|    Nov 19 Sun, 2017 6:29 am
FLASH NEWS

നെഹ്‌റുട്രോഫി ജലോല്‍സവം; സ്റ്റാര്‍ട്ടിങ് ഇത്തവണയും കുളമായി- ആദ്യന്തം തര്‍ക്കവിതര്‍ക്കം

Published : 13th August 2017 | Posted By: fsq

 

പി  വി  വേണുഗോപാല്‍

ആലപ്പുഴ: നെഹ്‌റുട്രോഫി ജലോത്സവ ചരിത്രത്തില്‍ ആദ്യമായി കുറ്റമറ്റ സ്റ്റാര്‍ട്ടിങിനായി യന്ത്രവത്കൃത സ്റ്റാര്‍ട്ടിങ് സംവിധാനമെന്ന സംഘാടകരുടെ വാക്ക് ഇത്തവണയും പാഴായി.  കഴിഞ്ഞ വര്‍ഷത്തേതുപോലെ പരീക്ഷണ ഘട്ടം പ്രവര്‍ത്തനത്തില്‍ നന്നായി പ്രവര്‍ത്തിച്ച സ്റ്റാര്‍ട്ടിങ് സംവിധാനം ഇത്തവണയും ചുണ്ടനുകളുടെ ഹീറ്റ്‌സ് മല്‍സരം ആരംഭിച്ചതോടെ തകരാറിലായി.  തുടര്‍ന്നു മുന്‍വര്‍ഷങ്ങളിലേതുപോലെ സ്റ്റാര്‍ട്ടറുടെ വിസിലും കൊടിയും നോക്കി സ്റ്റാര്‍ട്ട് ചെയ്യേണ്ട അവസ്ഥയിലായി വള്ളങ്ങള്‍.  പലപ്പോഴും വള്ളങ്ങളെ ഒരുമിച്ചു നിര്‍ത്താന്‍ കഴിയാത്തതിനാല്‍ സ്റ്റാര്‍ട്ടിങ് നടത്താന്‍ കഴിയാതെ സംഘാടകര്‍ വലഞ്ഞു. ആദ്യ ഹീറ്റ്‌സ് ആരംഭിച്ചപ്പോള്‍തന്നെ ഒന്നിലധികം തവണയാണ് സ്റ്റാര്‍ട്ടിങിനായി വേണ്ടിവന്നത്.  രണ്ടാം ഹീറ്റ്‌സ് കുഴപ്പമില്ലാതെ നടന്നെങ്കിലും മൂന്നാം ഹീറ്റ്‌സ് സ്റ്റാര്‍ട്ടിങിനെ ചൊല്ലിയുണ്ടായ ആശയക്കുഴപ്പം മൂലം അവസാനമാണു നടന്നത്.  നാലാമത്തെ ഹീറ്റ്‌സ് മല്‍സരങ്ങള്‍ അരഡസനിലേറെ തവണ സ്റ്റാര്‍ട്ടിങ് നടത്തി പരാജയപ്പെട്ടതിനു ശേഷമാണ് ആരംഭിക്കാനായത്.  മല്‍സരത്തുടര്‍ച്ച നഷ്ടമായത് കാണികളെയും മുഷിപ്പിച്ചു.  മല്‍സരത്തിന്റെ തല്‍സമയ ദൃക്‌സാക്ഷി വിവരണം നല്‍കിയിരുന്നവര്‍ക്കും സംഘാടര്‍ക്കും സ്റ്റാര്‍ട്ടിങ് സംവിധാനത്തിലെ പിഴവ് എന്തെന്ന് ഒരുപരിധിവരെ മനസിലാക്കാന്‍ കഴിഞ്ഞിരുന്നില്ല.  രാവിലെ നടന്ന ഹീറ്റ്‌സ് മല്‍സരങ്ങള്‍ കാര്യമായ ബുദ്ധിമുട്ടുകളില്ലാതെയായിരുന്നെങ്കിലും ചെറുവള്ളങ്ങളുടെ ഫൈനല്‍ മല്‍സരങ്ങളില്‍ സ്റ്റാര്‍ട്ടിങ് വില്ലനായി.  വീണ്ടും ചുണ്ടനുകളുടെ ലൂസേഴ്‌സ് ഫൈനലുകള്‍ ആരംഭിച്ചതോടെ സ്റ്റാര്‍ട്ടിങിനെ ചൊല്ലി തര്‍ക്കം തുടങ്ങി.  സെക്കന്‍ഡ് ലൂസേഴ്‌സ് ഫൈനലും സെമി ഫൈനല്‍ മല്‍സരവും ഏകദേശം 20 മിനിട്ടുകള്‍വീതമാണ് സ്റ്റാര്‍ട്ടിങിനെടുത്തത്. സെമിഫൈനല്‍ മല്‍സരത്തിനായി വള്ളങ്ങള്‍ തയാറായെങ്കിലും തൊട്ടുമുമ്പു നടന്ന മല്‍സരത്തില്‍ പങ്കെടുക്കാതിരുന്ന വള്ളം സ്റ്റാര്‍ട്ടിങ് ലൈനിനു കുറുകെ ഇട്ടതോടെ വീണ്ടും മല്‍സരം വൈകി.  ധനമന്ത്രി തോമസ് ഐസക്കും കലക്ടര്‍ വീണ എന്‍ മാധവനും സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചര്‍ച്ചനടത്തി ഇവരെ സമാധാനിപ്പിച്ചതിനു ശേഷമാണ് മല്‍സരം തുടങ്ങാനായത്.  ഫൈനല്‍ മല്‍സരവും സെമിഫൈനലിന്റെ തനിയാവര്‍ത്തനമായിരുന്നു.  ഏകദേശം ഒരുഡസനോളം തവണയാണ് സ്റ്റാര്‍ട്ടിങിനായി ചെലവഴിക്കേണ്ടിവന്നത്.  സ്റ്റാര്‍ട്ടറുടെ നിര്‍ദേശങ്ങള്‍ അംഗീകരിക്കാന്‍ വള്ളങ്ങള്‍ തയാറാകാതിരുന്നത് സ്റ്റാര്‍ട്ടിങിനെ തകിടംമറിച്ചു.  സമയത്തെ അടിസ്ഥാനമാക്കിയാണ് ചുണ്ടന്‍വള്ളങ്ങളുടെ ഫൈനല്‍ മല്‍സരാര്‍ഥികളെ തീരുമാനിക്കുന്നതെന്നതിനാല്‍ സ്റ്റാര്‍ട്ടിങിലെ നേരിയ കുറവുപോലും വിജയത്തെ ബാധിക്കുമെന്നതിനാല്‍ ആരും വിട്ടുവീഴ്ച്ചയ്ക്കു തയാറായിരുന്നില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക