|    Dec 17 Mon, 2018 10:43 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

നെഹ്‌റുവിനെ തുള്ളലാക്കിയ ടീച്ചര്‍ ഹാപ്പിയാണ്; കളിയാക്കലുകള്‍ ശ്രദ്ധിക്കാറില്ലെന്ന് ഉഷ ടീച്ചര്‍

Published : 19th November 2018 | Posted By: kasim kzm

പൊന്നാനി: ഇക്കഴിഞ്ഞ ശിശുദിനത്തില്‍ സോഷ്യല്‍ മീഡിയ ഏറ്റവും കൂടുതല്‍ ഷെയര്‍ ചെയ്തത് ഉഷ ടീച്ചറുടെ കിടിലന്‍ തുള്ളല്‍പ്പാട്ടായിരുന്നു.
കുട്ടികള്‍ക്ക് ചാച്ചാജിയെക്കുറിച്ച് തുള്ളല്‍പ്പാട്ടിലൂടെ അവതരിപ്പിച്ച ടീച്ചറിന്റെ വീഡിയോ സോഷ്യല്‍ മീഡിയ ആഘോഷിക്കുകയും ട്രോളുകയും ചെയ്തു. ആ ടീച്ചറും സ്‌കൂളും ഏതാണെന്ന അന്വേഷണം ചെന്നവസാനിച്ചത് തൃക്കരിപ്പൂര്‍ സെന്റ് പോള്‍ ജിയുപിഎസിലാണ്. എന്തായാലും ഉഷ ടീച്ചര്‍ ഇപ്പോള്‍ ഹാപ്പിയാണ്. സോഷ്യല്‍ മീഡിയയില്‍ നിരവധി കളിയാക്ക ല്‍ കമന്റുകളുണ്ടെങ്കിലും ടീച്ചറിന് വലിയ പിന്തുണയുമായി കുടുംബവും സഹപ്രവര്‍ത്തകരും കുട്ടികളുമുണ്ട്. കാരണം, അവര്‍ പറയും ഞങ്ങളുടെ ടീച്ചര്‍ ഇങ്ങനെ തന്നെയാണെന്ന്. ശിശുദിനത്തില്‍ നെഹ്—റുവിനെക്കുറിച്ച് കുട്ടികള്‍ക്ക് മനസ്സിലാവുന്ന തരത്തില്‍ എന്തെങ്കിലും ചെയ്യണമെന്നേ വിചാരിച്ചുള്ളൂ. അങ്ങനെ വന്ന ഐഡിയയാണ് തുള്ളല്‍പ്പാട്ട്.
തുള്ളല്‍പ്പാട്ടുമായി തനിക്ക് യാതൊരു ബന്ധവുമില്ല. എന്റെ മകള്‍ ഓട്ടന്‍തുള്ളല്‍ അഭ്യസിച്ചിട്ടുണ്ട്. ഓട്ടന്‍തുള്ളലിന്റെ ശീലുകള്‍ക്കൊപ്പിച്ച് നെഹ്‌റുവിനെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍ മിക്‌സ് ചെയ്തതും താന്‍ തന്നെയാണ്.
ക്ലാസില്‍ അവതരിപ്പിക്കുന്നതുപോലെ ശിശുദിനത്തിലെ സ്‌പെഷ്യല്‍ അസംബ്ലിയിലും അത് അവതരിപ്പിച്ചു. പക്ഷേ, ആ വീഡിയോ ആരെങ്കിലും എടുക്കുമെന്നോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുമെന്നോ വൈറലാവുമെന്നോ വിചാരിച്ചില്ല. സ്റ്റാഫംഗങ്ങളില്‍ ആരോ ആണ് വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോ വൈറലായ ഉടന്‍ പല തരത്തിലുള്ള കമന്റുകളാണ് വന്നത്. കളിയാക്കലും നിരവധിയുണ്ടായി. പക്ഷേ, സ്‌കൂളിലെ മറ്റ് അധ്യാപകര്‍ തന്നെ അഭിനന്ദിക്കുകയാണുണ്ടായത്. എന്നാല്‍, എന്റെ മകളോട് ചിലര്‍ കുത്തുവാക്കുകള്‍ പറഞ്ഞു. നിന്റെ അമ്മയ്ക്കിതെന്തുപറ്റി, എന്തേ ഇങ്ങനെ കിടന്നു തുള്ളാന്‍ എന്നിങ്ങനെ ചിലര്‍ ചോദിച്ചു. അവളത് എന്നോട് ചോദിച്ചപ്പോള്‍ വിഷമം തോന്നി. പക്ഷേ, ആരംഭത്തില്‍ കളിയാക്കിയവര്‍ പിന്നീട് അഭിനന്ദനവുമായി വന്നപ്പോള്‍ ഹാപ്പിയായി.
ഭര്‍ത്താവ് രാമകൃഷ്ണനും (ഗള്‍ഫ്) എന്നെ നന്നായി അറിയാം. ഒരു കളിയാക്കലുകളുടെയും പേരില്‍ വിഷമിക്കരുതെന്നാണ് അദ്ദേഹം പറഞ്ഞത്.
10 വര്‍ഷമായി പ്രീ പ്രൈമറി ടീച്ചറായി ജോലി ചെയ്തുവരുകയാണ് ഉഷ. ഇത്രനാളും കുട്ടികളുടെ മുന്നില്‍ പാടിയും ആടിയുമാണ് നടന്നത്. ഇനിയും അങ്ങനെ തന്നെയായിരിക്കും. പഠിപ്പിക്കുമ്പോള്‍ എന്റെ മക്കളാണ് മുന്നിലിരിക്കുന്നത്. അന്നേരമൊന്നും ഇതൊക്കെ നാണക്കേടല്ലേയെന്നു വിചാരിക്കാറില്ല. എന്റെ ശരീരം മറക്കും. സര്‍വതും മറന്ന് പഠിപ്പിക്കും. കുട്ടികളില്‍ അതെത്തണമെന്നു മാത്രം- ഉഷ ടീച്ചര്‍ പറയുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss