|    Jun 20 Wed, 2018 5:12 pm
FLASH NEWS
Home   >  Editpage  >  Editorial  >  

നെഹ്‌റുവിനെ ആരാണു ഭയക്കുന്നത് ?

Published : 16th February 2016 | Posted By: SMR

പിഞ്ഞാണക്കടയില്‍ കയറിയ കാളക്കൂറ്റനെപ്പോലെ രാജ്യത്തെ ഉന്നതവിദ്യാഭ്യാസ രംഗത്തെ തകര്‍ത്തു തരിപ്പണമാക്കാനായി മുക്രയിട്ടു പായുകയാണ് ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള കേന്ദ്രസര്‍ക്കാരും പിണിയാളുകളും. ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയെ ദേശവിരുദ്ധ ശക്തിയുടെ കൂടാരമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിനെപ്പോലുള്ള സംഘപ്രമാണികള്‍ വിവരിച്ചത്. ഒരുപടി കൂടി കടന്ന് സര്‍വകലാശാലയിലെ വിദ്യാര്‍ഥി യൂനിയന്‍ പ്രവര്‍ത്തകരുടെ പ്രക്ഷോഭത്തിനു പിന്നില്‍ പാകിസ്താനിലെ ലശ്കറെ ത്വയ്യിബ എന്ന ഇന്ത്യാവിരുദ്ധ സംഘടനയാണെന്നു വരെ പറഞ്ഞുകളഞ്ഞു ഇന്ത്യയുടെ ആഭ്യന്തരമന്ത്രി.
ഇത്തരത്തിലുള്ള വ്യാജ ആരോപണങ്ങള്‍ രാജ്യത്തിന്റെ ആഭ്യന്തരമന്ത്രി തന്നെ ഉന്നയിക്കുമ്പോള്‍ എന്താണ് ഈ ഭരണകൂടത്തിന്റെ സ്ഥിതി എന്നാലോചിച്ച് ആരും നാണിച്ചു തലതാഴ്ത്തിപ്പോവും. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയോട് സംഘപരിവാരത്തിനുള്ള കെറുവ് പുതിയ കാര്യമല്ല. കാരണം സ്വതന്ത്ര ഇന്ത്യയുടെ മതേതര ജനാധിപത്യ രാഷ്ട്രസങ്കല്‍പത്തിന് ശക്തമായ ബൗദ്ധിക അടിത്തറ ഒരുക്കിയ മഹത്തായ വിദ്യാകേന്ദ്രമാണ് ജെഎന്‍യു. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ മതേതര ജനാധിപത്യ സങ്കല്‍പങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ സര്‍വകലാശാല പിറന്നുവീണതു തന്നെ. തുടക്കം മുതല്‍ രാജ്യത്തെ എല്ലാ വിഭാഗം യുവജനങ്ങളെയും ഉള്‍ക്കൊള്ളാനും സമത്വത്തിന്റെയും ചിന്താസ്വാതന്ത്ര്യത്തിന്റെയും അടിസ്ഥാനത്തില്‍ പുതിയൊരു ഭാരതസൃഷ്ടിക്കായി യുവതലമുറയെ സജ്ജരാക്കാനും സര്‍വകലാശാല മുന്‍നിന്നു പ്രവര്‍ത്തിക്കുകയുണ്ടായി. അയോധ്യപ്രസ്ഥാന കാലത്ത് മതേതരത്വത്തിന് സംഘപരിവാരം വെല്ലുവിളി ഉയര്‍ത്തിയ സന്ദര്‍ഭത്തില്‍ ചരിത്രവസ്തുതകള്‍ തുറന്നുകാട്ടിക്കൊണ്ട് ശക്തമായ പ്രതിരോധം സൃഷ്ടിച്ചത് ഈ സര്‍വകലാശാലയിലെ അധ്യാപകസമൂഹമാണ്. ഇടതുപക്ഷ മതേതര ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ശക്തരായ നേതാക്കളെ സംഭാവന ചെയ്തതും ഈ സര്‍വകലാശാല തന്നെ.
അതിനാല്‍ സംഘപരിവാരത്തിന്റെ ഫാഷിസ്റ്റ് മതരാഷ്ട്ര സമൂഹത്തിന്റെ പ്രതിയോഗിയായി ജെഎന്‍യു പ്രത്യക്ഷപ്പെടുന്നതു സ്വാഭാവികം മാത്രം. തങ്ങളുടെ സവര്‍ണാധിപത്യ ലക്ഷ്യങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നത് ന്യൂനപക്ഷക്കാരും ദലിതരും പിന്നാക്കക്കാരും ഒക്കെയായ പാര്‍ശ്വവല്‍കൃത സമൂഹങ്ങളില്‍ നിന്നുള്ള യുവജനങ്ങളാണ് എന്ന തിരിച്ചറിവും അവര്‍ക്കുണ്ട്. അവരുടെ ചിന്താപരമായ കരുത്തിനെ അതേ തലത്തില്‍ നേരിടാനുള്ള ബൗദ്ധിക ശേഷി സവര്‍ക്കറുടെ ശിഷ്യന്മാര്‍ക്കില്ല എന്നതു വാസ്തവം. അതിനാല്‍ രോഹിത് വെമുലയെ ഇല്ലാതാക്കിയതു പോലെ ജെഎന്‍യുവിലും യുവജന നേതാക്കളെ രാജ്യദ്രോഹ മുദ്രകുത്തി തടവറയിലേക്ക് അയക്കാനും അവരുടെ ജീവിതം തകര്‍ത്തു തരിപ്പണമാക്കാനുമാണ് സംഘപരിവാരം ഗൂഢപദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഇതിനെതിരേ ശക്തമായ പ്രതിരോധം ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ മതേതര ജനാധിപത്യ സങ്കല്‍പം തന്നെയാണ്. നെഹ്‌റു വീണ്ടും പ്രസക്തി നേടുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss