|    Jan 19 Thu, 2017 4:01 am
FLASH NEWS

നെല്‍കൃഷിയില്‍ ഒബ്‌ളോങ് നടീല്‍ രീതി പരീക്ഷിച്ച് മുതലമടയിലെ കര്‍ഷകര്‍

Published : 9th July 2016 | Posted By: SMR

കൊല്ലങ്കോട്: പരമ്പരാഗത സമ്പ്രദായത്തിന്‍ നിന്ന് വ്യത്യസ്തത പുലര്‍ത്തുന്ന ഒറ്റഞ്ഞാര്‍ (എസ്ആര്‍ഐ) കൃഷി രീതിയില്‍ നിന്നും രൂപ കല്‍പന ചെയ്‌തെടുത്ത ഒബ്‌ളോങ് എസ്ആര്‍ഐ രീതി മുതലമടയില്‍ പരീക്ഷിക്കുന്നു. കുറഞ്ഞ ചിലവില്‍ കൂടുതല്‍ വിളവുല്‍പാദനം, വിത്തിന്റെ അളവ്, ഞാറിന്റെ പ്രായം, എണ്ണം, നടീല്‍ അകലം, ജല നിയന്ത്രണം എന്നീ കാര്യങ്ങളില്‍ ശാസ്ത്രീയമായി വ്യത്യസ്തത പുലര്‍ത്തുന്നതാണ് ഒബ്‌ളോങ് നടീല്‍ രീതി.
പഞ്ചായത്തിലെ നെല്‍കര്‍ഷകര്‍ ലീഡ് ഫാര്‍മറായ മല്ലന്‍കുളയ് കലാധരന്റെ അര ഏക്കര്‍ നെല്‍പ്പാടത്താണ് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ വിജ്ഞാന വ്യാപന പദ്ധതിയായ ലീഡ്‌സ് മുഖേന പരീക്ഷണ കൃഷിയിറക്കിയത്. ചൈനയിലെ സിച്ചാന്‍ അഗ്രിക്കള്‍ച്ചറല്‍ സയന്‍സ് അക്കാദമിയില്‍ വികസിപ്പിച്ചെടുത്ത ഈ രീതി പട്ടാമ്പി പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ ഡോ.ഷണ്‍മുഖ സുന്ദരം, ഡോ. രജ്ഞന്‍ എന്നിവരുടെ നേതൃത്വത്തില്‍ പരീക്ഷിച്ച് വിജയിച്ചതിന്റെ അടിസ്ഥാനത്തിലാണ് മുതലമടയിലും പരീക്ഷിക്കുന്നത്. ഞാറ്റടി തയ്യാറാക്കി 15-20 ദിവസത്തിനുള്ളില്‍ ഞാറുകള്‍ പറിച്ച് 7 സെന്റീമീറ്റര്‍ വശങ്ങളുള്ള ത്രികോണാകൃതിയില്‍ ഒരു നുരിയില്‍ ഞാറുകള്‍ നടുന്നു. ഇത്തരം രണ്ട് നുരികളള്‍ തമ്മില്‍ 35 സെ.മീ വീതമുള്ള വരികളുണ്ടാക്കി 40 സെ.മീ അകലം ഉണ്ടാക്കിയാണ് നടുന്നത്. നാടന്‍ ഇനമായ സൂജാത വിത്താണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. നുരിയിലെ ഞാറുകളുടെ എണ്ണം കുറവും നുരികള്‍ തമ്മിലുള്ള അകലം കൂടുതലുമാകുന്നതുകൊണ്ട് തുടക്കത്തില്‍ പാടം ശുഷ്‌ക്കിച്ചിരിക്കുന്നതായി തോന്നുമെങ്കിലും ഒരുമാസത്തിനകം പാടം പച്ചപ്പണിയും.
അതിശക്തമായ വേരു പടലത്തിന്റെ കരുത്തില്‍ കൂടുതല്‍ ചിനപ്പുപൊട്ടി എണ്ണവും കനവും കൂടുതലുള്ള കതിര്‍ക്കുലകളുണ്ടാകുന്നു. വിത്ത്, വളം, വെള്ളം എന്നിവയെല്ലാം വളരെ കുറച്ച് മാത്രം ഉപയോഗിക്കുന്നതിനാല്‍ പരമ്പരാഗത രീതിയെക്കാള്‍ ചെലവ് കുറച്ച് കൂടുതല്‍ വിളവ് ഒബ്‌ളോങ് എസ്ആര്‍ഐ കൃഷിയിലുടെ സാധ്യമാകുന്നു.
ഒബ്‌ളോങ് എസ്ആര്‍ഐ രീതിയിലുള്ള നടീല്‍ മുതലമട ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബേബിസുധ ഉദ്ഘാടനം ചെയ്തു. മുതലമട കൃഷി ഓഫിസര്‍ പി സിന്ധു ദേവി, ലീഡ്‌സ് ഫീല്‍ഡ് അസിസ്റ്റന്റ് കെ ശ്രീജിത്ത് പുതിയ നടീല്‍ രീതി കര്‍ഷകര്‍ക്ക് വിശദീകരിച്ചു. അസിസ്റ്റന്റ് കൃഷി ഓഫീസര്‍ എ ലൈല, കൃഷി അസിസ്റ്റന്റുമാരായ ആര്‍ ഗീതാകുമാരി, വി എം സജല, ആത്മ ബ്ലോക്ക് ടെക്‌നോളജി മാനേജര്‍ എസ് നിഷ, പാടശേഖര പ്രതിനിധികള്‍, മറ്റ് കര്‍ഷകര്‍ തുടങ്ങിയവര്‍ പരീക്ഷണ കൃഷിയുടെ നടീല്‍ ഉല്‍സവത്തില്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 38 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക