|    Jun 25 Mon, 2018 2:12 am
FLASH NEWS

നെല്ല് സംഭരണത്തില്‍ സര്‍ക്കാരിന് മെല്ലെപ്പോക്ക് നയം

Published : 1st December 2016 | Posted By: SMR

പാലക്കാട്: നെല്ല് സംഭരണം അവസാനഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോള്‍ ജില്ലയില്‍ ഇതുവരെ സംഭരിച്ചത് 92,515 ടണ്‍ നെല്ല്. സംഭരണതുകയായി 208 കോടിരൂപയാണ് കര്‍ഷകര്‍ക്ക് ലഭിക്കേണ്ടത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ നെല്ല് സംഭരണവിഷയത്തില്‍ മെല്ലെപ്പോക്ക് നയമാണ് സ്വീകരിച്ചിട്ടുള്ളതെന്ന്് കര്‍ഷകര്‍ പറയുന്നു.  കൊയ്ത്തിനുമുമ്പ് സംഭരണവില പ്രഖ്യാപിക്കാത്തതുമൂലം നെല്ല് സംഭരണം ഇഴഞ്ഞുനീങ്ങാന്‍ കാരണമായി. കൊയ്ത്ത് ആരംഭിച്ച് ഒരുമാസത്തിനുശേഷമാണ് പ്രഖ്യാപനം ഇറങ്ങുന്നത്. അപ്പോഴും നെല്ലിന്റെ വില പ്രഖ്യാപിച്ചില്ല. കേന്ദ്രസര്‍ക്കാര്‍  ഒരു കിലോ നെല്ലിന് 60 പൈസയും കേരളസര്‍ക്കാര്‍ 40 പൈസയുമാണ് വര്‍ധിപ്പിച്ചത്.  സംസ്ഥാനത്താകെ 1,45,120.108 ടണ്‍ നെല്ലാണ് സംഭരിച്ചത്. അതിന്റെ മുക്കാല്‍ പങ്കും പാലക്കാടുനിന്നാണ്. ചിറ്റൂര്‍ താലൂക്കില്‍നിന്നാണ് കൂടുതല്‍ നെല്ല് സംഭരിച്ചത്. 35,819.367 ടണ്‍. ആലത്തൂരില്‍നിന്ന് 31,349.189 ടണ്ണും പാലക്കാടുനിന്ന് 23,803.587ടണ്ണും ഒറ്റപ്പാലത്തുനിന്ന് 719.186 ടണ്ണും പട്ടാമ്പിയില്‍നിന്ന് 823.717 ടണ്ണും നെല്ല് സംഭരിച്ചു.കഴിഞ്ഞ ഒന്നാംവിളയ്ക്ക് ജില്ലയില്‍ 91,770.117 ടണ്‍ നെല്ലാണ് സംഭരിച്ചത്. ഇത്തവണ രജിസ്‌ട്രേഷനും സംഭരിച്ച നെല്ലിന്റെ അളവിലും വര്‍ധനയുണ്ടായി. സംസ്ഥാന സര്‍ക്കാര്‍ സംഭരണ വില ഒരു രൂപകൂടി വര്‍ധിപ്പിച്ചു നല്‍കിയതോടെ 22.50 രൂപയ്ക്കാണ് സപ്ലൈകോ നെല്ല് സംഭരിക്കുന്നത്. 14.70 രൂപ കേന്ദ്ര വിഹിതവും 7.80 രൂപ സംസ്ഥാന വിഹിതവുമാണ്. സിവില്‍ സപ്ലൈസ് കോര്‍പറേഷന് നെല്ല് നല്‍കിയ കര്‍ഷകര്‍ക്ക് ഇപ്പോള്‍ കേന്ദ്രത്തിന്റെ വിഹിതം മാത്രമെ ബാങ്ക് അക്കൗണ്ടുകളില്‍ എത്തിയിട്ടുളളു. സംസ്ഥാനസര്‍ക്കാരിന്റെ വിഹിതത്തെക്കുറിച്ച് ഇതുവരെയും വിവരമൊന്നുമില്ല. അതേസമയം ബാങ്കുകളില്‍ പൈസ എത്തിയാലും അത് കിട്ടാന്‍ കര്‍ഷകര്‍ക്ക് ഇത്തവണ ബുദ്ധിമുട്ടേണ്ടിവരും. നോട്ടു നിരോധനവുമായി ബന്ധപ്പെട്ടുള്ള നിയന്ത്രണങ്ങളാണ് ഇതിനുകാരണം. ആഴ്ചയില്‍ 24,000 രൂപ മാത്രമാണ് ബാങ്കില്‍നിന്ന് പിന്‍വലിക്കാനാവു. ഇതിനാല്‍ വായ്പയെടുത്ത തുക തിരിച്ചുനല്‍കാനും സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍നിന്ന് പലിശയ്ക്ക് പണമെടുത്ത കര്‍ഷകര്‍ക്ക് തിരിച്ചടയ്ക്കാനും കഴിയാതാവും. കടം വാങ്ങിയാണ് ഭൂരിഭാഗം കര്‍ഷകരും ഒന്നാംവിളയറിക്കിയത്. രണ്ടാം വിള കിട്ടുമോയെന്ന കാര്യത്തില്‍ ഇപ്പോഴും ഉറപ്പില്ല. ഈ സാഹചര്യത്തില്‍ കര്‍ഷകരുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാവുകയാണ്.കാലവര്‍ഷവും തുലാവര്‍ഷവുമൊന്നും സംസ്ഥാനത്ത് പെയ്തിട്ടില്ല. അണക്കെട്ടുകളില്‍ വെള്ളവുമില്ല. രണ്ടാംവിള മിക്കവാറും ഉപേക്ഷിച്ചു കഴിഞ്ഞു. ഞാറ് പാകിയത് പറിച്ചുനടാനോ നട്ടവയ്ക്ക് വെള്ളം കൊടുക്കാനോ പറ്റാതെ കര്‍ഷകര്‍ നട്ടം തിരിയുകയാണ്. ഡിസംബര്‍ അഞ്ചു മുതല്‍ കൃഷിക്കായി മലമ്പുഴ അണക്കെട്ട് തുറന്നു വിടാമെന്ന് അറിയിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ മലമ്പുഴയില്‍ കുടിവെള്ളത്തിനുള്ള ശേഖരം മാത്രമേയുള്ളു. ഇടയ്ക്ക് മഴ കിട്ടിയില്ലെങ്കില്‍ കുടിവെള്ളക്ഷാമവും രൂക്ഷമാവുന്ന അവസ്ഥയിലാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss