|    Jul 22 Sun, 2018 2:49 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

നെല്‍വയല്‍ നികത്തല്‍ നിയമപ്രകാരം കേസെടുക്കണം: പ്രതിപക്ഷ നേതാവ്

Published : 26th September 2017 | Posted By: fsq

 

തിരുവനന്തപുരം: കായല്‍ കൈയേറി നികത്തിയെടുത്തെന്ന ആരോപണം നേരിടുന്ന ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരേ പ്രോസിക്യൂഷന്‍ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല റവന്യൂമന്ത്രിക്ക് ഇ ചന്ദ്രശേഖരനു കത്തു നല്‍കി. 2008ലെ നെല്‍വയല്‍ നികത്തല്‍ നിയമപ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം. നിലം നികത്തല്‍ ഉണ്ടായിട്ടുണ്ടെന്ന് ആലപ്പുഴ ജില്ലാ കലക്ടര്‍ റിപോര്‍ട്ട് നല്‍കിയിട്ടുണ്ട്. മന്ത്രിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോര്‍ട്ടിനു വേണ്ടി പാര്‍ക്കിങ് സ്ഥലം നിര്‍മിച്ചത് കായല്‍ നികത്തിയാണെന്ന് കലക്ടറുടെ റിപോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നത്. 2013 മുതലുള്ള ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ കൈയേറ്റം സ്ഥിരീകരിച്ചതായും ഇതു കാരണം കായല്‍ പ്രദേശത്തിന്റെ ഘടന തന്നെ മാറിപ്പോയതായും റിപോര്‍ട്ടിലുണ്ട്. അധികാരത്തിലിരിക്കുന്ന ഒരു മന്ത്രി നഗ്നമായ നിയമലംഘനം നടത്തി സര്‍ക്കാര്‍ ഭൂമി കൈയേറിയത് ന്യായീകരിക്കാനാവില്ല. കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം 23ാം വകുപ്പ് അനുസരിച്ച് മന്ത്രി ശിക്ഷാര്‍ഹമായ കുറ്റം ചെയ്തതായി പ്രഥമദൃഷ്ട്യാ തെളിഞ്ഞിട്ടുണ്ട്. മൂന്നു വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് മന്ത്രി ചെയ്തത്. അധികാരത്തില്‍ ഇരിക്കുന്ന ഒരു മന്ത്രി തന്നെ നിയമലംഘനം നടത്തിയത് ജില്ലാ കലക്ടറുടെ റിപോര്‍ട്ടിന്റെയും അധികാരികളുടെ കൈവശമുള്ള രേഖകളുടെയും അടിസ്ഥാനത്തില്‍ വ്യക്തമായി തെളിഞ്ഞിട്ടും പ്രോസിക്യൂഷന്‍ വൈകുന്നത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയായേ കാണാനാവൂ. ഈ സാഹചര്യത്തില്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരേ ആലപ്പുഴ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിക്കുന്നതിന് നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം 12(1) അനുശാസിക്കുംവിധം ബന്ധപ്പെട്ട റവന്യൂ ഡിവിഷനല്‍ ഓഫിസറെ ചുമതലപ്പെടുത്തി ഉത്തരവ് നല്‍കണമെന്നും ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു. അതേസമയം, മന്ത്രി തോമസ് ചാണ്ടി കായല്‍ കൈയേറിയെന്നു വ്യക്തമാക്കുന്ന ഇടക്കാല റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കാനാവില്ലെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ വ്യക്തമാക്കി. അന്തിമ റിപോര്‍ട്ട് വന്നതിനു ശേഷം ഇക്കാര്യത്തില്‍ എന്തു വേണമെന്നു തീരുമാനിക്കും. ആലപ്പുഴ കലക്ടര്‍ ടി വി അനുപമ സമര്‍പ്പിച്ച ഇടക്കാല റിപോര്‍ട്ടില്‍ അതൃപ്തിയില്ലെന്നും മന്ത്രി പ്രതികരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss