|    Nov 25 Sat, 2017 10:58 am
FLASH NEWS

നെഹ്‌റു ട്രോഫിയുടെ ചരിത്രത്തിലാദ്യം ഓളപ്പരപ്പില്‍ ആവേശത്തിരയിളക്കാന്‍ 78 വള്ളങ്ങള്‍

Published : 3rd August 2017 | Posted By: fsq

 

ആലപ്പുഴ: നെഹ്‌റുട്രോഫി വള്ളംകളിയില്‍ ഏറ്റവും കൂടുതല്‍ വള്ളങ്ങള്‍ പങ്കെടുക്കുന്ന മേളയായി ഇക്കുറി മാറും. ഇതിനകം 78 വള്ളങ്ങളാണ് മത്സരത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ചരിത്രത്തിലാദ്യമായാണ് ഇത്രയും വള്ളങ്ങള്‍ മേളയില്‍ പങ്കെടുക്കുന്നത്. വള്ളംകളിക്കുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലേക്കു കടക്കുന്നതിനിടെ ആധുനിക സ്റ്റാര്‍ട്ടിങ് സംവിധാനം ഉറപ്പിക്കുന്നത് ശനിയാഴ്ചയോടെ പൂര്‍ത്തിയാക്കും. ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ആര്‍ രേഖയുടെ നേതൃത്വത്തിലുള്ള അടിസ്ഥാന സൗകര്യ സമിതി ഏഴിന് ഇതിന്റെ ട്രയല്‍ റണ്‍ നടത്തും. കൃത്യമായ ഫോട്ടോഫിനിഷിങ് പോലെ നിശ്ചലമായ സ്റ്റാര്‍ട്ടിങ് സംവിധാനമാണിത്. മൂന്നുതവണത്തെ അറിയിപ്പിനുശേഷം സ്റ്റാര്‍ട്ടിങ് ഡിവൈസ് ഷട്ടര്‍ ഒരേസമയം താഴുന്നതോടെ വള്ളങ്ങള്‍ക്ക് മുന്നോട്ടുപോവാം. സ്റ്റാര്‍ട്ടറുടെ അറിയിപ്പ് ലഭിക്കാതെ മുന്നോട്ടു നീങ്ങിയാല്‍ അയോഗ്യരാക്കപ്പെടും. സ്റ്റാര്‍ട്ടിങ് കൃത്യത തല്‍സമയം കാണാനുള്ള സംവിധാനവും ഒരുക്കുന്നുണ്ട്. വള്ളംകളിയില്‍ പങ്കെടുക്കുന്ന തുഴച്ചിലുകാര്‍ അച്ചടക്കം പാലിച്ചില്ലെങ്കില്‍ അപകടം പലതാണ്. ചുരുങ്ങിയത് ഏഴുദിവസമെങ്കിലും പരിശീലനം നടത്തിയില്ലെങ്കില്‍ ബോണസിന് അര്‍ഹതയുണ്ടാകില്ല. യൂണിഫോം, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ ധരിക്കാത്ത ചുണ്ടന്‍  വള്ളങ്ങളെ മല്‍സരത്തില്‍ പങ്കെടുപ്പിക്കാതിരിക്കാന്‍ ചീഫ് സ്റ്റാര്‍ട്ടര്‍ക്ക് അധികാരമുണ്ട്.ചുണ്ടന്‍ വള്ളങ്ങളില്‍ തുഴയുന്നവരില്‍ ഇതര സംസ്ഥാനക്കാരും ഇതര സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നവരും ഉള്‍പ്പടെ 25 ശതമാനത്തില്‍ അധികരിച്ചാല്‍ ശിക്ഷാ നടപടി ഉണ്ടാകും. ട്രാക്ക് മാറി തുഴയല്‍, മല്‍സരത്തിന് തടസ്സമുണ്ടാക്കുക തുടങ്ങിയവ അയോഗ്യത ക്ഷണിച്ചു വരുത്തും. ഹീറ്റ്‌സ് മല്‍സരം കഴിഞ്ഞാലുടന്‍ വള്ളങ്ങള്‍ പുറംകായലിലേക്കു മാറ്റിയിടണം. ട്രാക്കിന്റെ പടിഞ്ഞാറു ഭാഗത്തോ വിഐപി പവലിയന് മുമ്പിലോ ട്രാക്കിനു കിഴക്കു ഭാഗത്തെ ഐലന്റ് പവലിയലിനു മുമ്പിലോ കളിവള്ളം പെട്ടാല്‍ അവയ്ക്കുള്ള ബോണസില്‍ 50 ശതമാനം കുറവു വരുത്തും. ജലഘോഷയാത്രയിലും മാസ്ഡ്രില്‍ സമയത്തും ട്രയല്‍ പരിശീലനം എന്ന പേരില്‍ ചെറുവള്ളങ്ങള്‍ ഫിനിഷിങ് പോയിന്റിലെത്തുന്നത് ശിക്ഷാ നടപടി വിളിച്ചു വരുത്തും.  നെഹ്‌റു ട്രോഫി വള്ളംകളിയില്‍ പങ്കെടുക്കുന്ന ചെറുവള്ളങ്ങളുടെ പ്രാഥമിക മല്‍സരങ്ങള്‍ 12ന് രാവിലെ 11ന് തുടങ്ങും. ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്‌സിന് ശേഷം ചെറുവള്ളങ്ങളുടെ ഫൈനല്‍ ആരംഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക