|    Dec 17 Mon, 2018 4:18 pm
FLASH NEWS
Home   >  Kerala   >  

നെഹ്‌റു ട്രോഫി വള്ളം കളി ഇന്ന്; മത്സരത്തിന് 25 ചുണ്ടന്‍വള്ളങ്ങള്‍

Published : 13th August 2016 | Posted By: mi.ptk

nehru-trophy.

ആലപ്പുഴ: 64ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന് പുന്നമടക്കായലില്‍ നടക്കും. 25 ചുണ്ടന്‍ വള്ളങ്ങളുള്‍പ്പെ 66 കളിവള്ളങ്ങളാണ് മത്സത്തിനുള്ളത്. 75 മുതല്‍ 95 വരെ തുഴച്ചില്‍കാരുള്‍പ്പെടെ നൂറിലധികം പേര്‍ ഓരോ ചുണ്ടനിലും ഉണ്ടാകും. ഇത്രയധികം താരങ്ങള്‍ ഒന്നിച്ച് അണിനിരക്കുന്ന മറ്റൊരു കായിക ഇനവും വേറെ ഇല്ല എന്നുള്ളത് ചുണ്ടന്‍വള്ളം കളിയുടെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം വ്യത്യസ്തവുമാകുന്നു. വിദേശികളും ഇതരസംസ്ഥാനക്കാരും കേരളീയരുമുള്‍പ്പെടെയുള്ള വള്ളം കളിപ്രേമികള്‍ ദിവസങ്ങള്‍ക്ക് മുമ്പേ ആലപ്പുഴയിലെത്തിയിട്ടുണ്ട്.
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്‌റു 1952ല്‍ കുട്ടനാട് സന്ദര്‍ശനത്തിനെത്തിയപ്പോള്‍ സംഘടിപ്പിക്കപ്പെട്ട വള്ളം കളിയില്‍ വിജയിയായ ചുണ്ടന് നെഹ്‌റു സ്വന്തം കൈയ്യൊപ്പോടെ വെള്ളിയില്‍ തീര്‍ത്ത ട്രോഫി എത്തിക്കുകയായിരുന്നു. ഇതാണ് പിന്നീട് നെഹ്‌റുട്രോഫിയായത്.
66 വള്ളങ്ങളാണ് ഇത്തവണ മത്സരത്തിനുള്ളത്. ഇതില്‍ ചെറുവള്ളങ്ങളുടെ മത്സരം രാവിലെ തന്നെ ആരംഭിക്കും.  ഉച്ചയ്ക്ക് ശേഷം 2.30നാണ് ചുണ്ടന്‍ വള്ളങ്ങളുടെ മത്സരം നടക്കുക. ഗവര്‍ണര്‍  പി സദാശിവം ജലമേള ഉദ്ഘാടനം ചെയ്യും. മന്ത്രി ജി സുധാകരന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, പി തിലോത്തമന്‍,എംപിമാരായ കെസി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, ജില്ലയില്‍ നിന്നുള്ള എംഎല്‍എമാര്‍ എന്നിവരും ചടങ്ങില്‍ സംബന്ധിക്കും.
ഇത്തവണ വള്ളം കളിയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ 1കോടി രൂപ അനുവദിച്ചിട്ടുണ്ട്. പങ്കെടുക്കുന്ന തുഴച്ചിലുകാര്‍ക്കും കാണികള്‍ക്കും ഇന്‍ഷൂറന്‍സ് പരിരക്ഷയും ഉറപ്പാക്കിയിട്ടുണ്ട്. ചുണ്ടന്‍ വള്ളങ്ങള്‍ ഹീറ്റ്‌സ് മത്സരത്തില്‍ എടുത്ത സമയത്തിന്റെ അടിസ്ഥാനത്തിലാകും ഫൈനല്‍ പ്രവേശനം എന്നതടക്കം ഒട്ടേറെ സവിശേഷതകളുമായാണ് ഇത്തവണത്തെ വള്ളംകളി നടക്കുക. മത്സര ദൂരം 1175 മീറ്ററായി കുറച്ചിട്ടുണ്ട്. മുന്‍കാലങ്ങളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ 5 ചുണ്ടന്‍ വള്ളങ്ങള്‍ പ്രദര്‍ശന തുഴച്ചിലാകും നടത്തുക.വനിതകള്‍ തുഴയുന്ന 5 തെക്കനോടി വള്ളങ്ങളാണ് മത്സരത്തിനുള്ളത്. വിദ്യാര്‍ത്ഥികള്‍ തുഴയുന്ന മൂന്ന് വള്ളങ്ങളാണുള്ളത്. വള്ളം കളിയ്ക്ക് സുരക്ഷ ഉറപ്പാക്കാന്‍ 1800 പോലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. വള്ളംകളി വേദിയും നഗരവും സിസിടിവി നിരീക്ഷണത്തിലായിരിക്കും. രാവിലെ ഒമ്പത് മണിമുതല്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss