|    Oct 15 Mon, 2018 8:54 pm
FLASH NEWS

നെല്ല് സംഭരണത്തിന് പ്രാദേശിക സംവിധാനമൊരുക്കും: മന്ത്രി

Published : 27th September 2017 | Posted By: fsq

 

പാലക്കാട്: കൃഷി വകുപ്പ് ഉദ്യോഗസ്ഥരും കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍മാരും അതത് പഞ്ചായത്തുകളിലെ കൃഷിക്കാരുമായി സഹകരിച്ച് നെല്ലുസംഭരണത്തിനായി പ്രദേശികസംവിധാനം സജ്ജമാക്കണമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ നിര്‍ദേശം നല്‍കി. അതിനാവശ്യമായ കാര്‍ഷിക ഉപകരണങ്ങളും ഗുണനിലവാരം ഉറപ്പാക്കാനുളള സജ്ജീകരണങ്ങളും കണ്ടെത്തണം. മന്ത്രിയുടെ അധ്യക്ഷതയി ല്‍ ജില്ലാ കലക്ടറേറ്റ് സമ്മേളനഹാളില്‍ നെല്ല് സംഭരണം സംബന്ധിച്ച് ചേര്‍ന്ന തൃശൂര്‍-പാലക്കാട് ജില്ലകളിലെ കൃഷിവകുപ്പ്, സപ്ലൈകോ ഉദ്യോഗസ്ഥരുടേയും പാടശേഖരസമിതി പ്രതിനിധികളുടേയും യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. നെല്ലുകള്‍ കേടുകൂടാതെ സൂക്ഷിക്കുന്നതിന് സര്‍ക്കാര്‍- സ്വകാര്യ ഗോഡൗണുകളും കൃഷി വകുപ്പിന് കീഴിലെ സൗകര്യങ്ങളും കണ്ടെത്തി പട്ടിക തയ്യാറാക്കി കൃഷി ഓഫിസര്‍മാര്‍ ഉടന്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ക്ക് കൈമാറണം. പ്രാദേശിക സംഭരണത്തിനായി ചാക്കുകളും, തൂക്കുന്ന സജ്ജീകരണം എന്നിവ സപ്ലൈകോ ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ കൃഷിവകുപ്പ് ഉദ്യോഗസഥര്‍ കണ്ടെത്തണം. ഏത് അടിയന്തര സാഹചര്യത്തിലും നെല്ല് സംഭരണം ഉറപ്പാക്കുകയാണ് ലക്ഷ്യം. ഒക്ടോബര്‍ ഒന്നു മുതല്‍ നെല്ല് സംഭരണം ആരംഭിക്കുമെന്നും മന്ത്രി യോഗത്തില്‍ അറിയിച്ചു. പ്രാദേശികതലത്തില്‍തന്നെ കൃഷി ഓഫിസര്‍മാരുടെ കീഴില്‍ പിആര്‍എസ് (പാഡി റെസീപ്റ്റ് സ്ലിപ്പ്) എടുക്കാന്‍ സംവിധാനമുണ്ടാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ജില്ലയില്‍ നിലവില്‍ 7000 മെട്രിക്ക് ടണ്‍ നെല്ല് സൂക്ഷിക്കാനുള്ള ഗോഡൗണ്‍ സംവിധാനമുണ്ടെന്ന് ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ കെ എക്‌സ് ജെസ്സി മന്ത്രിയെ അറിയിച്ചു. ഒന്നാംവിളയില്‍ ജില്ലയില്‍ ഏകദേശം 1,10,000 മെട്രിക്ക് ടണ്‍ നെല്ല് ലഭ്യമാകും. ഒന്നാംവിള വിളവെടുപ്പ് ആരംഭിച്ചിട്ടും വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്് മില്ലുടമകള്‍ നെല്ല് സംസ്‌കരണത്തില്‍ നിന്ന് പിന്മാറി നില്‍ക്കുന്ന സാഹചര്യത്തിലാണ് കൃഷി മന്ത്രി അടിയന്തര യോഗം വിളിച്ചത്. മില്ലുടമകള്‍ക്ക് കൈകാര്യ ചെലവായി ക്വിന്റലിന് നല്‍കിയിരുന്ന 138 രൂപയില്‍ 200ആയി ഉയര്‍ത്തിയിരുന്നു. എടുക്കുന്ന നെല്ലിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെട്ട പ്രാദേശികസ സംവിധാനം ഉറപ്പാക്കിയിരുന്നു എന്നിട്ടും മില്ലുടമകള്‍ മാറി നില്‍ക്കുകയാണെന്ന് മന്ത്രി പറഞ്ഞു. നെല്ല് വിളവെടുപ്പ് രണ്ടാഴ്ചക്കുള്ളില്‍ കൂടുതല്‍ ഊര്‍ജിതമാകുന്ന സാഹചര്യത്തില്‍ സംഭരണവുമായി ബന്ധപ്പെട്ട് ജില്ലയിലെ എംഎല്‍എമാര്‍, ജനപ്രതിനിധിക ള്‍, പാടശേഖരസമിതികള്‍ എന്നിവരുള്‍പ്പെട്ട യോഗം ഉടന്‍ വിളിച്ചു ചേര്‍ത്ത് നടപടി സ്വീകരിക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ജില്ലാ കലക്ടര്‍ ഡോ. പി സുരേഷ് ബാബു, എഡിഎം എസ് വിജയന്‍, സപ്ലൈകോ റീജ്യനല്‍ മാനേജര്‍ പി ദാക്ഷായണിക്കുട്ടി, സിവില്‍ സപ്ലൈസ് എംഡി പി എച്ച് അഷ്‌റഫ് പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss