|    Jan 22 Sun, 2017 10:02 pm
FLASH NEWS

നെഹ്‌റുവിനെ ആരാണ് ഭയക്കുന്നത്?

Published : 23rd March 2016 | Posted By: SMR

എന്‍ പി ചെക്കുട്ടി

2015ലെ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ സംഘപരിവാര രാഷ്ട്രീയ പ്രസ്ഥാനമായ ഭാരതീയ ജനതാ പാര്‍ട്ടി ബംഗാളിലെപ്പോലെ കേരളത്തിലും താരതമ്യേന മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുകയുണ്ടായി. കേരളത്തിന്റെ കലര്‍പ്പറ്റ മതേതര മനസ്സു സംബന്ധിച്ച മലയാളി അഭിമാനബോധം തീര്‍ത്തും വ്യാമോഹവും കാല്‍പനികവുമാണെന്ന യാഥാര്‍ഥ്യത്തിലേക്കുള്ള ഒരു കണ്ണാടിയാണ് തീവ്ര ഹിന്ദുത്വ രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ മുന്‍വച്ചുകൊണ്ടു ബിജെപി നടത്തിയ മുന്നേറ്റത്തില്‍ പ്രകടമായി കാണുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ ശക്തമായ പ്രകടനം കാഴ്ചവയ്ക്കാനാവുമെന്നും അവര്‍ പ്രതീക്ഷിക്കുന്നു. കേരളീയ നവോത്ഥാനത്തിന്റെ ഏറ്റവും ഉജ്ജ്വലമായ മാനുഷിക മുഖം നമുക്കു മുമ്പില്‍ അനാവരണം ചെയ്ത സാക്ഷാല്‍ ശ്രീനാരായണ ഗുരുദേവന്റെ പ്രസ്ഥാനം പോലും പരസ്യമായി സംഘപരിവാര കൂടാരത്തിലേക്കു നടന്നടുക്കുന്നതും സമകാല രാഷ്ട്രീയ യാഥാര്‍ഥ്യങ്ങളുടെ ഭാഗമാണ്. എന്തുകൊണ്ടു കേരളീയ സമൂഹത്തില്‍ ഇങ്ങനെയൊരു വലതുപക്ഷ തീവ്ര ദേശീയതയിലേക്കുള്ള ചുവടുമാറ്റം എന്ന ചോദ്യം ഇപ്പോള്‍ ഗുരുതരമായ പരിചിന്തയര്‍ഹിക്കുന്നതു തന്നെയാണ്.
ഈ മാറ്റം താല്‍ക്കാലികമായ ഒരു പ്രതിഭാസമല്ല. ആഴത്തിലുള്ള ഒരു സാംസ്‌കാരിക സംക്രമണമാണ് കേരളത്തില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നു സംശയിക്കേണ്ടിയിരിക്കുന്നു. തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ദാര്‍ശനിക മുഖമായ സാംസ്‌കാരിക ദേശീയത എന്ന സങ്കല്‍പം കഴിഞ്ഞ പതിറ്റാണ്ടുകളില്‍ കേരളത്തില്‍ വേരൂന്നി വരുകയായിരുന്നു. ഈ ദേശീയതാ സങ്കല്‍പത്തിന്റെ അടിത്തറ ഇന്ത്യയുടെ ഹിന്ദുത്വ ആര്‍ഷഭാരത പാരമ്പര്യങ്ങളെ സംബന്ധിച്ച കാല്‍പനികമായ ഒരു അഭിമാനബോധമാണ്. സംസ്‌കാരം ദേശീയതയുടെ അടിത്തറയാവുമ്പോള്‍ അതിനു ഹൈന്ദവതയുടെ മുഖം കൈവരുന്നത് ഇന്ത്യയില്‍ സ്വാഭാവികം മാത്രം. ദേശീയ പ്രസ്ഥാനത്തില്‍ പോലും ഈ പ്രവണത കാണാവുന്നതാണ്. ഈ മതാത്മക ദേശീയതാ സങ്കല്‍പത്തെ ദേശീയസമരകാലത്തും പിന്നീടു സ്വാതന്ത്ര്യാനന്തര കാലത്തും ഏറ്റവും ശക്തമായി ചെറുത്തതു പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവാണ്. നെഹ്‌റുവിന്റെ ദേശീയത ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യത്തിലും അതിന്റെ മതേതരമായ അടിത്തറയിലും ഊന്നിയതായിരുന്നു. അത്തരമൊരു ദേശീയതാ സങ്കല്‍പം ഉയര്‍ന്നുവരുന്നതു വൈദേശികാധിപത്യത്തിനെതിരായ ഇന്ത്യന്‍ ജനതയുടെ ഐതിഹാസികമായ പോരാട്ടത്തിന്റെ നാളുകളിലാണ്. ഇന്ത്യയുടെ സാംസ്‌കാരികമായ പൗരാണിക ഈടുവയ്പുകളെ ആദരിച്ച് അംഗീകരിക്കുമ്പോള്‍ തന്നെ അതിനെ വിമര്‍ശനാത്മകമായാണു നെഹ്‌റു വിലയിരുത്തിയത്. അതിന്റെ ജാതീയമായ ഉച്ചനീചത്വങ്ങളെയും നിഷേധാത്മക ചിന്താപദ്ധതികളെയും അദ്ദേഹം നിരങ്കുശം അപലപിക്കുകയുണ്ടായി. ഇന്ത്യയുടെ സാംസ്‌കാരികവും ഭാഷാപരവും വിശ്വാസപരവുമായ വൈവിധ്യങ്ങളിലാണ് അദ്ദേഹം ഊന്നിയത്.
എന്തുകൊണ്ടാണു സമകാല ഭാരതത്തില്‍ സംഘപരിവാരത്തിന്റെ ഏറ്റവും ശക്തനായ എതിരാളിയായി ഇന്നും ഉയര്‍ന്നുനില്‍ക്കുന്നത് അരനൂറ്റാണ്ടു മുമ്പു കളംവിട്ടുപോയ ജവഹര്‍ലാല്‍ നെഹ്‌റു തന്നെ എന്ന ചോദ്യത്തിന് ഉത്തരം തേടേണ്ടത് ഇവിടെയാണ്. വി ഡി സവര്‍ക്കര്‍ മുതല്‍ എം എസ് ഗോള്‍വാള്‍ക്കര്‍ വരെയുള്ള സംഘപരിവാര സൈദ്ധാന്തികര്‍ പടുത്തുയര്‍ത്തിയ തീവ്രഹിന്ദുത്വ സാംസ്‌കാരിക ദേശീയതയുടെ ചരിത്രവിരുദ്ധവും സാമൂഹികവിരുദ്ധവുമായ ഘടകങ്ങളെ അനാവരണം ചെയ്തതും അതിനെതിരേ ശക്തമായ പ്രതിരോധം ഉയര്‍ത്തിയതും ജവഹര്‍ലാല്‍ നെഹ്‌റുവാണ്. നെഹ്‌റു തികഞ്ഞ മതേതരവാദിയും ഒരളവുവരെ നാസ്തികനും ആയിരുന്നു. മതേതരവും സോഷ്യലിസ്റ്റ് ആഭിമുഖ്യമുള്ളതുമായ ഒരു ജനാധിപത്യ സങ്കല്‍പമാണ് നെഹ്‌റു ഇന്ത്യക്കു നല്‍കിയത്. നെഹ്‌റുവിന്റെ ജീവിതകാലത്ത് ഒരിക്കലും സംഘപരിവാരത്തിനോ കോണ്‍ഗ്രസ്സില്‍ തന്നെയുള്ള അവരുടെ ആത്മീയ ശിഷ്യഗണങ്ങള്‍ക്കോ ഈ മഹാപ്രതിഭയുടെ ഉത്തുംഗമായ ധൈഷണികതയെ എതിരിടാനോ അതിനെ പ്രതിരോധിക്കാനോ സാധിക്കുകയുണ്ടായില്ല. നെഹ്‌റു ഇന്ത്യന്‍ ദേശീയതയുടെയും ഇന്ത്യന്‍ മതേതരത്വത്തിന്റെയും ശക്തനായ പ്രതീകവും നേതാവുമായിരുന്നു. നെഹ്‌റുവിന്റെ ഈ ധൈഷണിക പ്രപഞ്ചത്തില്‍ നിന്നാണ് അദ്ദേഹത്തിന്റെ മരണശേഷം 1969ല്‍ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല എന്ന സ്ഥാപനം ഉദയം കൊള്ളുന്നത്. രാജ്യത്തിന്റെ ഉദാരവാദ രാഷ്ട്രീയ പാരമ്പര്യങ്ങളും മതേതര സാമൂഹിക രാഷ്ട്രീയ ഘടനയും ഭീഷണി നേരിട്ട ഓരോ ഘട്ടത്തിലും ഈ സര്‍വകലാശാല ധൈഷണികരംഗത്ത് നെഹ്‌റുവിന്റെ പ്രതിനിധിയായി ഇന്ത്യന്‍ മതേതര ദേശീയതാ സങ്കല്‍പത്തിന്റെ കാവല്‍ മാലാഖയായി നിലകൊള്ളുകയുണ്ടായി. ലാല്‍ കൃഷ്ണ അഡ്വാനിയുടെ നേതൃത്വത്തില്‍ രാമജന്മഭൂമി പ്രക്ഷോഭ കാലത്ത്, ബാബരി മസ്ജിദിനെ രാമജന്മഭൂമിയാക്കി ചിത്രീകരിച്ച സംഘപരിവാര ചരിത്രകാരന്‍മാരുടെ വിതണ്ഡവാദങ്ങളെ നിലംപരിശാക്കിക്കളഞ്ഞത് ജെഎന്‍യുവില്‍ നിന്നുള്ള ചരിത്രകാരന്‍മാരുടെ ഒരു സംഘമാണ് എന്നത് ഓര്‍മിക്കുക. ആ ഒറ്റക്കാരണം കൊണ്ടുതന്നെ പ്രസ്തുത സര്‍വകലാശാല സംഘപരിവാരത്തിന്റെ കണ്ണിലെ കരടായി മാറി. ഇപ്പോള്‍ ജെഎന്‍യുവിനെ തകര്‍ക്കാന്‍ സംഘപരിവാരം ഒളിഞ്ഞും തെളിഞ്ഞും നടത്തിക്കൊണ്ടിരിക്കുന്ന നീക്കങ്ങള്‍ക്കു പിന്നില്‍ ഇങ്ങനെയൊരു ചരിത്രപശ്ചാത്തലം കൂടിയുണ്ട് എന്ന് ഓര്‍മിക്കുന്നതു നല്ലതായിരിക്കും.
നെഹ്‌റുവിയന്‍ ദേശീയതയുടെ ഈ ഉദാരവാദ പാരമ്പര്യങ്ങളില്‍ നിന്ന് ഇന്ദിരാ ഗാന്ധിയുടെ കാലം മുതല്‍ കോണ്‍ഗ്രസ് പ്രസ്ഥാനം എത്രയോ കാതം അകന്നുപോയി എന്നതു തീര്‍ച്ചയാണ്. കോണ്‍ഗ്രസ്സിന് ദിശാബോധം നഷ്ടമായ കാലഘട്ടമാണത്. ഇന്നു സംഘപരിവാരത്തെ തങ്ങളുടെ അജയ്യനായ നേതാവിനെപ്പോലെ നട്ടെല്ലു നിവര്‍ത്തിനിന്നു പ്രതിരോധിക്കാന്‍ കരുത്തുള്ള അധികം നേതാക്കളൊന്നും നിര്‍ഭാഗ്യവശാല്‍ കോണ്‍ഗ്രസ്സിലില്ല. അവരില്‍ പലരും ഒളിഞ്ഞോ തെളിഞ്ഞോ സംഘപരിവാരവുമായി കൂട്ടുകൂടാനും ഒത്തുതീര്‍പ്പുണ്ടാക്കാനും അധികാരം പങ്കിടാനും മടിയുള്ളവരുമല്ല. സത്യത്തില്‍ അത്തരത്തിലുള്ള അധികാര ബാന്ധവത്തിന്റെ കുറുക്കുവഴികളാണ് ഇന്നു കോണ്‍ഗ്രസ്സിനെ ദേശീയതലത്തിലും കേരളത്തിലും അഗാധമായ ഒരു പ്രതിസന്ധിയില്‍ എത്തിച്ചത് എന്നും പറയണം. കഴിഞ്ഞ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പു വേളയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സംഘപരിവാരത്തിന്റെ ഉറ്റ തോഴനാണ് എന്ന പ്രചണ്ഡമായ പ്രചാരവേലയാണ് കേരളത്തില്‍ സിപിഎം അഴിച്ചുവിട്ടത്. വസ്തുതയുടെ കണികപോലും പറയാനില്ലാത്ത ഈയൊരു പ്രചാരവേല പോലും ശക്തമായി ചെറുക്കുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വം പരാജയപ്പെട്ടു എന്നതിന്റെ കൂടി പരിണിത ഫലമായിരുന്നു ന്യൂനപക്ഷ സ്വാധീന മേഖലകളില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനും യുഡിഎഫിനും ഉണ്ടായ തിരിച്ചടി എന്ന വസ്തുത കാണാതിരുന്നുകൂടാ. നിയമസഭാ തിരഞ്ഞെടുപ്പിലും സിപിഎം നേതൃത്വം നല്‍കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രചാരവേലയുടെ കുന്തമുന കോണ്‍ഗ്രസ്സിന്റെ ഇത്തരത്തിലുള്ള ദുര്‍ബലതകളെ കടന്നാക്രമിക്കുന്നതിലാണു കേന്ദ്രീകരിക്കുക. അത് ഇത്തവണയും ഫലപ്രാപ്തിയിലെത്തുമോ എന്ന കാര്യം വേറെ. ഒരു ചക്കയിട്ടാല്‍ മുയല്‍ രണ്ടു തവണ ചാവുന്ന പതിവു കേരളത്തില്‍ പോലുമില്ലല്ലോ.
ഓര്‍മിക്കേണ്ട കാര്യം, ദേശീയപ്രസ്ഥാന കാലത്ത് ബ്രിട്ടിഷ് വിരുദ്ധ സമരരംഗത്തു കാര്യമായ ഒരു സംഭാവനയും നല്‍കാതിരുന്ന സംഘപരിവാരം ഇന്ന് അതേ പ്രസ്ഥാനത്തിന്റെ ഏറ്റവും പ്രമുഖരായ പല നേതാക്കളേയും തങ്ങളുടെ കുടക്കീഴിലേക്കു കൊണ്ടുവന്നു കഴിഞ്ഞു എന്ന യാഥാര്‍ഥ്യമാണ്. സവര്‍ക്കറുടെ ശിഷ്യനാണ് മഹാത്മാഗാന്ധിയെ വെടിവച്ചു കൊന്നയാള്‍ എന്ന വസ്തുത നിലനില്‍ക്കെത്തന്നെ സവര്‍ക്കറിനൊപ്പം ഗാന്ധിജിയെയും അവര്‍ തങ്ങളുടെ ആത്മീയ ഗുരുക്കന്മാരുടെ പട്ടികയില്‍ ചേര്‍ത്തുകഴിഞ്ഞിരിക്കുന്നു. നെഹ്‌റു മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ഇതിനകം തന്നെ സംഘപരിവാരത്തിന്റെ പൂജനീയ വ്യക്തിത്വങ്ങളില്‍ പ്രഥമസ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെട്ടു കഴിഞ്ഞു. ഇനി ഒരുപക്ഷേ, നേതാജി സുഭാഷ് ചന്ദ്രബോസും ബി ആര്‍ അംബേദ്കര്‍ പോലും അവര്‍ തങ്ങളുടെ പൂജാമുറിയില്‍ പ്രതിഷ്ഠിക്കുന്ന ബിംബങ്ങള്‍ ആയി മാറ്റപ്പെടുന്ന കാലം അതിവിദൂരമാവാനിടയില്ല. അതില്‍ അവര്‍ മാറ്റിനിര്‍ത്തുന്നതു നെഹ്‌റുവിനെ മാത്രമായിരിക്കും. കാരണം സംഘപരിവാരത്തിനു വിഴുങ്ങാന്‍ കഴിയാത്തവിധം കരുത്തുള്ള മുള്ളായി അദ്ദേഹം തൊണ്ടയില്‍ കുടുങ്ങിക്കിടക്കും എന്നതു തന്നെ.
ഈ ചര്‍ച്ചകള്‍ ഇപ്പോള്‍ പ്രസക്തമാവുന്നതു സിപിഎം കേന്ദ്രക്കമ്മിറ്റി ദീര്‍ഘമായ ചര്‍ച്ചകള്‍ക്കൊടുവില്‍ സ്വീകരിച്ച നിര്‍ണായകമായ ഒരു തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ്. സിപിഎമ്മിന്റെ ചരിത്രത്തില്‍ ആദ്യമായി കോണ്‍ഗ്രസ്സുമായി തിരഞ്ഞെടുപ്പിനു മുമ്പു തന്നെ ഐക്യമോ സീറ്റുകളില്‍ നീക്കുപോക്കോ യോജിച്ച പ്രചാരണ പ്രവര്‍ത്തനമോ ആവാം എന്നാണ് കേന്ദ്ര കമ്മിറ്റിയുടെ തീരുമാനം. തൃണമൂല്‍ കോണ്‍ഗ്രസ്സിനെയും ബിജെപിയെയും അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതിന് ഇരുകക്ഷികളും യോജിച്ചുള്ള തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനവും ബംഗാളില്‍ ആരംഭിച്ചു കഴിഞ്ഞു. യോജിപ്പിന്റെ വാതിലുകള്‍ തുറന്നു കഴിഞ്ഞു. പ്രതിസന്ധികളുടെ ഈ ദുരന്തകാലത്ത് പഴയകാല വൈരാഗ്യം പറഞ്ഞു ഇരു കൂട്ടരും പിണങ്ങി നില്‍ക്കാനുള്ള സാധ്യത തുലോം കുറവാണ്. മാത്രമല്ല, ദേശീയ രാഷ്ട്രീയത്തില്‍ പ്രത്യേകിച്ചു പാര്‍ലമെന്റിലെ പ്രവര്‍ത്തനങ്ങളില്‍ ബിജെപിയുടെ വലതുപക്ഷ നയങ്ങള്‍ക്കെതിരായി കോണ്‍ഗ്രസ്സും ഇടതുപക്ഷവും ഇപ്പോള്‍ തന്നെ കൈകോര്‍ത്ത് പിടിക്കുകയുമാണ്.
കേരളത്തില്‍ തല്‍ക്കാലം സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. ഇവിടെ സിപിഎമ്മും കോണ്‍ഗ്രസ്സും തന്നെയാണു നേര്‍ക്കുനേര്‍ എതിരിടുന്നത്. പക്ഷേ, ദേശീയരംഗത്തെ ശീഘ്രം മാറിവരുന്ന അവസ്ഥാവിശേഷങ്ങളുടെ ആഘാതത്തില്‍ നിന്നും സ്വാധീനത്തില്‍ നിന്നും കേരളത്തിലെ ഇടതുപക്ഷത്തിനു മാത്രം എത്രകാലം മാറിനില്‍ക്കാനാവും? കേരളത്തിലെ സിപിഎം നേതൃത്വം തങ്ങളുടെ കോണ്‍ഗ്രസ് വിരുദ്ധ സമീപനം തന്നെയാണു ശക്തമായി ഉയര്‍ത്തിപ്പിടിക്കുന്നത്.
പക്ഷേ, ഇത് അധികകാലം തുടരാവുന്ന സാഹചര്യമല്ല രാജ്യത്തു നിലനില്‍ക്കുന്നത്. ഇന്ത്യയിലെ ബൂര്‍ഷ്വാ ഭൂപ്രഭു ഭരണ വര്‍ഗങ്ങളുടെ ഏറ്റവും പ്രധാന പാര്‍ട്ടി എന്ന പദവിയില്‍ നിന്നു കോണ്‍ഗ്രസ് ഇതിനകം പുറത്താക്കപ്പെട്ടു കഴിഞ്ഞു. ഭരണ വര്‍ഗങ്ങളുടെ ഇന്ത്യയിലെ ഇന്നത്തെ മുഖ്യകക്ഷി ഭാരതീയ ജനതാ പാര്‍ട്ടിയാണ്. ഈ സാഹചര്യങ്ങളില്‍ ബിജെപിക്ക് എതിരായി തങ്ങളുടെ രാഷ്ട്രീയ അടിത്തറ ഉറപ്പിക്കാന്‍ കോണ്‍ഗ്രസ്സിനു തങ്ങളുടെ പരമ്പരാഗതമായ മതേതര രാഷ്ട്രീയ പാരമ്പര്യത്തിലും നെഹ്‌റുവിയന്‍ സോഷ്യലിസ്റ്റ് സമീപനങ്ങളിലും കൂടുതല്‍ ശക്തമായി ഊന്നേണ്ടി വരും.
കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ ശൈലിയിലും സമീപനത്തിലും ഇത്തരമൊരു മാറ്റം ഇപ്പോള്‍ത്തന്നെ പ്രകടമാണ്. ബിജെപിക്ക് എതിരായ ഏറ്റവും ശക്തമായ മതേതര പ്രതിരോധ നിര ഉയര്‍ത്തുന്നതില്‍ കോണ്‍ഗ്രസ് നിര്‍ണായക പങ്കുവഹിക്കുന്നതായി ഹൈദരാബാദ് സര്‍വകലാശാലയിലെയും ജെഎന്‍യുവിലെയും അനുഭവങ്ങള്‍ തന്നെ സാക്ഷിയാണ്. രണ്ടിടത്തും മുന്‍നിരയില്‍ നിന്നു പ്രതിഷേധിച്ചതു കോണ്‍ഗ്രസ്സിന്റെ യുവ നേതാവ് രാഹുല്‍ ഗാന്ധിയാണ്. തുല്യ വീറോടെ ഫാഷിസ്റ്റ് വിരുദ്ധ രാഷ്ട്രീയ സമരരംഗത്ത് നാം കണ്ടത് സിപിഎം നേതാവ് സീതാറാം യെച്ചൂരിയെയാണ്.
ചുരുക്കത്തില്‍ പഴയകാല രാഷ്ട്രീയ സമവാക്യങ്ങള്‍ അപര്യാപ്തമായി വരുന്ന ഒരു പുതിയ കാലത്തിലേക്കാണു രാജ്യം കാല്‍വയ്ക്കുന്നത്. ദേശീയ രാഷ്ട്രീയത്തില്‍ ഇന്നത്തെ മുഖ്യ ഭീഷണി സംഘപരിവാരം ഉയര്‍ത്തുന്ന ഫാഷിസം തന്നെയാണ്. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ഉന്നത സര്‍വകലാശാലകളെ തകര്‍ക്കാനുള്ള അവരുടെ നീക്കങ്ങള്‍ക്കു പിന്നിലുള്ള ജാതീയവും വര്‍ഗീയവുമായ താല്‍പര്യങ്ങളും വ്യക്തമാണ്. ഇത്തരം സര്‍വകലാശാലകളിലാണ് ന്യൂനപക്ഷക്കാരും പിന്നാക്കക്കാരും ദലിതരുമായ സമൂഹങ്ങളില്‍ നിന്നുള്ള ശക്തരായ പുതുതലമുറ നേതാക്കള്‍ ഉയര്‍ന്നുവരുന്നത്. സംവരണമാണ് അവരെ അതിനു സഹായിക്കുന്നത്. അത്തരം സ്ഥാപനങ്ങള്‍ തകര്‍ക്കുന്നതിലൂടെ സംഘപരിവാരത്തിനെതിരായ പുതിയ സാമൂഹിക ശക്തികളുടെ ഉയിര്‍ത്തെഴുന്നേല്‍പ് തടയാനും പുതു തലമുറയിലെ അംബേദ്കര്‍മാരുടെ തലകള്‍ മുളയിലേ നുള്ളിക്കളയാനും സാധ്യമാവുമെന്ന് അവര്‍ കരുതുന്നു. പാര്‍ശ്വവല്‍കൃത സമൂഹങ്ങള്‍ക്കു രക്ഷ നല്‍കുന്ന സംവരണാവകാശം അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ രാജ്യമെങ്ങും ശക്തിപ്പെടുന്നതും ഈ നിഗൂഢമായ അജണ്ടകളുടെ ഭാഗം തന്നെയാണ്.
അതിനാല്‍ വരുംകാലങ്ങളില്‍ മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാനുള്ള സമരങ്ങളാണു രാജ്യത്തെ സംബന്ധിച്ചിടത്തോളം പ്രധാനമായി വരുക. ഈ സാഹചര്യത്തില്‍ പഴയകാല കോണ്‍ഗ്രസ് വിരോധ രാഷ്ട്രീയത്തിന്റെ അടിത്തറ തന്നെ നഷ്ടമാവുകയാണ് എന്ന് ഇടതുപക്ഷം കണ്ടറിയേണ്ടിയിരിക്കുന്നു. പുതിയ കാലത്തിനു പുതിയ മുദ്രാവാക്യങ്ങള്‍ വേണം; പുതിയ രാഷ്ട്രീയ സഖ്യങ്ങള്‍ വേണം. നിലവിലുള്ള സാഹചര്യത്തില്‍ കോണ്‍ഗ്രസ്സിനെ അകറ്റി നിര്‍ത്തിക്കൊണ്ടോ അവരെ തള്ളിപ്പറഞ്ഞുകൊണ്ടോ മതേതര ജനാധിപത്യ സമൂഹം നിലനിര്‍ത്താനുള്ള സമരത്തില്‍ നമുക്ക് അധികം മുന്നോട്ടു പോവാന്‍ സാധ്യമാവുകയില്ല. കാരണം എന്തെല്ലാം വിട്ടുവീഴ്ചകളും തെറ്റുകളും സംഭവിച്ചിട്ടുണ്ടെങ്കിലും കോണ്‍ഗ്രസ് മതേതര പാരമ്പര്യമുള്ള പാര്‍ട്ടിയാണ്; നെഹ്‌റുവാണ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അത്തരം നിലപാടുകളുടെ ഏറ്റവും ഉത്തുംഗമായ പ്രതീകവും. ആ ഒരൊറ്റ കാരണം കൊണ്ടു തന്നെയാണ് ജവഹര്‍ലാല്‍ നെഹ്‌റുവും അദ്ദേഹത്തിന്റെ ചിന്തകളും ഗോള്‍വാള്‍ക്കറുടെ ശിഷ്യഗണങ്ങള്‍ക്ക് അസഹ്യമായിത്തീരുന്നതും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 561 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക