|    Oct 20 Fri, 2017 9:47 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

നെല്‍വയല്‍-തണ്ണീര്‍ത്തട ഭേദഗതി ബില്ല് പാസാക്കി

Published : 9th November 2016 | Posted By: SMR

തിരുവനന്തപുരം: നികത്തിയ നെല്‍വയലുകള്‍ ന്യായവിലയുടെ 25 ശതമാനം ഈടാക്കി ക്രമവല്‍ക്കരിക്കാനുള്ള വ്യവസ്ഥ പിന്‍വലിച്ചുള്ള നെല്‍വയല്‍ തണ്ണീര്‍ത്തട ഭേദഗതി ബില്ല് നിയമസഭ പാസാക്കി. രേഖകളില്‍ നിലമെന്നാണെങ്കിലും ഗ്രാമങ്ങളില്‍ 10 സെന്റിലും നഗരങ്ങളില്‍ അഞ്ചുസെന്റിലും വച്ച വീടുകള്‍ക്ക് ഉടന്‍ അനുമതി നല്‍കുമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ നിയമസഭയെ അറിയിച്ചു. ഇത് പരിശോധിക്കുന്നതിനുള്ള പ്രാദേശിക കമ്മിറ്റികളുടെ പ്രവര്‍ത്തനം പുനരാരംഭിക്കും.
യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതിക്ക് ശേഷമാണ് വീടുകള്‍ക്ക് നമ്പര്‍ നല്‍കുന്നത് തടസ്സപ്പെട്ടത്. വീട്ടുനമ്പര്‍ ലഭിക്കുന്നതിനുള്ള തടസ്സം നീക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പുതിയ സര്‍ക്കുലര്‍ നല്‍കുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി ഡോ. കെ ടി ജലീലും അറിയിച്ചു. 2008ന് മുമ്പ് നികത്തിയ നിലങ്ങളില്‍ വീടു വച്ചവര്‍ക്ക് അനുമതി നല്‍കാന്‍ സംസ്ഥാനതലത്തിലും ജില്ലാതലത്തിലും പ്രാദേശിക തലത്തിലും കമ്മിറ്റികളുണ്ടായിരുന്നു. ക്രമവല്‍ക്കരിക്കല്‍ വ്യവസ്ഥ വന്നതോടെ ഇവയുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടു.
വീടുവയ്ക്കാന്‍ ഭൂമിയില്ലാത്തവര്‍ക്ക് ഗ്രാമങ്ങളില്‍ 10 സെന്റും നഗരങ്ങളില്‍ അഞ്ചുസെന്റും ഇപ്പോഴും നികത്താന്‍ 2008ലെ നിയമത്തില്‍തന്നെ വ്യവസ്ഥയുണ്ട്. യുഡിഎഫ് ക്രമവല്‍ക്കരിക്കല്‍ ഭേദഗതി കൊണ്ടുവന്നതോടെ വീട്ടുനമ്പറിനായി അപേക്ഷിച്ചവരും ഫീസ് കൊടുത്ത് ക്രമവല്‍ക്കരിക്കേണ്ട സാഹചര്യമാണുണ്ടായിരുന്നത്. ഇത് പിന്‍വലിച്ചതോടെ ഈ പ്രശ്‌നത്തിനും പരിഹാരമായതായി റവന്യൂ മന്ത്രി പറഞ്ഞു.
യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി അനുസരിച്ച് സംസ്ഥാനത്തൊട്ടാകെ 90,388 പേരാണ് നികത്തിയ നിലം ക്രമവല്‍ക്കരിക്കാന്‍ അപേക്ഷിച്ചിരുന്നത്. ഇതില്‍ 56 പേരുടെ അപേക്ഷ പരിഗണിച്ച് ക്രമവല്‍ക്കരിച്ചു നല്‍കിയിരുന്നു. ഇതൊഴികെ ശേഷിക്കുന്ന അപേക്ഷകളൊന്നും ഇനി പരിഗണിക്കില്ല. മുഴുവന്‍ അപേക്ഷകളും പരിഗണിച്ചിരുന്നെങ്കില്‍ 38,500 ഏക്കര്‍ വയല്‍ ക്രമവല്‍ക്കരിക്കേണ്ടിവരുമായിരുന്നു. 2008ലെ നിയമം പാസാക്കിയിട്ടും വ്യാപകമായി വയലുകള്‍ നികത്തിയിട്ടുണ്ട്. അന്തിമ ഡാറ്റാ ബാങ്ക് പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് നികത്തിയ നിലം ക്രമവല്‍ക്കരിക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചതായും മന്ത്രി പറഞ്ഞു.
റിമോട്ട് സെന്‍സിങും മറ്റുശാസ്ത്രീയ സംവിധാനവും ഉപയോഗിച്ച് ഒരുവര്‍ഷത്തിനകം അന്തിമ ഡാറ്റാ ബാങ്ക് പ്രസിദ്ധീകരിക്കുമെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക