|    Apr 28 Fri, 2017 1:48 pm
FLASH NEWS

നെല്‍കൃഷിക്ക് ഭീഷണിയായി ഓലചുരുട്ടി പുഴു വ്യാപകമാവുന്നു

Published : 9th November 2016 | Posted By: SMR

ആനക്കര: വരള്‍ച്ചക്കൊപ്പം നെല്‍ക്കൃഷിക്ക് ഭീഷണിയായി ഓലചുരുട്ടിപ്പുഴു വ്യാപകമാവുന്നു. ഇത്തവണ ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയില്‍ ജലക്ഷാമം നേരിടുന്ന അവസരത്തിലാണ് വ്യാപകമായി പുഴു ശല്ല്യവും ആരംഭിച്ചിട്ടുള്ളത്. ഇത്തവണ വൈകിയാണ് നടീല്‍ പൂര്‍ത്തിയാക്കിയത്. വേണ്ടത്ര മഴ ലഭിക്കാത്തതു മൂലം കൃഷി നാശത്തിലേക്ക് നീങ്ങുന്ന അവസരത്തിലാണ് നെ ല്‍ച്ചെടിക്ക് ഭീഷണിയായി ഓലചുരുട്ടി പുഴു ഉള്‍പ്പെടെയുളളവയുടെ ശല്ല്യം. പാടങ്ങളില്‍ വേണ്ടത്ര വെള്ളമില്ലാത്ത അവസ്ഥയില്‍ കളശല്ല്യം കൂടുതലായിട്ടുണ്ട്. പാടങ്ങളിലെ കള പറിച്ച് കളഞ്ഞിട്ടു വേണം രണ്ടാം വട്ടം വള പ്രയോഗം നടത്താന്‍. എന്നാല്‍ കള വ്യാപകമായ സാഹചര്യത്തില്‍ കള പറിച്ച് കളയുന്നത് കൂലി ചെലവ് ഏറിയിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളിലേക്കാള്‍ കൂടുതലാണ് ഇത്തവണ കളയുടെ ശല്ല്യം. നടീല്‍ നടന്ന് മൂന്ന് മുതല്‍ നാല് വരെ ആഴ്ച്ചകള്‍  പിന്നിട്ട പാടങ്ങളിലാണ് നെല്ല്‌ച്ചെടിക്ക് ഓലചുരുട്ടിപുഴു ശല്ല്യമുള്ളത്.  ഓലചുരുട്ടിപ്പുഴുക്കളെ നശിപ്പിക്കാന്‍ മുള്ളുകള്‍ കൊണ്ട് ഇലച്ചുരുളുകള്‍ തുറന്ന് ഗോമൂത്രം,കാന്താരിമുളക് ലായനിയോ ബ്യുവേറിയ ബാസ്സിയാന എന്ന ജൈവകീടനാശിനിയോ തളിക്കാം. ആക്രമണം കൂടുതലുള്ള മേഖലകളില്‍ ഫെര്‍ട്ടറ എന്ന സുരക്ഷിത കീടനാശിനി ഏക്കറിന് നാല് കിലോയെന്ന തോതില്‍ 10 കിലോ മണലിലോ യൂറിയയിലോ കലര്‍ത്തി വിതറാം. ഞാറ് നട്ട് 45 ദിവസത്തിനുള്ളില്‍ നെല്‍ച്ചടിയുടെ 30 ശതമാനം ഇലകള്‍ക്ക് നാശം സംഭവിച്ചാലും വിളവില്‍ കുറവുണ്ടാവില്ല. ജൈവകൃഷിക്ക് മുന്‍തൂക്കമുള്ള പടിഞ്ഞാറന്‍ മേഖലയില്‍ ഓലചുരുട്ടിപുഴുവിനെതിരേ ജൈവകീടനാശിനിതന്നെയാണ് തെളിക്കുന്നത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day