|    Oct 19 Fri, 2018 4:59 pm
FLASH NEWS

നെല്‍വയല്‍ തരൂ പൊന്നാക്കി തരാം: ഹരിത എക്‌സ്പ്രസ് പര്യടനം തുടരും

Published : 10th January 2017 | Posted By: fsq

 

പാലക്കാട്: നല്ല ഭൂമിയും വെള്ളവും പുഴയും നാളെയുടെ ജന്മാവകാശമാണെന്നും നെല്‍വയല്‍ തന്നാല്‍ പൊന്നാക്കി തരാമെന്നുമുള്ള സന്ദേശവുമായി ജില്ലയില്‍ വിവിധ മണ്ഡലത്തില്‍ സഞ്ചരിച്ചിരുന്ന ഹരിത എക്‌സ്പ്രസ് തുടര്‍ന്നുള്ള രണ്ട്  ദിവസങ്ങളില്‍ മലപ്പുറം ജില്ലയില്‍ പര്യടനം നടത്തും. ഹരിതകേരളം മിഷന്റെ പ്രചാരണത്തിനായി ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് സജ്ജമാക്കിയ പ്രദര്‍ശന വാഹനത്തെ അനുഗമിക്കുന്ന തിരുവനന്തപുരം ആസ്ഥാനമായുള്ള റിഥം ഓഫ് കേരള നാടന്‍പാട്ട് സംഘമാണ് നല്ല നാളെയ്ക്കായി സജ്ജമാകണമെന്ന് ഓര്‍മിപ്പിക്കുന്നത്. ‘താരാട്ടിന്റെ ഈണവും അമ്മിഞ്ഞപാലിന്റെ മാധുര്യവും’ മറന്ന് പ്രവര്‍ത്തിക്കരുതെന്നും ഭൂമി ഹരിതാഭമാക്കാനുള്ള യജ്ഞത്തില്‍ എല്ലാവരും പങ്കാളികളാവണമെന്നും ഊര്‍ജം പകരുന്ന നാടന്‍ പാട്ടുകള്‍ ജനശ്രദ്ധയാകര്‍ഷിച്ചു. തരിശ്ഭൂമിയിലെ കൃഷി, മാലിന്യ നിര്‍മാര്‍ജനം, പഴയ സാധനങ്ങളുടെ പുനരുപയോഗം, പ്ലാസ്റ്റിക് നിര്‍മാര്‍ജനം, ജലസ്രോതസ്സുകളുടെ നവീകരണം എന്നിവയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തുടങ്ങിവച്ചിട്ടുള്ള പ്രവൃത്തികളുടെ ഫോട്ടോകളാണ് ഹരിത എക്‌സ്പ്രസിലുള്ളത്. മുഖ്യമന്ത്രി പിണറായി വിജയന്‍, മറ്റ് മന്ത്രിമാര്‍, യേശുദാസ്, നടന്മാരായ മമ്മൂട്ടി, ശ്രീനിവാസന്‍, നടി മഞ്ജു വാര്യര്‍ എന്നിവരുള്‍പ്പെട്ട പരിപാടികളുടെ ചിത്രങ്ങളും പ്രദര്‍ശനത്തിനുണ്ട്. ജനുവരി എട്ടിന് വടക്കഞ്ചേരിയില്‍ ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി ഫഌഗ് ഓഫ് ചെയ്ത എക്‌സ്പ്രസ് ആലത്തൂര്‍ , നെന്മാറ, ചിറ്റൂര്‍ മണ്ഡലങ്ങളില്‍ പര്യടനം നടത്തിയതിന് ശേഷം മലമ്പുഴയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ രാമചന്ദ്രന്‍ സമാപന പരിപാടി ഉദ്ഘാടനം ചെയ്തു. രണ്ടാം ദിവസത്തെ പര്യടനം സ്റ്റേഡിയം ബസ് സ്റ്റാന്‍ഡില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ ശാന്തകുമാരി ഫഌഗ് ഓഫ് ചെയ്തു.  തുടര്‍ന്ന് കോങ്ങാട് . ചെര്‍പ്പളശ്ശേരി , ഒറ്റപ്പാലം, ഷൊര്‍ണൂര്‍, എന്നിവിടങ്ങളില്‍ സഞ്ചരിച്ച് പട്ടാമ്പിയില്‍ പര്യടനം പൂര്‍ത്തിയാക്കി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss