേശങ്ങള്‍ക്ക് പേരു പോലുമോ ഇല്ലാത്ത ആന്തമാന്‍ ഒരു നാഗരികതയായി വികസിച്ചുവെന്ന് കുണ്ടനി മുഹമ്മദിന്റെ നോവലില്‍ നിന്നു വായിച്ചെടുക്കാം.  കൈദികളെ ശിക്ഷിക്കാന്‍ വേണ്ടിയാണ് ആന്തമാനിലേക്ക് എത്തിച്ചതെങ്കിലും ആ പ്രദേശം വികസിപ്പിക്കാന്‍ ബ്രിട്ടിഷുകാര്‍ തീരുമാനിച്ചിരുന്നു. കൈദികളെ ഉപയോഗിച്ചു തന്നെ അതിനു വേണ്ടതെല്ലാം അവര്‍ നിര്‍മിച്ചു. എസ്എസ് മഹാരാജ എന്ന സ്വകാര്യ കപ്പല്‍ കൊല്‍ക്കത്തയില്‍നിന്നും മദിരാശിയില്‍ നിന്നും പോര്‍ട്ട്‌ബ്ലെയറിലേക്ക് നിരന്തരം ഓടിക്കൊണ്ടേയിരുന്നു. പുതിയ കുടിയേറ്റക്കാരുടെയും അവര്‍ക്കൊപ്പം കച്ചവട ചരക്കുകളുടെയും വരവ് തുടര്‍ന്നു. പോര്‍ട്ട് ബ്ലെയറില്‍ പവര്‍ഹൗസ് സ്ഥാപിച്ചു. ദില്‍ത്തമാന്‍ ടാങ്കില്‍നിന്നും കുടിവെള്ള വിതരണം തുടങ്ങി. കൈദികള്‍ കുഴിച്ചുണ്ടാക്കിയ രണ്ടു വലിയ കുളങ്ങള്‍ അവിടെയുണ്ടായിരുന്നു. ബാംബുഫ്‌ലോട്ടില്‍ ക്ഷയരോഗാശുപത്രി നിലവില്‍ വന്നു.  ഇതിനെല്ലാം മുമ്പ് ജയില്‍ നിലവില്‍ വന്നു. അതിനു ശേഷം സെല്ലുലാര്‍ ജയിലും.

JARVA

ശിക്ഷ പൂര്‍ത്തിയാക്കിയ കൈദികള്‍ക്ക് അഞ്ചേക്കര്‍ ഭൂമിയും കൃഷി ചെയ്യാനുള്ള സഹായവും നല്‍കിയ ബ്രിട്ടിഷുകാര്‍ അവരെ കൃഷി ചെയ്യാന്‍ പ്രേരിപ്പിച്ചു. ആന്തമാനെ സമ്പന്നമായ ബ്രിട്ടിഷ് കോളനിയാക്കുക എന്നതായിരുന്നു ഉദ്ദേശ്യം. പകല്‍ സമയത്ത് ചങ്ങലയില്‍നിന്നു മോചനം ലഭിച്ചവരായിരുന്നു സാശ്ര്വയ കൈദികള്‍. അവര്‍ കുടുംബജീവിതം തുടങ്ങി. തടവുകാരായി എത്തിയ സ്ത്രീകളായിരുന്നു ഭാര്യമാര്‍. ജാതിയും മതവും നോക്കാതെ ഒന്നിച്ചു താമസിച്ചു. സ്ത്രീ പുരുഷ അനുപാതത്തില്‍ വന്‍ വ്യത്യാസമുണ്ടായിരുന്നു ആന്തമാനില്‍. ഇന്ത്യയില്‍നിന്നു സ്ത്രീകളെ വില്‍ക്കുന്ന കച്ചവടക്കാര്‍ ആന്തമാനിലെത്തി. അഞ്ചു രൂപ മുതല്‍ മുകളിലോട്ടായിരുന്നു  വില. പണം കൊടുത്തു വാങ്ങിയവര്‍ അവരെ ഭാര്യമാരാക്കി ഒപ്പം താമസിപ്പിച്ചു. നാട്ടിലെ ഭാര്യയെയും കുടുംബത്തെയും മറന്നു. ഭാഷയും ആചാരങ്ങളും നോക്കാതെ ആണും പെണ്ണും മാത്രമായി അവര്‍ ജീവിച്ചു. മക്കളുണ്ടായി. കുടുംബവും. പതിയെ ആന്തമാനില്‍ ഒരു സംസ്‌കാരം ഉടലെടുക്കുകയായിരുന്നു.

ആന്തമാനിലെ മലബാര്‍

1921ലെ മലബാര്‍ ലഹളയ്ക്കു ശേഷം മാപ്പിളമാരെ കൂട്ടത്തോടെ ആന്തമാനിലേക്ക് നാടുകടത്തി. സെല്ലുലാര്‍ ജയിലിലെ അധിക മുറികളിലെയും തടവുകാര്‍ മാപ്പിളമാരായി. ആയിരത്തിലേറെ മാപ്പിളമാരാണ് കൈദികളായി ജയിലിലെത്തിയത്. ഇതിനിടെ നേരത്തേ വന്ന കൈദികള്‍ മോചിതരായി സ്വാശ്രയ ജീവിതം തുടങ്ങിയിരുന്നു. ജയില്‍ മോചിതരായ കൈദികളെ പുതിയ ഇടങ്ങളിലേക്ക് കുടിയിരുത്തേണ്ടിവന്നു. ആദ്യം മോചിപ്പിക്കപ്പെട്ടവര്‍ പോര്‍ട്ട് ബ്ലെയറിലെ വിവിധയിടങ്ങളില്‍ കുടില്‍ കെട്ടി താമസം തുടങ്ങി. പിന്നീടുള്ളവരെ മറ്റു ദ്വീപിലേക്കു മാറ്റി. അങ്ങനെ പുതിയ പ്രദേശങ്ങള്‍ നിലവില്‍ വന്നു. ഹസ്മത്താബാദ്, കാലിക്കറ്റ്, നയാഹസാര്‍, മഞ്ചേരി, മലപ്പുറം, വണ്ടൂര്‍, തിരൂര്‍… ആന്തമാനില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ മാപ്പിള തടവുകാര്‍ക്കായി പുതിയ നാടുകള്‍ രൂപം കൊണ്ടു. അമ്പും വില്ലുമായി ജര്‍വകള്‍ വിഹരിക്കുന്ന കാടിനടുത്തുള്ള പ്രദേശമായിരുന്നു തിരൂര്‍. ആന്തമാനില്‍ ഏറ്റവും അപകടകരമായ പ്രദേശം. ഇവിടെയാണ് മാപ്പിളമാരെ കൂടുതലായി കുടിയിരുത്തിയത്.

ജപ്പാന്‍കാരുടെ ക്രൂരതകള്‍

JAIL

രണ്ടാം ലോകയുദ്ധത്തിനു ശേഷം ആന്തമാന്‍ കീഴടക്കിയ ജപ്പാന്റെ സമാനതകളില്ലാത്ത ക്രൂരതകള്‍ കുണ്ടനി മുഹമ്മദ് വിവരിക്കുന്നു.  1942 ജനുവരി ഏഴിന് റങ്കൂണ്‍ ജപ്പാന്‍ സൈന്യത്തിനു മുന്നില്‍ കീഴടങ്ങിയതോടെ ആന്തമാനിലും ബ്രിട്ടിഷുകാര്‍ പരാജയം സമ്മതിച്ചു. ഫെബ്രുവരി ഒന്നിന് ജപ്പാന്‍ ബോംബര്‍ വിമാനം അബര്‍ധീല്‍ ബോട്ടുജെട്ടിയില്‍ ബോംബിട്ടു. ജപ്പാന്റെ യുദ്ധക്കപ്പലുകള്‍ പോര്‍ട്ട്‌ബ്ലെയറിനെ ലക്ഷ്യമാക്കി യാത്ര പുറപ്പെട്ടു. മുതിര്‍ന്ന ബ്രിട്ടിഷ് സൈനിക ഉദ്യോഗസ്ഥനും ഇന്റലിജന്‍സ് തലവനുമായ മക്കാര്‍ത്തി ജനങ്ങളോടു പോര്‍ട്ട്‌ബ്ലെയര്‍ ഒഴിയാനും ബ്രിട്ടിഷ് സേനയ്ക്കു സംരക്ഷിക്കാനാവില്ലെന്നും അറിയിച്ചു. അതേ വര്‍ഷം മാര്‍ച്ച് 23ന് ജപ്പാന്‍ സൈന്യം ആന്തമാനിലിറങ്ങി. ഒരു ചെറുത്തുനില്‍പ്പുമില്ലാതെ ആന്തമാന്‍ ജപ്പാന് കീഴടങ്ങി. ഏഷ്യന്‍ രാജ്യങ്ങളുടെ മോചനമെന്ന പ്രഖ്യാപനവുമായി ബ്രിട്ടനോട് ഏറ്റുമുട്ടുന്ന ജപ്പാനെ ആന്തമാനിലെ ഇന്ത്യക്കാരും പ്രതീക്ഷയോടെയാണ് കണ്ടത്. ഇതിനു പുറമെ നേതാജി സുഭാഷ് ചന്ദ്രബോസും ജപ്പാന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. തുടക്കത്തില്‍ നല്ല രീതിയിലാണ് ജപ്പാന്‍കാര്‍ പെരുമാറിയത്. ആന്തമാനില്‍ നിന്നും പിന്‍വാങ്ങിയ ബ്രിട്ടിഷുകാര്‍, ബോംബിങ് തുടങ്ങിയതോടെ ബ്രിട്ടിഷുകാര്‍ക്ക് ദ്വീപില്‍നിന്നു വിവരങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ജപ്പാന്‍കാര്‍ സംശയിച്ചു. ഇതോടെ കൈദികളെയും സ്വതന്ത്രരെയും ജപ്പാന്‍ ശത്രുക്കളായി കണ്ടു. പിന്നീട് ബ്രിട്ടിഷുകാര്‍ പോലും കാണിക്കാത്ത ക്രൂരതകളാണ് അരങ്ങേറിയത്.

യുദ്ധം കൊടുമ്പിരികൊണ്ട നാളുകളില്‍ ആന്തമാന്‍ കൊടുംപട്ടിണിയിലായി. നേരത്തെയുണ്ടായിരുന്ന റേഷന്‍ വിതരണം ബ്രിട്ടിഷുകാര്‍ പോയതോടെ നിലച്ചു. ഇതോടെ സൈന്യത്തിനും ഓഫിസര്‍മാര്‍ക്കും ഭക്ഷണം തേടി പട്ടാളക്കാര്‍ വീടുകള്‍ കയറിയിറങ്ങാന്‍ തുടങ്ങി. വളര്‍ത്തു മൃഗങ്ങളുടെ കണക്കെടുത്തു. അവയെ അറുക്കരുതെന്നും ജപ്പാന്‍ സൈന്യം ആവശ്യപ്പെടുമ്പോള്‍ നല്‍കണമെന്നും ആജ്ഞാപിച്ചു. നെല്ലും അരിയും എടുത്തു കൊണ്ടുപോയി. ഒരിക്കല്‍, പട്ടിണിയിലായ നാട്ടുകാര്‍ ജപ്പാന്‍കാരറിയാതെ ഒരു പോത്തിനെ അറുത്തു. രാത്രി കാട്ടില്‍ കൊണ്ടുപോയി രഹസ്യമായാണ് ചെയ്തതെങ്കിലും ജപ്പാന്‍ പട്ടാളത്തിന് വിവരം ലഭിച്ചു. കുറ്റം ഏറ്റെടുത്ത് രംഗത്തു വന്നയാളെ അതിക്രൂരമായാണ് ശിക്ഷിച്ചത്. ആന്തമാനിലെ പഴയ തലമുറയുടെ ഓര്‍ മയില്‍ ഇപ്പോഴും അതുണ്ടെന്ന് നോവലിസ്റ്റ് ചൂണ്ടിക്കാട്ടി.

JAPAN

രാക്ഷസീയമായ ശിക്ഷാരീതികള്‍
അനുമതിയില്ലാതെ പോത്തിനെ അറുത്തതിന് ജപ്പാന്‍ നല്‍കിയ ശിക്ഷ രാക്ഷസീയമായിരുന്നു. രണ്ടു കമുകുകള്‍ കയറുപയോഗിച്ച് വലിച്ച് വളച്ചു ചേര്‍ത്തു നിര്‍ത്തി അതില്‍ ഓരോന്നിന്റെയും തലപ്പത്ത് പ്രതിയുടെ ഇരു കാലുകളും കെട്ടി. കമുകുകള്‍ കെട്ടിയ കയറുകള്‍ അഴിച്ചുവിട്ടതോടെ അവ ആകാശത്തേക്ക് ഇരുഭാഗത്തേക്കുമായി ഉയര്‍ന്നു. കെട്ടിയിടപ്പെട്ടയാളുടെ ശരീരം രണ്ടു ഭാഗങ്ങളായി ചീന്തി തെറിച്ചു. ജപ്പാന്‍ സൈന്യം നിരന്തരമായി ക്രൂരതകള്‍ തുടര്‍ന്നു. കൈയേറ്റങ്ങളും വെടിവച്ചു കൊല്ലലും ആവര്‍ത്തിച്ചു. പോര്‍ട്ട് ബ്ലെയറിലെ പഴയ തലമുറ ഇന്നും ഓര്‍ക്കുന്നതാണ് സണ്ണി എന്ന ആഷിഖ് അലിയുടെ ചരിത്രം.

മികച്ച ക്രിക്കറ്ററും പാട്ടുകാരനുമായ സണ്ണിയുടെ കളി കാണാന്‍ ബ്രൗണിങ് ക്ലബ്ബ് മൈതാനിയില്‍ നാട്ടുകാര്‍ എത്തുമായിരുന്നു. പോര്‍ട്ട് ബ്ലെയറില്‍ എല്ലാവര്‍ക്കും പ്രിയങ്കരനായിരുന്നു ഇരുപതുകാരനായ ആ യുവാവ്. ജപ്പാന്‍ പട്ടാളക്കാര്‍ സഹോദരിയെ മാനഭംഗപ്പെടുത്താനെത്തിയപ്പോള്‍ അവരെ വെടിവച്ചു എന്നതായിരുന്നു സണ്ണിയുടെ കുറ്റം. വീടുകള്‍ക്ക് കൂട്ടത്തോടെ തീയിട്ട് സണ്ണിയെ അവര്‍ കീഴടങ്ങാന്‍ നിര്‍ബന്ധിച്ചു. അന്നത്തെ പോലിസ് സൂപ്രണ്ട് നാരായണ്‍ റാവുവിനു മുന്നില്‍ സണ്ണി കീഴടങ്ങി. അതികഠിനമായ ശിക്ഷയും വേദനാജനകമായ മരണവുമായിരുന്നു സണ്ണിയെ കാത്തിരുന്നത്. ജൂ-ജുട്-സൂ എന്ന ശിക്ഷയ്ക്കാണ് സണ്ണിയെ വിധേയനാക്കിയത്. അതും വീട്ടുകാരുടെയും നാട്ടുകാരുടയും മുന്നിലിട്ടുകൊണ്ട്. ശരീരത്തിലെ എല്ലാ സന്ധികളും അടിച്ചുതകര്‍ക്കലാണ് ജൂ-ജുട്-സൂ. സണ്ണി ക്രിക്കറ്റ് കളിച്ചുനടന്ന അതേ ബ്രൗണിങ് ക്ലബ്ബ് മൈതാനിയില്‍ വച്ച് ശിക്ഷ നടപ്പാക്കി.

ശരീരത്തില്‍നിന്നു സന്ധികളെല്ലാം അടിച്ചു വേര്‍പെടുത്തി. സണ്ണി ഒരു പുഴുവിനെപ്പോലെ മൈതാനത്തിലൂടെ വെള്ളത്തിനായി ഇഴഞ്ഞു. ഒടുവില്‍ ക്യാപ്റ്റന്‍ ഹഷീദ സണ്ണിയെ പിടിച്ചു നിര്‍ത്തി നെഞ്ചിലേക്കു നിറയൊഴിച്ചു. ബ്രൗണിങ് ക്ലബ്ബ് മൈതാനിയില്‍ സ്ഥാപിച്ച ഗാന്ധിജിയുടെ പ്രതിമയ്ക്കു സമീപം സണ്ണിയുടെ ഖബര്‍ ഇന്നുമുണ്ട്. സണ്ണിയോടൊപ്പം ജീവിച്ചിരുന്നവര്‍ അവിടെയെത്തി അന്ത്യോപചാരം അര്‍പ്പിക്കാറുണ്ടെന്ന് കുണ്ടനി മുഹമ്മദ് ഓര്‍മിക്കുന്നു.
ക്രൂരതകള്‍ ആവര്‍ത്തിക്കുമ്പോഴും ഇന്ത്യക്കാരോടൊപ്പമാണ് തങ്ങളെന്ന് ജപ്പാന്‍ നേതാക്കള്‍ ആവര്‍ത്തിച്ചിരുന്നു. സുഭാഷ് ചന്ദ്രബോസിന്റെ ഐഎന്‍എയ്ക്ക് എല്ലാ സഹായവും നല്‍കി. പക്ഷേ, ഇതേ സമയംതന്നെ ആന്തമാനിലെ ഐഎന്‍എ നേതാവും ജില്ലാ മെഡിക്കല്‍ ഓഫിസറുമായ ഡോ. ദിവാന്‍ സിങിനെ ജപ്പാന്‍ സേന ക്രൂരമായി മര്‍ദ്ദിച്ച് ജയിലിലിട്ടിരുന്നു. അദ്ദേഹത്തിന്റെ നട്ടെല്ല് അടിയേറ്റ് തകര്‍ന്നിരുന്നു. ജപ്പാന്‍ സേനയുടെ ക്രൂരതകളെ എതിര്‍ത്തതായിരുന്നു കാരണം.

നേതാജി വന്നപ്പോള്‍

JAPAN 21943 ഡിസംബര്‍ 29ന് നേതാജി സുഭാഷ് ചന്ദ്രബോസ് ആന്തമാന്‍ സന്ദര്‍ശിക്കാനെത്തി. അഡ്മിറല്‍ ഇഷികാവ നേതാജിയെ ആനയിച്ചു. റോസ് ദ്വീപില്‍ ബ്രിട്ടിഷ് ചീഫ് കമ്മീഷണര്‍ താമസിച്ചിരുന്ന ബംഗ്ലാവിലാണ് നേതാജി താമസിച്ചത്. ഐഎന്‍എ പ്രവര്‍ത്തകരെ പോലും ജയിലിലിട്ട് ജപ്പാന്‍ സൈന്യം പീഡിപ്പിക്കുന്നത് നേതാജിയെ അറിയിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. പേരിനു മാത്രമാണ് ഇന്ത്യക്കാര്‍ക്ക് നേതാജിയുമായി ഇടപെടാന്‍ സമയം അനുവദിച്ചത്. അതും ജപ്പാന്‍ രഹസ്യപ്പോലിസിന്റെ കര്‍ശന നിരീക്ഷണത്തില്‍. ജിംഖാന മൈതാനിയില്‍ നേതാജി പ്രസംഗിച്ചു. അതിനുശേഷം അദ്ദേഹം ജയില്‍ സന്ദര്‍ശിക്കാനെത്തി. നേതാജിയെ ഒരു നോക്കുകാണാന്‍ ഡോ. ദിവാന്‍ സിങ് ജയിലില്‍ കാത്തുകിടന്നു. പക്ഷേ, അദ്ദേഹത്തെ അടച്ചിട്ട സെല്ലിലൊഴികെ മറ്റിടങ്ങളില്‍ മാത്രമാക്കി സൈന്യം നേതാജിയുടെ ജയില്‍ സന്ദര്‍ശനം ഒതുക്കി. ജപ്പാന്‍ സൈന്യം ഇന്ത്യക്കാരോട് ചെയ്യുന്ന ക്രൂരതകളൊന്നും അറിയാതെ നേതാജി ആന്തമാനില്‍ നിന്നും മടങ്ങുകയും ചെയ്തു. നേതാജി മടങ്ങിപ്പോയി ദിവസങ്ങള്‍ക്കകം അദ്ദേഹത്തിന്റെ അനുയായികളില്‍ പലരും ആന്തമാനില്‍ കൊലചെയ്യപ്പെട്ടു.

1945 സപ്തംബര്‍ രണ്ടിന് ജപ്പാന്‍ ഐക്യ കക്ഷികള്‍ക്ക് കീഴടങ്ങിയതോടെ ആന്തമാന്‍ വീണ്ടും ബ്രിട്ടന്റെ അധീനതയിലായി. ജപ്പാന്‍ സൈന്യത്തിന്റെ ക്രൂരതകളും പട്ടിണിയും കാരണം അവരെ കഠിനമായി വെറുത്ത ദ്വീപ് നിവാസികള്‍ ബ്രിട്ടിഷുകാരുടെ തിരിച്ചുവരവ് സന്തോഷത്തോടെയാണ് കണ്ടത്. ബ്രിട്ടിഷുകാരും,   സമീപനത്തില്‍ മാറ്റം വരുത്തി. 1858 മുതല്‍ ബ്രിട്ടന്‍ ആന്തമാന്‍ ദ്വീപില്‍ നടപ്പാക്കിയ ശിക്ഷാ അധിനിവേശം അവസാനിച്ചതായി പ്രഖ്യാപിച്ചു. ആന്തമാന്‍ ദ്വീപുകള്‍ അതോടെ സ്വതന്ത്ര ജില്ലയായി മാറി. ആര്‍ക്കും അവിടേക്കു വരാനും പോവാനും അനുവാദം നല്‍കി. പക്ഷേ, ഐഎന്‍എയെ പിന്തുണച്ചവരെ ശിക്ഷിച്ചു. വിചാരണ നടത്തി വെടിവച്ചുകൊന്നു. വിചിത്രമാണല്ലോ അധികാരത്തിന്റെ വഴികള്‍.

സ്വാതന്ത്ര്യത്തിന്റെ ഖവാലിഗീതങ്ങള്‍

ആന്തമാനില്‍ സ്വാതന്ത്ര്യത്തിന്റെ ആവേശം ഖവാലിയിലൂടെയാണ് പടര്‍ന്നതെന്ന് കുണ്ടനി മുഹമ്മദ് പറഞ്ഞു.. ശിക്ഷ കഴിഞ്ഞ് സ്വതന്ത്രരായവര്‍ കൂട്ടമായി പാടി, ‘മംഗള്‍ പാണ്ഡേ…’. മംഗള്‍ പാണ്ഡെയുടെ ഖവാലി ആന്തമാനില്‍ ദേശസ്‌നേഹത്തിന്റെ വിത്തുകള്‍ വിതച്ചു കൊണ്ടേയിരുന്നു. ഇത് പാടുന്നത് ബ്രിട്ടിഷുകാരും ജപ്പാന്‍ സൈന്യവും വിലക്കിയെങ്കിലും രഹസ്യമായി ഇതു പ്രചരിച്ചു. ഇന്ത്യയുടെ വിഭിന്ന പ്രദേശങ്ങളില്‍ നിന്നെത്തിയ സ്വാതന്ത്ര്യ സമരസേനാനികള്‍ മംഗള്‍ പാണ്ഡേയ്‌ക്കൊപ്പം തന്റെ നാടിന്റെ സമരചരിത്രവും പാട്ടായി കൂട്ടിച്ചേര്‍ത്തു. അങ്ങനെ വാഗണ്‍ ട്രാജഡിയും ആലി മുസ്‌ല്യാരുമെല്ലാം ഖവാലിയില്‍ പുനര്‍ജനിച്ചു. ആന്തമാനില്‍, പോര്‍ട്ട്‌ബ്ലെയറില്‍, റോസില്‍ ഇന്ത്യക്കാരുള്ള എല്ലായിടങ്ങളിലും മംഗള്‍പാണ്ഡേ അലയടിച്ചു. ആന്തമാനിലെ സ്വാതന്ത്ര്യദിനം നോവലിസ്റ്റ് വിവരിക്കുന്നതിങ്ങനെ: റേഡിയോയില്‍നിന്നു ദേശഭക്തി ഗാനങ്ങള്‍ അലയടിച്ചു. ജനങ്ങള്‍ ജിംഖാന മൈതാനത്തിലേക്ക് ത്രിവര്‍ണപ്പതാക വീശിയെത്തി. ഡോ. ദിവാന്‍ സിങ് കീ ജയ്, മൗലാന ഖൈരാബാദി കീ ജയ്, ജനങ്ങക്കൂട്ടം ഓര്‍മയില്‍നിന്നും പേരെടുത്തുവിളിച്ച് കൊല്ലപ്പെട്ട നാട്ടുകാരെ, സഹപ്രവര്‍ത്തകരെ ഓര്‍ത്തു, അവരുടെ പേര് വിളിച്ചു പറഞ്ഞു. ചീഫ് കമ്മീഷണര്‍ മജീദ് ത്രിവര്‍ണപ്പതാക ഉയര്‍ത്തി. പോലിസിന്റെയും സേനയുടെയും വിദ്യാര്‍ഥികളുടെയും സല്യൂട്ട് സ്വീകരിച്ചു.
അന്നു രാത്രി പഹാഡ് ഗാവില്‍ ഗോവിന്ദ് റാവുവിന്റെ വീട്ടില്‍ ഖവാലി സന്ധ്യ. 85കാരനായ ഗോവിന്ദ്് റാവു ഖവാലിയുടെ ആദ്യത്തെ വരി പാടി, സ്വാതന്ത്ര്യത്തോടെ, ആവേശത്തോടെ മംഗള്‍ പാണ്ഡേ… കൈയില്‍ ഉയര്‍ത്തിപ്പിടിച്ച തോക്ക്…’

കാട്ടുജാതിക്കാരായ ആന്തമാനികളുടെയും ആദിവാസികളായ ജര്‍വകളുടെയും ഓംഗികളുടെയും നാടായിരുന്ന ആന്തമാന്റെ ഇന്നത്തെ അവസ്ഥയെന്താണ്?  കുണ്ടനി മുഹമ്മദ് പറഞ്ഞു: കഷ്ടമാണവരുടെ കാര്യം.  അവിടേക്കു വന്നവരെ അവര്‍ അമ്പും വില്ലുമായി ആക്രമിച്ചത് സ്വന്തം ജീവിത പരിസരങ്ങള്‍ സംരക്ഷിക്കാനായിരുന്നു. ബ്രിട്ടിഷുകാര്‍ കോളനി വികസനത്തിനു വേണ്ടി അവരെ വെടിവച്ചു  കൊന്നു. ആട്ടിയോടിച്ചു.

1947നു ശേഷം ബ്രിട്ടിഷുകാര്‍ പോയപ്പോള്‍ ജര്‍വകളുടെ ശത്രു ഇന്ത്യക്കാരായി. കാട്ടിലൂടെ റോഡ് നിര്‍മിക്കാനെത്തിയ ഉദ്യോഗസ്ഥരെ ജര്‍വകള്‍ ആക്രമിച്ചു കൊലപ്പെടുത്തിയിരുന്നു. അവസാനം 1982ല്‍ വനത്തെ രണ്ടായി പകുത്ത് ഗ്രാന്റ് ട്രങ്ക് റോഡ് നിലവില്‍ വന്നതോടെ ജര്‍വകളും ആന്തമാനികളും കീഴടങ്ങലിന്റെ അവസ്ഥയിലെത്തി. ഇപ്പോള്‍ ഗ്രാന്റ് ട്രങ്ക് റോഡിന്റെ ഇരുവശവും നിന്ന് ഭക്ഷണത്തിനു വേണ്ടി യാചിക്കുന്ന ജര്‍വകളും ആന്തമാനികളുമാണുള്ളത്. അവര്‍ക്ക് കാട് നഷ്ടമായി. ഭക്ഷണം ലഭിച്ചിരുന്ന ഉറവിടങ്ങളും. ആവര്‍ത്തിക്കുന്ന അധിനിവേശത്തില്‍ എല്ലാം നഷ്ടമായ ആദിവാസികളുടെയും കൂടി ചരിത്രമാണ് ആന്തമാന്‍- ഹൃദയഭേദകമായ ഒരുപാട് സംഭവങ്ങളിലൂടെയും എണ്ണമില്ലാത്ത കഥാപാത്രങ്ങളിലൂടെയും കടന്നുപോവുന്ന ഈ നോവല്‍ ആന്തമാന്റെ ഇതിഹാസം തന്നെയാണ്.

ി(അവസാനിച്ചു)

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss