|    Oct 17 Tue, 2017 8:32 pm
FLASH NEWS

നെല്ല് കൊയ്യാന്‍ ആളില്ല; കര്‍ഷകര്‍ ദുരിതത്തില്‍

Published : 8th October 2016 | Posted By: Abbasali tf

തൃക്കരിപ്പൂര്‍: മൂപ്പെത്തിയ നെ ല്‍കതിരുകള്‍ ഒടിഞ്ഞുവീഴാറായിട്ടും കൊയ്യാന്‍ ആളെ കിട്ടാത്തത് കര്‍ഷകരെ ദുരിതത്തിലാക്കി. ജില്ലയിലെ നെല്‍കര്‍ഷകര്‍ നേരിടുന്ന പ്രധാന പ്രശ്‌നം കൊയ്യാന്‍ തൊഴിലാളികളെ കിട്ടാത്തതാണ്. നേരത്തെ കൊയ്ത്ത് നടത്തിയ തൊഴിലാളികള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ വ്യാപൃതരായതോടെ വയലേലകളില്‍ കര്‍ഷകര്‍ക്ക്് ദുരിതമാണ്. തൃക്കരിപ്പൂര്‍ കൊയോങ്കര പാട ശേഖരത്തിലെ നൂറുക്കണക്കിന് ഏക്കര്‍ വയലാണ് ഉതിരാന്‍ പാകത്തില്‍ വിളഞ്ഞു കിടക്കുന്നത്. പഞ്ചായത്തിലെ വിവിധ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് തെങ്ങിന്റെ തടം തുറക്കല്‍ ജോലിയില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ സജീവമായതോടെ കൊയ്ത്തിന് ആളെ കിട്ടാതായി. ഈ ജോലി തല്‍ക്കാലത്തേക്ക് മറ്റൊരു അവസരത്തിലേക്ക് മാറ്റിവച്ചാല്‍ ദോഷമൊന്നും വരാനുമില്ലെന്നും വയലുകളില്‍ വിളഞ്ഞുനില്‍ക്കുന്ന നെല്‍ കൊയ്ത്തിന് ഇവരെ ഉപയോഗിക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു. എന്നാല്‍ തൊഴിലുറപ്പ് പദ്ധതിയില്‍ നെല്‍ കൊയ്യുന്നതിന് അനുമതിയില്ല. കന്നിക്കൊയ്ത്ത് കഴിഞ്ഞ് മകരകൊയ്ത്തിന് നിലമൊരുക്കേണ്ട സമയവുമാണിത്. ഭക്ഷ്യസുരക്ഷയെ കുറിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഏറെ ചര്‍ച്ചചെയ്യപ്പെടുമ്പോഴും ജില്ലയില്‍ നെല്‍കര്‍ഷകര്‍ കടുത്ത അവഗണനയിലാണ്. തെളിഞ്ഞ കാലാവസ്ഥ നെല്‍ കൊയ്യാന്‍ അനുകൂലമാണെങ്കിലും എപ്പോള്‍ മഴപെയ്യുമെന്ന് പ്രവചിക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. മഴ പെയ്താല്‍ നെല്‍കതിരുകള്‍ ചാഞ്ഞ് നിലം പോത്തുകയും ചെയ്യും. ഇതോടെ നെല്‍കൃഷി നശിക്കും. എടാട്ടുമ്മല്‍, ചെറുകാനം, തങ്കയം, ഒളവറ, ആയിറ്റി തുടങ്ങിയ പാട ശേഖരങ്ങളിലും തൊഴിലാളി ക്ഷാമം രൂക്ഷമാണ്. കൃഷിവകുപ്പ് നെല്‍കൃഷി വ്യാപിപ്പിക്കാന്‍ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുമ്പോഴും കര്‍ഷകര്‍ക്ക് കൊയ്ത്ത് യന്ത്രങ്ങള്‍ ലഭ്യമാക്കാന്‍ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. ജില്ലയിലെ പാഠശേഖര സമിതികള്‍ക്ക് അനുവദിച്ച യന്ത്രങ്ങള്‍ പലതും തുരുമ്പെടുത്ത് നശിച്ച അവസ്ഥയിലാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക