|    Nov 19 Mon, 2018 4:07 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

നേതാക്കളെ ക്രൂശിക്കാനുള്ള നീക്കം യുഡിഎഫ് ചെറുക്കും: മുസ്‌ലിംലീഗ്

Published : 13th November 2017 | Posted By: fsq

 

മലപ്പുറം: സോളാര്‍ കമ്മീഷന്‍ റിപോര്‍ട്ടില്‍ യാതൊരു വിശ്വാസ്യതയുമില്ലെന്ന് മുസ്‌ലിംലീഗ്. രാഷ്ട്രീയ ജീവിതത്തില്‍ എന്നും സുതാര്യത പുലര്‍ത്തിയ ഉമ്മന്‍ചാണ്ടിയെപ്പോലുള്ളവരെ ക്രൂശിക്കുക മാത്രമാണ് ഇടതുപക്ഷം സോളാര്‍ കേസുകൊണ്ട് ലക്ഷ്യമാക്കുന്നതെന്നും ഇതിനെ യുഡിഎഫ് ഒറ്റക്കെട്ടായി നേരിടുമെന്നും മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ മലപ്പുറം ജില്ലാ ലീഗ് ഓഫിസില്‍ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. സോളാറുമായി ബന്ധപ്പെട്ട് ഇടതുപക്ഷം ഉന്നയിക്കുന്ന വസ്തുതാവിരുദ്ധമായ ആരോപണങ്ങളൊന്നും യുഡിഎഫിന്റെ കെട്ടുറപ്പിന് ഒരു പോറല്‍പോലും ഏല്‍പ്പിച്ചിട്ടില്ല. കേസില്‍ അന്വേഷണ കമ്മീഷന്റെ ധാര്‍മികതയും വിശ്വാസ്യതയും സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന റിപോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. നിരവധി രാഷ്ട്രീയ നേതാക്കള്‍ക്കെതിരേ ആരോപണം ഉയര്‍ന്ന ഒരു സംഭവത്തെക്കുറിച്ച് അന്വേഷിക്കുമ്പോള്‍ വസ്തുതകള്‍ കൃത്യമായി പരിശോധിക്കാതെ നിഗമനങ്ങളും തീരുമാനങ്ങളും കൈക്കൊള്ളുകയായിരുന്നു കമ്മീഷന്‍. ഒരു സ്ത്രീയുടെ കത്തും ചില ഫോണ്‍കോളും മാത്രം അടിസ്ഥാനമാക്കി ഉയര്‍ന്ന ആരോപണങ്ങളാണ് സോളാര്‍ കേസ്. ഈ കത്തിന്റെ വിശ്വാസ്യത തന്നെ ഇപ്പോള്‍ തകര്‍ന്നിരിക്കുന്നു. സോളാര്‍ വിഷയത്തില്‍ അഴിമതിയാണു പറയുന്നതെങ്കില്‍ കമ്മീഷന്‍ ഇതിന്റെ വിശദാംശങ്ങളിലേക്ക് പോയിട്ടുപോലുമില്ലെന്നും അദ്ദേഹം പറഞ്ഞു.ഗെയില്‍ പൈപ്പ്‌ലൈന്‍ സംബന്ധിച്ച് ജനങ്ങളുടെ ആശങ്ക ദൂരീകരിക്കണമെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് ആവശ്യപ്പെട്ടു. ഗെയില്‍ വിഷയത്തില്‍ യോഗം വിശദമായ ചര്‍ച്ച നടത്തി. മതിയായ നഷ്ടപരിഹാരം ലഭ്യമാക്കണം എന്ന ആവശ്യത്തില്‍ നിന്ന് മുസ്‌ലിംലീഗ് പിന്നോട്ടു പോവില്ല. എന്നാല്‍ വികസന പദ്ധതികളോട് പാര്‍ട്ടിക്കോ ജനപ്രതിനിധികള്‍ക്കോ യാതൊരു എതിര്‍പ്പുമില്ല. ഇക്കാര്യം മുഖ്യമന്ത്രിയുമായി നടന്ന ചര്‍ച്ചയില്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ പ്രഖ്യാപിച്ച നഷ്ടപരിഹാര പാക്കേജ് സംബന്ധിച്ച് പഠിച്ച ശേഷം പ്രതികരിക്കുമെന്നും കെ പി എ മജീദ് പറഞ്ഞു. ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എംപി, പി വി അബ്ദുല്‍ വഹാബ് എംപി, എം പി അബ്ദുസ്സമദ് സമദാനി, സി ടി അഹമ്മദലി, എം ഐ തങ്ങള്‍, എം സി മായിന്‍ഹാജി, കെ കുട്ടിഅഹമ്മദ്കുട്ടി, ടിപിഎം സാഹിര്‍, ടി എം സലീം, എം കെ മുനീര്‍, കെ വി മുഹമ്മദ്കുഞ്ഞി, അഡ്വ. കെഎന്‍എ ഖാദര്‍, വി കെ ഇബ്രാഹിംകുഞ്ഞ്, കെ എം ഷാജി, കെ എസ് ഹംസ, സി മോയിന്‍കുട്ടി, സി പി ബാവഹാജി, അഡ്വ. യുഎ ലത്തീഫ് പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss