|    Aug 20 Sun, 2017 1:37 pm
FLASH NEWS

നെല്‍കൃഷിയില്‍ വിജയം കൊയ്യാന്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍

Published : 3rd August 2017 | Posted By: fsq

 

നടവയല്‍: കെഎസ്ആര്‍ടിസി ജീവനക്കാര്‍ നെല്‍കൃഷിയില്‍ വിജയം കൊയ്യാന്‍ ഗാരേജില്‍ നിന്നു വയലിലേക്ക് ഇറങ്ങുന്നു. കാര്‍ഷിക വയനാടിന്റെ തനിമ നിലനിര്‍ത്താന്‍ അന്യംനില്‍ക്കുന്ന നെല്‍കൃഷിയെ തിരികെ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് കേണിച്ചിറയിലും പരിസര പ്രദേശങ്ങളിലും കെഎസ്ആര്‍ടിസിയില്‍ ജോലി ചെയ്യുന്ന 24ഓളം ജീവനക്കാരുടെ കൂട്ടായ്മയില്‍ നെല്‍കൃഷി ചെയ്യുന്നത്. ബസ് ഓടിക്കാനും ടിക്കറ്റ് മുറിച്ച് നല്‍കാനും മാത്രമല്ല, നന്നായി ജൈവ നെല്‍കൃഷി ചെയ്യാനും തങ്ങള്‍ക്ക് കഴിയുമെന്ന നിശ്ചയദാര്‍ഢ്യവുമായാണ് ഒരുപറ്റം ജീവനക്കാര്‍ ചേര്‍ന്ന് സാരഥി എന്ന പേരില്‍ സ്വാശ്രയ കൂട്ടായ്മ രൂപീകരിച്ച് കൃഷി ആരംഭിച്ചത്. ഇതിനായി പൂതാടി ഓടച്ചാല്‍ പാടശേഖരത്തില്‍ തരിശായി കാടുമൂടി കിടന്നിരുന്ന ആറേക്കര്‍ വയല്‍ കൃഷിയോഗ്യമാക്കി. കെഎസ്ആര്‍ടിസിയിലെ ജോലി സമയം കഴിഞ്ഞ് ഇടവേളകളിലും വൈകുന്നേരങ്ങളിലുമായാണ് ഇവര്‍ ഞാര്‍ നടാന്‍ പാകത്തിന് വയല്‍ ഒരുക്കിയത്. അന്യംനിന്നു പോവുന്ന നെല്‍കൃഷി സംരക്ഷിക്കാനും കൃഷിയുടെ മാഹാത്മ്യം പുതുതലമുറയ്ക്ക് പരിചയപ്പെടുത്താനും വേണ്ടിയാണ് തങ്ങള്‍ നെല്‍കൃഷിയിലേക്ക് ഇറങ്ങാന്‍ കാരണമെന്നു സാരഥി സ്വാശയസംഘം പ്രസിഡന്റ് കെ ജി ബാബു പറഞ്ഞു. വയലിന്റെ നാടായ വയനാട്ടില്‍ ഓരോ വര്‍ഷം ചെല്ലുന്തോറും വയല്‍കൃഷി കുറഞ്ഞ് കരവയല്‍ ആവുന്ന അവസ്ഥയാണ്. പഴയ കാലത്തെ കാര്‍ഷിക സംസ്‌കൃതിയിലക്കുള്ള തിരിച്ചുവരവ് കൂടി കൃഷിക്ക് പിന്നിലുണ്ട്. ആതിര വിത്താണ് ഉപയോഗിച്ചിരിക്കുന്നത്. കൃഷിപ്പണികളെല്ലാം അംഗങ്ങള്‍ കൂട്ടായി നടത്തുന്നതിനാല്‍ ചെലവ് കുറയ്ക്കാനും കഴിയുന്നു. പൂതാടി വയലില്‍ സംഘടിപ്പിച്ച ഞാറ് നടീല്‍ പഞ്ചായത്ത് പ്രസിഡന്റ് രുഗ്മണി സുബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയ്തു. കൃഷി ഓഫിസര്‍ പൗലോസ്, കെ ജി രഞ്ജിത്ത്, എ എന്‍ രാധാകൃഷ്ണന്‍, സി ആര്‍ സന്തോഷ് കുമാര്‍, ടി എല്‍ വിപിനചന്ദ്രന്‍ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക