|    Aug 21 Mon, 2017 9:30 pm
FLASH NEWS

നെഹ്‌റു ട്രോഫി വള്ളംകളി : സുരക്ഷയൊരുക്കാന്‍ 2,000 പോലിസ് ; നഗരം സിസിടിവി നിരീക്ഷണത്തില്‍

Published : 11th August 2017 | Posted By: fsq

 

ആലപ്പുഴ: വള്ളംകളിയോടനുബന്ധിച്ച് സുരക്ഷാ ഡ്യൂട്ടിക്കും ട്രാഫിക് ക്രമീകരണങ്ങള്‍ക്കുമായും പുന്നമടയും പരിസര പ്രദേശങ്ങളും 14 സെക്ടറുകളായി തിരിച്ച് രണ്ടായിരം പോലിസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. ജില്ലാ പോലിസ് മേധാവിയുടെ നേതൃത്വത്തില്‍ 20 ഡിവൈഎസ്പി, 33 സി.ഐ., 353 എസ്‌ഐ എന്നിവരുള്‍പ്പടെയാണിത്. രാവിലെ ആറു മുതല്‍ പോലിസുദ്യോഗസ്ഥരെ വിന്യസിക്കും. പുന്നമടക്കായലിലും ജനങ്ങളുടെ സുരക്ഷയ്ക്കായി 40 ബോട്ടുകളിലായി പോലിസ് ഉദ്യോഗസ്ഥരെ പ്രത്യേകം നിയോഗിച്ചിട്ടുണ്ട്.  സുരക്ഷയുടെ ഭാഗമായി ആലപ്പുഴ നഗരം പൂര്‍ണ്ണമായും സിസിടിവി കാമറാ നിരീക്ഷണത്തിലായിരിക്കും. വള്ളംകളിയുടെ സുഗമമായ നടത്തിപ്പിനായി ഡോക്ക്ചിറയുടെ വടക്കുവശം കായലില്‍ മല്‍സര വള്ളങ്ങള്‍ക്ക് മാത്രം കടന്നുപോകാന്‍ ഇടയൊരുക്കി ബാരിക്കേഡ് കെട്ടും. അതുവഴി മറ്റ് ജലയാനങ്ങള്‍ വള്ളംകളി ട്രാക്കിലേക്ക് കയറുന്നത് ഒഴിവാക്കും. കാണികളില്‍ നിന്നുള്ള അനാവശ്യ ഇടപെടലുകള്‍ ഒഴിവാക്കാന്‍ സ്റ്റാര്‍ട്ടിങ് പോയിന്റിന്റെ ഇരുകരകളിലും സുരക്ഷയെ മുന്‍നിര്‍ത്തി ബാരിക്കേഡുകള്‍ സ്ഥാപിക്കും. വള്ളംകളി നടക്കുന്ന പുന്നമടയിലും പരിസര പ്രദേശങ്ങളിലും ജനത്തിരക്കിനിടയില്‍ മാല മോഷണം,  പോക്കറ്റടി മറ്റ് സാമൂഹി—കവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവ തടയുന്നതിനായി ഷാഡോ പോലിസ് ഉദ്യോഗസ്ഥരെയും സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരെയും മഫ്ടിയില്‍ നിയമിച്ചിട്ടുണ്ട്. നെഹ്‌റുട്രോഫി വള്ളംകളിയുടെ നിയമാവലികള്‍ അനുസരിക്കാത്ത വള്ളങ്ങളെയും അതിലുള്ള തുഴക്കാരെയും കണ്ടെത്തുന്നതിനും മറ്റ് നിയമലംഘകരെ കണ്ടെത്തുന്നതിനും വീഡിയോ കാമറകള്‍ ഏര്‍പ്പെടുത്തി. ഇത്തരക്കാരുടെ പേരില്‍ കര്‍ശന നിയമനടപടി സ്വീകരിക്കുന്നതാണ്. മല്‍സരസമയം കായലില്‍  ചാടി ട്രാക്കില്‍ കയറിയും മറ്റും മല്‍സരം തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നവരെ മല്‍സരം അലങ്കോലപ്പെടുത്തിയതായി കണ്ട് അറസ്റ്റ് ചെയ്ത് കര്‍ശന നിയമനടപടി സ്വീകരിക്കും. വള്ളംകളി നടക്കുന്ന സ്ഥലത്തും പരിസര പ്രദേശങ്ങളിലും മറ്റും മദ്യപാനം തടയുന്നതിന് റെയ്ഡുകള്‍ നടത്താന്‍ ഷാഡോ പോലിസ് ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. പാസ്സുള്ളവരെ മാത്രം പരിശോധിച്ച് കടത്തി വിടുന്നതിനായി ഫിനിഷിംഗ് പോയന്റ് പ്രധാന കവാടത്തിലേക്കുള്ള റോഡില്‍ ബാരിക്കേഡ് സ്ഥാപിച്ചിട്ടുണ്ട്. വളളംകളികാണാന്‍ ബോട്ടിലെത്തുന്നവര്‍ രാവിലെ 10 മണിക്ക്  മുന്‍പ് സ്ഥലത്ത് എത്തണം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക