|    Dec 10 Mon, 2018 4:39 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

നെഹ്‌റു യുഗത്തിന്റെ അവസാനത്തെ കണ്ണി

Published : 19th August 2018 | Posted By: kasim kzm

ഇന്ദ്രപ്രസ്ഥം  – നിരീക്ഷകന്‍

അടല്‍ബിഹാരി വാജ്‌പേയിയുടെ കാലവും കഴിഞ്ഞതോടെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നെഹ്്‌റു യുഗം അവസാനിക്കുകയാണ്. ഒരുനിലയ്ക്കു നോക്കിയാല്‍ വാജ്‌പേയിയുടെ തിരോധാനം നെഹ്്‌റു യുഗത്തിന് കര്‍ട്ടനിടുന്നു എന്നു പറയുന്നത് വിരോധാഭാസമാണ്. കാരണം, 1957ല്‍ പാര്‍ലമെന്റില്‍ അംഗമായ വാജ്‌പേയി അന്നുമുതല്‍ അന്ത്യശ്വാസം വരെ കോണ്‍ഗ്രസ് വിരുദ്ധനായിരുന്നു. അഞ്ചുവര്‍ഷം അധികാരത്തില്‍ തുടര്‍ന്ന ആദ്യത്തെ കോണ്‍ഗ്രസ് ഇതര പ്രധാനമന്ത്രി എന്നതാണ് വാജ്‌പേയിയെ വ്യത്യസ്തനാക്കുന്ന ഘടകവും.
എന്നാലും, വാജ്‌പേയി നെഹ്‌റു യുഗത്തിന്റെ പ്രതിനിധിയായിരുന്നു എന്നു തീര്‍ച്ച. മന്‍മോഹന്‍ജിയും അതുതന്നെയാണു പറഞ്ഞത്. നെഹ്‌റുവിന്റെ രാഷ്ട്രസങ്കല്‍പവും വിദേശനയങ്ങളും സ്വാംശീകരിച്ച നേതാവ് എന്നാണ് മന്‍മോഹന്‍ജി അദ്ദേഹത്തെക്കുറിച്ചു പറഞ്ഞത്.
ആര്‍എസ്എസില്‍ നിന്നു വന്ന വാജ്‌പേയി എങ്ങനെ നെഹ്‌റു യുഗത്തിന്റെ പ്രതിനിധിയാവും എന്ന ചോദ്യം സ്വാഭാവികം. അതിന് ഉത്തരം, ഇന്നത്തേതില്‍ നിന്നു വ്യത്യസ്തമായ ഒരു രാഷ്ട്രീയ-ഭരണ സംവിധാനമാണ് സ്വാതന്ത്ര്യത്തിനുശേഷമുള്ള ആദ്യ നാളുകളില്‍ ഉണ്ടായിരുന്നത് എന്നതു തന്നെ. കോണ്‍ഗ്രസ്സില്‍ നെഹ്‌റു മാത്രമല്ല, വല്ലഭ്ഭായ് പട്ടേലും പുരുഷോത്തംദാസ് ഠണ്ഡനും ഗോവിന്ദ് വല്ലഭ് പന്തും ഒക്കെ ഉണ്ടായിരുന്നു. ഈ നേതാക്കളില്‍ പലരും പകല്‍ കോണ്‍ഗ്രസ്സും രാത്രി കുറുവടിയും എന്ന മട്ടില്‍ പ്രവര്‍ത്തിച്ചവരാണ്. അവരോട് ഇന്നും നാഗ്്പൂരിലെ നേതൃത്വത്തിനു അകമഴിഞ്ഞ നന്ദിയുണ്ടുതാനും. അവരില്‍ ചിലരാണ് നെഹ്‌റു പ്രധാനമന്ത്രിയായിരിക്കെ ബാബരി മസ്ജിദില്‍ നട്ടപ്പാതിരയ്ക്കു വിഗ്രഹം കൊണ്ടുവച്ചത്. നെഹ്‌റുവിനെ നോക്കുകുത്തിയാക്കി നിര്‍ത്തി തങ്ങളുടെ സ്വന്തം അജണ്ട നടപ്പാക്കിയ നേതാക്കള്‍ അനവധി. അവരില്‍ പലരുടെയും കുത്തുവാക്കുകളും പാരവയ്പുകളും നേരിട്ടാണ് ജവഹര്‍ലാല്‍ നെഹ്‌റു തന്റെ ജീവിതാന്ത്യകാലം കഴിച്ചുകൂട്ടിയത്.
വാജ്‌പേയി എതിര്‍പക്ഷത്തായിരുന്നുവെങ്കിലും യോഗ്യനും മാന്യനുമായിരുന്നു എന്ന് കാര്യങ്ങള്‍ അറിയുന്നവര്‍ പറയുന്നു. 1957ലാണ് വാജ്‌പേയി ആദ്യമായി ലോക്‌സഭയിലെത്തിയത്. അതിചതുരനായ വാഗ്്മി. കൃത്യമായ നിലപാടുകള്‍. അസാധാരണമായ കര്‍മകുശലത. ഒന്നാന്തരം നയതന്ത്രജ്ഞത. ഇദ്ദേഹം ഭാവിയില്‍ പ്രധാനമന്ത്രിയാവുമെന്ന് നെഹ്്‌റു അന്നേ പ്രവചിക്കുകയുണ്ടായത്രേ.
ഒരുപക്ഷേ, തന്റെ പാര്‍ട്ടിയുടെ കാലം അധികം കഴിയാതെ അവസാനിക്കുമെന്ന് അന്നുതന്നെ നെഹ്‌റുവിനു ബോധ്യമായിട്ടുണ്ടാവണം. ചൈനായുദ്ധം കഴിഞ്ഞതോടെ നെഹ്‌റു മാനസികമായും ശാരീരികമായും തകര്‍ന്നുകഴിഞ്ഞിരുന്നു. വിമര്‍ശനങ്ങളുടെ കൂരമ്പുകള്‍ നാനാഭാഗത്തു നിന്നും വരുകയായിരുന്നു. സ്വന്തം വലംകൈയായിരുന്ന വി കെ കൃഷ്ണമേനോനെ രാജിവയ്പിച്ച് ബലികൊടുത്താണ് അന്ന് അദ്ദേഹം സ്വയം രക്ഷിച്ചത്.
കോണ്‍ഗ്രസ്സുകാര്‍ക്ക് ഒരു കാര്യത്തില്‍ മാത്രമേ താല്‍പര്യമുണ്ടായിരുന്നുള്ളൂ. എങ്ങനെയെങ്കിലും അധികാരത്തില്‍ കയറിപ്പറ്റണം. ചക്കരക്കുടത്തില്‍ കൈയിട്ടു വാരണം. നെഹ്‌റുവിന്റെ കാലത്തുതന്നെ അതിനുള്ള പിടിവലി ആരംഭിച്ചുകഴിഞ്ഞിരുന്നു. നെഹ്‌റുവും അന്തിമമായി അതുതന്നെയാണു ചെയ്തത്. വിശ്വാസപ്രമാണങ്ങളും ജനാധിപത്യ ആശയങ്ങളും ഒരുഭാഗത്ത്. മറുഭാഗത്ത് സ്വന്തം മകള്‍ ഇന്ദിരയെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധ്യക്ഷയായി അവരോധിച്ചതും നെഹ്‌റു തന്നെയാണ്. കോണ്‍ഗ്രസ്സിലെ തമ്മിലടിക്കുന്ന നേതാക്കളെ മെരുക്കിനിര്‍ത്താന്‍ മറ്റു വഴിയൊന്നും നെഹ്‌റു കണ്ടില്ല. അങ്ങനെ പാര്‍ട്ടിയെ നെഹ്‌റു കുടുംബം ഏറ്റെടുക്കുകയായിരുന്നു. അധികാരമുള്ള കാലത്തോളം അനുയായികള്‍ക്കു കഴിഞ്ഞുകൂടാനുള്ള വക കുടുംബം ഏര്‍പ്പെടുത്തിക്കൊടുക്കും. പ്രവിശ്യകളില്‍ പദവികള്‍ക്കു പഞ്ഞമുണ്ടായിരുന്നില്ല. അതിനാല്‍ നെഹ്‌റുവിന്റെയും ഇന്ദിരയുടെയും കാലത്ത് ഭരണത്തിനു വലിയ പ്രതിസന്ധിയൊന്നും നേരിടേണ്ടിവന്നില്ല.
അതിനാല്‍ പലപ്പോഴും രാജ്യതന്ത്രജ്ഞതയും ജനകീയ അടിത്തറയും പ്രകടിപ്പിച്ചത് പ്രതിപക്ഷത്തുനിന്നുള്ള നേതാക്കളായിരുന്നു. പാര്‍ലമെന്റില്‍ എകെജിയും പിലു മോദിയും ജ്യോതിര്‍മയി ബസുവും ഹിരണ്‍ മുഖര്‍ജിയും എ ബി വാജ്‌പേയിയും മധു ലിമായെയും ബനാത്ത്‌വാലയും ഒക്കെ നിറഞ്ഞുനിന്ന കാലം. അവരുടെ പാര്‍ട്ടികള്‍ ചെറുതായിരുന്നു. പക്ഷേ, അവരുടെ ജനപിന്തുണ വലുതായിരുന്നു. അവര്‍ പാര്‍ലമെന്റിലേക്കു കൊണ്ടുവന്ന അനുഭവമണ്ഡലവും ജനകീയ ഇച്ഛകളും വളരെ പ്രധാനമായിരുന്നു. ഇന്ദ്രപുരിയിലെ ദന്തഗോപുരങ്ങളില്‍ കഴിഞ്ഞുവന്ന കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നും ഏറെ വ്യത്യസ്തരായ മനുഷ്യര്‍.
അതുകൊണ്ടൊക്കെയാവണം, വാജ്‌പേയിക്കു വിട നല്‍കാന്‍ അതിവിപുലമായ ജനസഞ്ചയമാണ് കഴിഞ്ഞ ദിവസം ഇന്ദ്രപുരിയില്‍ തടിച്ചുകൂടിയത്. വളരെ വികാരവായ്പുള്ള അനുഭവങ്ങള്‍ ബാക്കിവച്ചാണ് അദ്ദേഹം യാത്ര പറയുന്നത്. ി

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss