|    Aug 21 Mon, 2017 4:28 am
FLASH NEWS
Home   >  Todays Paper  >  page 12  >  

നെല്‍കൃഷിക്ക് ചെലവേറുന്നു

Published : 13th August 2017 | Posted By: fsq

 

കൊച്ചി: നെല്‍കൃഷിക്കുള്ള ചെലവ് വന്‍തോതില്‍ വര്‍ധിക്കുന്നു. 2012നെ അപേക്ഷിച്ച് 2014ല്‍ ശരത്കാല കൃഷിയില്‍ ഒരു ഹെക്റ്ററിന് 14,927 രൂപയുടെ വര്‍ധനയുണ്ടായതായി സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പിന്റെ റിപോര്‍ട്ട് പറയുന്നു. 2012ല്‍ ഹെക്റ്ററിന് 35,968 രൂപയായിരുന്നു ചെലവ്. ഇത് 2014ല്‍ 50,895 ആയി ഉയര്‍ന്നു. ചെലവില്‍ ഭൂരിഭാഗവും തൊഴിലാളികള്‍ക്കു നല്‍കിയ കൂലിയാണ്. തൊഴിലാളികളുടെ കൂലി, മൃഗങ്ങളുടെ ചെലവ്, യന്ത്രങ്ങളുടെ ചെലവ്, വിത്ത്, ഞാര്‍ നടല്‍, വിവിധതരം വളം, സംരക്ഷണം, ഭൂനികുതി, ജലസേചന സെസ്സ്, അറ്റകുറ്റപ്പണികള്‍, വര്‍ക്കിങ് കാപ്പിറ്റലിന്റെ പലിശ, മറ്റു ചെലവുകള്‍ എന്നിവ പരിഗണിച്ചാല്‍ ഒരു ക്വിന്റല്‍ നെല്ല് ഉല്‍പാദിപ്പിക്കാന്‍ 2014ല്‍ 1,630 രൂപയാണ് ചെലവായതെന്ന് റിപോര്‍ട്ട് പറയുന്നു. ഒരു ഹെക്റ്ററിലെ നെല്ലിന്റെയും വൈക്കോലിന്റെയും ഉല്‍പാദനം മുന്‍ വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ട്. 43.26 ശതമാനത്തിന്റെ വര്‍ധനയാണ് ഉല്‍പാദനത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, ഇക്കാലയളവില്‍ ചെലവ് 41.50 ശതമാനം വര്‍ധിച്ചു. ശീതകാല നെല്‍കൃഷിയിലും ചെലവു വര്‍ധിച്ചിട്ടുണ്ട്. മൊത്തം ചെലവിന്റെ 49.47 ശതമാനം തൊഴിലാളികളുമായി ബന്ധപ്പെട്ടതാണ്. യന്ത്രങ്ങളുടെ ചെലവ്, വളം എന്നിവയാണ് ചെലവുകളില്‍ രണ്ടും മൂന്നും സ്ഥാനത്ത്. ഒരു ഹെക്റ്ററിന് മൊത്തം 51,851 രൂപയാണ് ചെലവായിരിക്കുന്നത്. ശരത്കാലവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് 956 രൂപ കൂടുതലാണ്. ശീതകാലത്ത് മനുഷ്യാധ്വാനം മൂലമുള്ള ചെലവ് കുറഞ്ഞതായും റിപോര്‍ട്ട് നിരീക്ഷിക്കുന്നുണ്ട്. മുന്‍വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഉല്‍പാദനം ചെറിയതോതില്‍ വര്‍ധിച്ചു. ഉല്‍പാദിപ്പിക്കപ്പെട്ട നെല്ലിന്റെയും വൈക്കോലിന്റെയും മൂല്യം നോക്കുകയാണെങ്കില്‍ 33.59 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായിരിക്കുന്നത്. വേനല്‍ക്കാലത്ത് ഒരു ഹെക്റ്ററിലെ നെല്‍കൃഷിക്ക് 52,312 രൂപയാണ് ചെലവു വന്നത്. ഒരു ക്വിന്റല്‍ നെല്ല് ഉല്‍പാദിപ്പിക്കാന്‍ 1,681 രൂപ ചെലവു വന്നു. ഒരു ഹെക്റ്ററില്‍ കേരകൃഷി നടത്താന്‍ 52,588 രൂപയാണ് ചെലവായത്. ഇതിന്റെ 65.82 ശതമാനവും മനുഷ്യാധ്വാനത്തിനാണ്. അടക്ക കൃഷിചെയ്യാന്‍ 53,665 രൂപയാണ് ചെലവു വന്നിരിക്കുന്നത്. ഇതിലും 68.72 ശതമാനം മനുഷ്യാധ്വാനത്തിനാണ്. 12.06 ശതമാനമാണ് വളത്തിനും മറ്റുമായി ചെലവായിരിക്കുന്നത്. നെല്ല്, തെങ്ങ്, അടക്ക, കുരുമുളക്, മരച്ചീനി, ഇഞ്ചി, മഞ്ഞ ള്‍, കയ്പ, പയര്‍, പൈനാപ്പിള്‍, ഏലം എന്നീ കൃഷികളുടെ ചെലവുമായി ബന്ധപ്പെട്ട സര്‍വേയാണ് വകുപ്പ് നടത്തിയിരിക്കുന്നത്. കേരളത്തില്‍ നെല്‍കൃഷി വന്‍തോതില്‍ കുറഞ്ഞതായി നേരത്തേ റിപോര്‍ട്ടുണ്ടായിരുന്നു. ഭക്ഷ്യവിള ഉല്‍പാദനവും കേരളത്തില്‍ വന്‍തോതില്‍ കുറഞ്ഞുവരുകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക