|    Nov 18 Sun, 2018 3:31 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

നെഹ്‌റു ട്രോഫിയില്‍ പായിപ്പാട് ചുണ്ടന്‍ ജേതാക്കള്‍

Published : 11th November 2018 | Posted By: kasim kzm

എം എം സലാം

ആലപ്പുഴ: മഹാപ്രളയം അതിജയിച്ചെത്തി പുന്നമടക്കായലില്‍ കിരീടനേട്ടത്തോടെ പായിപ്പാട് ചുണ്ടന്റെ തിരിച്ചുവരവ്. 66ാറാമത് നെഹ്‌റു ട്രോഫി ജലമേളയില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ ജയിംസ്‌കുട്ടി ജേക്കബ് ക്യാപ്റ്റനായ പായിപ്പാട് ചുണ്ടന്‍ 4.28.96 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് നെഹ്‌റു ട്രോഫി കിരീടത്തില്‍ മുത്തമിട്ടത്. 2005, 06, 07 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി ഹാട്രിക് കിരീടം നേടി പിന്നീട് നീണ്ട ഇടവേളയ്ക്കു ശേഷം പായിപ്പാടന്റെ തിരിച്ചുവരവ് കൂടിയായിരുന്നു ഇത്തവണത്തേത്.
ആലപ്പുഴ ജില്ലാ പോലിസ് മേധാവി എസ് സുരേന്ദ്രന്‍ ക്യാപ്റ്റനായ മഹാദേവികാട് കാട്ടില്‍ തെക്കേതില്‍ ചുണ്ടന്‍ (4.39.14 സെക്കന്‍ഡ്) രണ്ടാം സ്ഥാനത്തെത്തി. കുട്ടമംഗലം യുനൈറ്റഡ് ബോട്ട് ക്ലബ്ബിന്റെ ആയാപറമ്പ് പാണ്ടി (4.39.54 സെക്കന്‍ഡ്) മൂന്നാം സ്ഥാനത്തും എന്‍സിഡിസി കുമരകത്തിന്റെ ചമ്പക്കുളം ചുണ്ടന്‍ (4.39.67) നാലാം സ്ഥാനത്തുമെത്തി. ചുണ്ടന്‍വള്ളങ്ങളുടെ ലൂസേഴ്‌സ് ഫൈനലില്‍ വില്ലേജ് ബോട്ട് ക്ലബ് എടത്വ തുഴഞ്ഞ ഗബ്രിയേല്‍ ചുണ്ടനും സെക്കന്‍ഡ് ലൂസേഴ്‌സ് ഫൈനലില്‍ ബ്രദേഴ്‌സ് ബോട്ട്ക്ലബ് എടത്വ തുഴഞ്ഞ സെന്റ് ജോര്‍ജ് ചുണ്ടനും തേഡ് ലൂസേഴ്‌സ് ഫൈനലില്‍ എസ്എന്‍ബിസി കൈനകരി തുഴഞ്ഞ ആനാരി ചുണ്ടനും വിജയം കരസ്ഥമാക്കി.
ചെറുവള്ളങ്ങളുടെ ഫൈനല്‍ മത്സരങ്ങളില്‍ ഇരുട്ടുകുത്തി എ ഗ്രേഡ് (പ്രദര്‍ശനം), ഇരുട്ടുകുത്തി ബി ഗ്രേഡ് മത്സരങ്ങളില്‍ ടിബിസി കൊച്ചിന്‍ ടൗണ്‍ ഒന്നാം സ്ഥാനം നേടി. വെപ്പ് എ ഗ്രേഡ് ഫൈനലില്‍ നാട്ടകം ബോട്ട് ക്ലബ് കോട്ടയത്തിന്റെ അമ്പലക്കടവനും വെപ്പ് ബി ഗ്രേഡ് മത്സരത്തില്‍ പരിപ്പ് ബോട്ട് ക്ലബ് അയ്മനം കോട്ടയത്തിന്റെ പി ജെ കരിപ്പുഴയും ചുരുളന്‍ ഫൈനലില്‍ മലര്‍വാടി ബോട്ട് ക്ലബ് പറവൂരിന്റെ കോടിമാതയും തെക്കനോടി വനിതകളുടെ ഫൈനലില്‍ ഐശ്വര്യ ബോട്ട്ക്ലബ് കരുമാടിയുടെ കമ്പനിയും ഒന്നാം സ്ഥാനം നേടി.
66ാമത് നെഹ്‌റു ട്രോഫി ജലോത്സവത്തിന്റെ ഉദ്ഘാടനം ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം നിര്‍വഹിച്ചു. മന്ത്രി ടി എം തോമസ് ഐസക് അധ്യക്ഷത വഹിച്ചു. കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, പി രാജു, തെന്നിന്ത്യന്‍ സൂപ്പര്‍ താരം അല്ലു അര്‍ജുന്‍, ഭാര്യ സ്‌നേഹ റെഡ്ഡി, കേരള ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ സംബന്ധിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss