|    Jan 19 Thu, 2017 8:46 pm
FLASH NEWS

നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ നീക്കം

Published : 24th December 2015 | Posted By: SMR

തിരുവനന്തപുരം: നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണനിയമം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ നീക്കമെന്നാക്ഷേപം. വയലിന് നിയമത്തിലുള്ളതിന് വിരുദ്ധമായ നിര്‍വചനം നല്‍കി 2008നു മുമ്പ് നികത്തിയ വയലിനെ ക്രമപ്പെടുത്താന്‍ റവന്യൂവകുപ്പ് തയ്യാറാക്കിയ ഭേദഗതി ചട്ടത്തിനെതിരേയാണ് വിമര്‍ശനമുയര്‍ന്നിരിക്കുന്നത്.
2008 ആഗസ്ത് 12നാണ് നെല്‍വയല്‍ തണ്ണീര്‍ത്തടസംരക്ഷണ നിയമം നിലവില്‍ വന്നത്. ഈ നിയമത്തില്‍ നെല്‍കൃഷി ചെയ്യുന്നതും കൃഷിക്ക് യോഗ്യമായിട്ടും തരിശിട്ടിരിക്കുന്നതും വയലിന് അനുബന്ധമായ തണ്ണീര്‍ത്തടങ്ങളുമാണ് നിലമായി നിര്‍വചിച്ചിട്ടുള്ളത്. ഈ പ്രദേശങ്ങളുടെ ഡാറ്റാ ബാങ്കുണ്ടാക്കി നികത്തപ്പെടാതെ സംരക്ഷിക്കണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍, കഴിഞ്ഞമാസം 25ന് നിയമവകുപ്പിന്റെ അറിവില്ലാതെ റവന്യൂവകുപ്പ് പുറപ്പെടുവിച്ച ഭേദഗതിയില്‍ നിലമെന്നാല്‍ വില്ലേജ് രേഖകളില്‍ നിലമെന്ന് രേഖപ്പെടുത്തിയിട്ടുള്ളതും ഡാറ്റാ ബാങ്കിലോ കരട് ഡാറ്റാ ബാങ്കിലോ നിലമല്ലാത്തതുമായ സ്ഥലമാണ്. പക്ഷേ, 50 ശതമാനത്തിന് താഴെ പഞ്ചായത്തുകളില്‍ മാത്രമേ ഇതുവരെ ഡേറ്റാ ബാങ്കിനുള്ള നടപടികളായിട്ടുള്ളൂ.
ബാക്കിയുള്ളവ തയ്യാറാക്കിയെന്ന് അവകാശപ്പെട്ടെങ്കിലും അത് പ്രസിദ്ധീകരിച്ചിട്ടില്ല. പ്രസിദ്ധീകരിച്ചതാവട്ടെ നിയമപരവുമല്ല. കാരണം ഉപഗ്രഹചിത്രങ്ങളുടെ അടിസ്ഥാനത്തിള്ള ഭൂപടവുമായി ഒത്തു നോക്കി പ്രസിദ്ധികരിക്കണമെന്നാണ് നിയമത്തിലെ നിര്‍ദേശം. ഇതുവരെ ഭൂപടം വാങ്ങാനുള്ള പണം പോലും സര്‍ക്കാര്‍ അനുവദിച്ചിട്ടില്ല. 2008ന് മുമ്പ് നികത്തിയ വയലുകളുടെ പട്ടിക ആര്‍ഡിഒയ്ക്ക് പ്രാദേശികസമിതികള്‍ നല്‍കണമെന്നാണ് നിയമത്തിലെ നിര്‍ദേശം. ഈ പട്ടികയുമായി ഒത്തുനോക്കണമെന്ന് ഇപ്പോഴത്തെ ചട്ടം നിര്‍ദേശിക്കുന്നില്ല. വില്ലേജോഫിസറുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കലക്ടറെയാണ് വയല്‍ നികത്തല്‍ ക്രമപ്പെടുത്താന്‍ ചുമതലപ്പെടുത്തുന്നത്.
നിയമപരമായ ഡാറ്റാ ബാങ്കില്ലാത്തതിനാല്‍ 2008നുശേഷമുള്ള നിലംനികത്തലും അംഗീകരിക്കപ്പെടുമെന്ന ആശങ്കയാണ് ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്നത്. റവന്യൂവകുപ്പിന്റെ പുതിയ ചട്ടങ്ങളില്‍ നിയമത്തിലുള്ള നിര്‍വചനങ്ങള്‍ പൊളിച്ചെഴുതിയതിനെതിരേ പരിസ്ഥിതി പ്രവര്‍ത്തകരടക്കം രംഗത്തെത്തിയിട്ടുണ്ട്. നിയമത്തിലെ നിര്‍വചനത്തില്‍നിന്ന് വ്യത്യസ്തമായ ചട്ടത്തിലെ നിര്‍വചനം നിലനില്‍ക്കില്ലെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം. 2008 ആഗസ്ത് 12ന് മുമ്പ് നികത്തി വയലുകള്‍ക്ക് സാധുത നല്‍കാനാണ് നിയമത്തില്‍ ഭേദഗതി വരുത്തിയത്. ന്യായവിലയുടെ 25 ശതമാനം നല്‍കിയാല്‍ നികത്തിയ വയലുകളെ രേഖകളില്‍ കരഭൂമിയാക്കാം. ഇത് മറയാക്കി ചട്ടത്തിലും നിയമത്തിലും വയലിന്റെ നിര്‍വചനത്തെ മാറ്റിമറിച്ചത് വ്യാപകമായി നിലംനികത്തലിന് നിയമസാധുത ലഭിക്കാനിടയാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
റവന്യൂ വകുപ്പ് പുറത്തിറക്കിയ ചട്ടം പാര്‍ട്ടി നിലപാടല്ലെന്നും തിരുത്താന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും കെപിസിസി വൈസ് പ്രസിഡന്റ് വി ഡി സതീശന്‍ വ്യക്തമാക്കി. ഭരണരംഗത്തിരിക്കുന്നവരുടെ അനുമതിയില്ലാതെ ഉദ്യോഗസ്ഥര്‍ ചെയ്‌തെന്ന ആക്ഷേപമൊന്നുമില്ല. ഭേദഗതിയിലൂടെ നിലംനികത്തല്‍ വര്‍ധിക്കും. അതുകൊണ്ട് ഭേദഗതി പിന്‍വലിക്കണം. ഇല്ലെങ്കില്‍ നിയമസഭയില്‍ ഭേദഗതി കൊണ്ടുവരും. റവന്യൂവകുപ്പിന് സമ്മര്‍ദങ്ങളെ അതിജീവിക്കാന്‍ കഴിയണമായിരുന്നുവെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 92 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക