|    Jan 17 Tue, 2017 4:49 pm
FLASH NEWS

നെല്ല് വില ഇന്നുതന്നെ നല്‍കുമെന്ന് മന്ത്രി പി തിലോത്തമന്‍

Published : 4th July 2016 | Posted By: SMR

രാമങ്കരി: നെല്ല് സംഭരിച്ച വകയില്‍ കുട്ടനാട്ടിലെയും പാലക്കാട്ടെയും കര്‍ഷകര്‍ക്ക് നല്‍കാനുള്ള നൂറ്റിനാല്‍പ്പത്തിയേഴ് കോടി രൂപ പണമായി സിവില്‍ സപ്ലൈസിന് ഇന്നുതന്നെ കൈമാറുമെന്ന് മന്ത്രി പി തിലോത്തമന്‍ പറഞ്ഞു. സിപിഐ കുട്ടനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാമങ്കരിയില്‍ സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കര്‍ഷകര്‍ക്കും മാതൃത്വത്തിനും ഒപ്പം ആയിരിക്കും ഈ സര്‍ക്കാര്‍ എന്നും അദ്ദേഹം പറഞ്ഞു ഭക്ഷ്യ സുരക്ഷാ നിയമം സംസ്ഥാനത്ത് നടപ്പാക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. അടിയന്തരമായി അത് നടപ്പാക്കും. അരിയുടെ ക്ഷാമം പരിഹരിക്കുന്നതിനായി കരനെല്‍കൃഷി സംസ്ഥാനമാകെ വ്യാപിപ്പിക്കും. അവശ്യസാധന നിയമത്തില്‍ അടുത്തിടെ നടത്തിയ വെള്ളം ചേര്‍ക്കലും കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങളുമാണ് നിത്യോപയോഗ സാധനങ്ങളുടെ വില അടിക്കടി വര്‍ധിക്കുന്നതിന് കാരണം.
കേന്ദ്രസര്‍ക്കാര്‍ ആയിരത്തി തൊള്ളായിരത്തി അറുപത്തിയാറ് മുതല്‍ ഭക്ഷ്യ വിഹിതം വെട്ടിക്കുറയ്ക്കുകയാണ്. പഞ്ചസാര തീരെ തരാതെ ആയി. മണ്ണെണ്ണ വിഹിതവും വന്‍ തോതില്‍ വെട്ടിക്കുറച്ചു. തിരഞ്ഞെടുപ്പ് സമയത്ത് കേന്ദ്രഗവണ്‍മെന്റിനൊപ്പം ചേര്‍ന്ന് ആന്ധ്രയിലെ വന്‍കിട മില്ലുകള്‍ നടത്തിയ പൂഴ്ത്തിവെയ്പ് കേരളത്തില്‍ ജയ അരിയുടെ വില കുതിച്ചുയരുന്നതിന് കാരണമായി. എട്ട് റാക്ക് അരി ലഭിക്കേണ്ടിടത്ത് ഒരു റാക്ക് അരി മാത്രമാണ് ഇങ്ങോട്ടേക്ക് അവര്‍ അയച്ചത്. കഴിഞ്ഞ സര്‍ക്കാര്‍ പതിനായിരം കോടി രൂപയുടെ ബാധ്യത വരുത്തി വച്ച ശേഷമാണ് ഇറങ്ങിപ്പോയത്. അതില്‍ മൂവായിരം കോടി ട്രഷറികള്‍ മുഖേന ബില്ലായി മാറി നല്‍കാനുള്ളതാണ്.
നമ്മുടെ മാതൃത്വം തെരുവില്‍ ക്രൂശിക്കപ്പെടുന്ന സ്ഥിതിയായിരുന്നു കഴിഞ്ഞ അഞ്ചുവര്‍ഷം. അത്തരമൊരു സ്ഥിതി ഇനി ഒരിക്കലും സംസ്ഥാനത്ത് ഉണ്ടാകാന്‍ പാടില്ല. അതിനുള്ള ശക്തമായ നടപടികളാണ് ആദ്യ കാബിനറ്റ് മീറ്റിങില്‍ തന്നെ ഈ സര്‍ക്കാര്‍ കൈക്കൊണ്ടത്. മാവേലി സ്റ്റോര്‍ വഴി വിതരണം ചെയ്തു വരുന്ന പതിമൂന്ന് അത്യാവശ്യ സാധനങ്ങളുടെ വില രണ്ടായിരത്തി പതിനാറില്‍ എത്രയാണോ അതു തന്നെ ആയിരിക്കും ഈ സര്‍ക്കാരിന്റെ കാലവധി പൂര്‍ത്തിയാകുന്ന രണ്ടായിരത്തി ഇരുപത്തിയൊന്നിലും.
ഒരു കാരണവശാലും സാധനങ്ങളുടെ വില വര്‍ധിപ്പിക്കുന്ന പ്രശ്‌നം ഇല്ല, കൂടുതല്‍ മാവേലി സ്റ്റോറുകള്‍ അനുവദിക്കും, ഇവിടെയുള്ള താല്‍ക്കാലിക ജീവനക്കാരുടെ വേതനം വര്‍ധിപ്പിക്കും. കണ്‍സ്യൂമര്‍ ഫെഡ് പുനരുജ്ജിവിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം അഡ്വ. ജോയിക്കുട്ടി ജോസ് അധ്യക്ഷത വഹിച്ചു. ആക്ടിങ് സെക്രട്ടറി ടി ജെ ആഞ്ചലോസ് സെക്രട്ടേറിയറ്റ് അംഗങ്ങളായ മുട്ടാര്‍ ഗോപാല കൃഷ്ണന്‍, ടി ഡി സുശീലന്‍, സംഘാടക സമിതി സെക്രട്ടറി കെ ഗോപിനാഥന്‍ ജില്ലാ കമ്മിറ്റിയംഗം കെ ഡി മോഹനന്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക