|    Nov 16 Fri, 2018 9:18 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമ ഭേദഗതിക്കെതിരേ സംയുക്ത പ്രക്ഷോഭം

Published : 11th August 2018 | Posted By: kasim kzm

കെ സനൂപ്

തൃശൂര്‍: 2008 ലെ വി എസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം ഭേദഗതി ചെയ്ത് വയല്‍ നികത്താന്‍ അനുമതി നല്‍കുന്ന 2018ലെ പിണറായി സര്‍ക്കാരിന്റെ നീക്കത്തിനെതിരേ കേരളത്തിലെ ജനകീയ സമരപ്രസ്ഥാനങ്ങളും വിവിധ കര്‍ഷക സംഘടനകളും സംയുക്ത പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നു. ഇടത് ആഭിമുഖ്യമുള്ള കേരള ശാസ്ത്രസാഹിത്യപരിഷത്ത്, വയല്‍ക്കിളികള്‍ ഉള്‍പ്പെടെ 37 പരിസ്ഥിതി സംഘടനകളുടെയും വിവിധ പാടശേഖര സമിതികളുടെയും നേതൃത്വത്തിലാണ് സംയുക്ത പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. ഇതിന്റെ ആദ്യപടിയായി സംസ്ഥാന നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ കണ്‍വന്‍ഷന്‍ ഈ മാസം 12ന് രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെ തൃശൂര്‍ അയ്യന്തോള്‍ കോസ്റ്റ് ഫോര്‍ഡില്‍ നടക്കും. തമിഴ് കര്‍ഷക നേതാവ് അയ്യാക്കണ്ണ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും.
വി എസ് സര്‍ക്കാര്‍ കൊണ്ടുവന്ന നിയമംപാടെ അട്ടിമറിക്കുന്ന രീതിയിലാണ് പിണറായി സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവന്നത്. എന്നാല്‍ ഈ നിയമത്തിലെ 10 വകുപ്പുള്‍പ്പെടെ 13 വകുപ്പുകള്‍ ഭേദഗതി ചെയ്യുകയും 27 എ മുതല്‍ 27 ഡി വരെയുള്ള പുതിയ വകുപ്പുകള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്ത് വയല്‍ നികത്തി ടോള്‍പാത, പെട്രോളിയം സംഭരണകേന്ദ്രം, വ്യവസായ കേന്ദ്രങ്ങള്‍, ടൗണ്‍ഷിപ്പുകള്‍ തുടങ്ങിയവ നിര്‍മിക്കാനുതകുന്ന വിധത്തില്‍ പൊതു ആവശ്യം എന്ന പേരില്‍ വ്യാഖ്യാനിക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്തത്.
കേരള ഡിപാര്‍ട്ട്‌മെന്റ് ഓഫ് എക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കനുസരിച്ച് 1975-76 കാലഘട്ടത്തില്‍ നെ ല്‍കൃഷി ചെയ്യുന്ന വയലുകളുടെ അളവ് 8.76 ലക്ഷം ഹെക്ടറായിരുന്നു. 2007-2008 അത് 2.29 ലക്ഷമായി കുറഞ്ഞു. 2016-17 1,71,398 ഹെക്ടറായി മാറി. കേരളത്തിലെ വയലുകള്‍ കുറഞ്ഞുവരുന്ന സന്ദര്‍ഭത്തിലാണ് നെല്‍വയലുകള്‍ സ്വകാര്യ വ്യക്തികള്‍ നികത്താന്‍ കുടപിടിക്കുന്ന ഭേദഗതി സര്‍ക്കാര്‍ കൊണ്ടുവന്നതെന്ന് പരിസ്ഥിതി സംഘടനകള്‍ ആരോപിക്കുന്നു. തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലെ ഭേദഗതിക്കെതിരേ വി എസ് അച്യുതാനന്ദനും കേരള ശാസ്ത്രസാഹിത്യ പരിഷത്തും രൂക്ഷമായി വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു. തണ്ണീര്‍ത്തട നിയമഭേദഗതിക്കെതിരേ സമരപരിപാടികളുടെ സംസ്ഥാന ഏകോപനവുമായി ബന്ധപ്പെട്ട് എറണാകുളത്തും തൃശൂരിലും കര്‍ഷകരുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും യോഗം നടന്നു. യോഗ തീരുമാനപ്രകാരമാണ് തൃശൂരില്‍ സംസ്ഥാന കണ്‍വന്‍ഷന്‍ നടത്തുന്നത്. ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യം, കേരള ജൈവ കര്‍ഷക സമിതി, തണല്‍, കേരള ശാസ്ത്രസാഹിത്യപരിഷത്ത്, കേരള നദീ സംരക്ഷണസമിതി, പാലക്കാടന്‍ കര്‍ഷക മുന്നേറ്റം തുടങ്ങിയ സംഘടനകളും വിവിധ പാടശേഖര സമിതികളും സംയുക്തമായാണ് കണ്‍വന്‍ഷന്‍ നടത്തുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss