|    Apr 20 Fri, 2018 10:35 am
FLASH NEWS

നെല്ല് സംഭരണം: സപ്ലൈകോയുടേയും മില്ലുടമകളുടേയും അനാസ്ഥ അവസാനിപ്പിക്കണം

Published : 4th April 2016 | Posted By: SMR

ചിറ്റൂര്‍: രണ്ടാംവിള കൊയ്ത്തു കഴിഞ്ഞ നെല്‍ കര്‍ഷകരില്‍ നിന്ന് നെല്ല് സംഭരിക്കുന്ന സപ്ലൈകോയും മില്ലുടമകളും ഏജന്റുമാരും കാണിക്കുന്ന അനാസ്ഥ അവസാനിപ്പിക്കണമെന്ന് കര്‍ഷകസംഘടനകളുടെ കോര്‍ഡിനേഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
ഒരു കൃഷിക്കാരില്‍ നിന്നും പ്രാവശ്യം മാത്രമേ നെല്ല് എടുക്കുകയുളളു എന്ന സമീപനം മാറ്റണം. കനാല്‍ വെളളത്തിനെ ആശ്രയിച്ചു കൃഷി ചെയ്യുന്ന നെല്‍വിത്തിന്റെ മൂപ്പും പാടങ്ങളിലും കുളങ്ങളിലെ വെളളത്തെ ആശ്രയിച്ചു കൃഷി ചെയ്യുന്നതിന്റെ മൂപ്പും ഒരു മാസം വ്യത്യാസം ഉണ്ടാകും. ആദ്യം കൊയ്യുന്ന നെല്ല് അവസാനത്തെ കൊയ്ത്ത് വരെ കാത്തിരിന്നു വേണം സപ്ലൈകോവിന് നെല്ലളക്കാന്‍ എന്ന സമീപനം കൃഷിക്കാരില്‍ സാമ്പത്തിക പ്രയാസവും നെല്ല് സൂക്ഷിക്കാനുളള ബുദ്ധിമുട്ടും ഉണ്ടാക്കുന്നു. മില്ലുടകമള്‍ കൃഷിക്കാര്‍ക്ക് ഉണക്കി കൂട്ടിയ നെല്ല് ചാക്കിലാക്കി വെയ്ക്കാന്‍ ചാക്ക്‌പോലും കൊടുക്കുന്നില്ല. കൊടുത്ത നെല്ലിന് 14 രൂപ വെച്ചെ കിട്ടുകയുളളു. ബാക്കി പണം അനിശ്ചിതമായി നീണ്ടുപോകുന്നതും കടം തിരിച്ചടക്കുന്നതിനും അത്യാവശ്യ കുടുംബകാര്യങ്ങള്‍ നടത്താന്‍ പറ്റാത്ത സ്ഥിതിയും വരുന്നുണ്ട്. കടത്ത് കൂലിയിനത്തിലും രണ്ട് തരത്തിലുളള നിരക്കാണ് ഈടാക്കുന്നത്.
ഇത് മാറ്റണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. എഴ് മാസത്തെ കര്‍ഷക പെന്‍ഷന്‍ കുടിശ്ശിക വിഷുവിന് മുമ്പ് വിതരണം ചെയ്യണമെന്നും ഉഴവുകൂലിയും വിഷുവിന് മുമ്പു കൊടുത്തു തീര്‍ക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. കേരളത്തില്‍ നാളികേരത്തിന്റെ വിളവെടുപ്പിന്റെ സീസണാണ്. ഈ സമയത്താണ് പച്ച നാളികേര സംഭരണം ഫണ്ടില്ല എന്ന കാരണം പറഞ്ഞ് നിര്‍ത്തിവെച്ചിരിക്കുന്നത്.
ഇതു മൂലം നാളികേര വ്യാപാരികള്‍ കൃഷിക്കാരില്‍ നിന്നും അഞ്ചര രൂപയ്ക്കും 6 രൂപയ്ക്കും താഴെ പച്ചത്തേങ്ങ സംഭരിക്കുന്നു. വെട്ടിയിടുന്ന തേങ്ങയില്‍ 1000 എണ്ണത്തില്‍ 200 എണ്ണം ചെറുതാണെന്നും പറഞ്ഞു മാറ്റിയിടുന്നതായും സംഘടന പറയുന്നു.
അശാസ്ത്രീയമായ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ഇറക്കുമതിനയം ആഗോളവല്‍ക്കരണ നയങ്ങളുടെ ഭാഗമായിട്ടുളളതാണെന്നും ഇത് കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിലത്തകര്‍ച്ചയിലും അതുവഴി കര്‍ഷക ആത്മഹത്യയിലുംകൊണ്ട് എത്തിക്കുമെന്ന് കോ.ഓര്‍ഡിനേഷന്‍ കമ്മിറ്റി മുന്നറിയിപ്പു നല്‍കി.
ഇതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൃഷിക്കാരുടെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്ന സമീപനങ്ങളാണ് സ്വീകരിക്കുന്നതെന്ന് കമ്മിറ്റി ആരോപിച്ചു. എ നാരായണന്‍ അധ്യക്ഷത വഹിച്ചു. വി രാജന്‍, എ പ്രഭാകരന്‍, വി പ്രഭാകരന്‍, സി വേലായുധന്‍, ശങ്കര്‍, വേലായുധന്‍മാസ്റ്റര്‍, എ നാരായണന്‍, എ പൊന്നുക്കുട്ടി, കെ അബു, കെ രാധാകൃഷ്ണന്‍, വി കൃഷ്ണപ്രസാദ്, എ കുട്ടപ്പന്‍ സംസാരിച്ചു. നെല്ലെടുപ്പിലെ അനാസ്ഥക്കെതിരെയും നാളികേര സംഭരണം പുന:രാരംഭിക്കാത്തതിലും പ്രതിഷേധിച്ച് എല്‍ഡിഎഫ് കര്‍ഷകസംഘടനകളുടെ നേതൃത്വത്തില്‍ സമരങ്ങള്‍ക്ക് ഉടന്‍ തുടക്കമാകും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss