|    Jul 22 Sun, 2018 10:08 am
FLASH NEWS

നെല്ലു സംഭരണത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടില്ല: മന്ത്രി പി തിലോത്തമന്‍

Published : 29th September 2017 | Posted By: fsq

 

കോട്ടയം: നെല്ലു സംഭരണത്തില്‍ നിന്ന് സര്‍ക്കാര്‍ ഒരു വിധത്തിലും പിന്‍മാറില്ലെന്ന് മന്ത്രി പി തിലോത്തമന്‍. സപ്ലൈകോ വഴിയുള്ള നെല്ലു സംഭരണ സീസണ്‍ ആരംഭിച്ചതിന്റെ ഭാഗമായി നെല്ലിന്റെ ഗുണനിലവാര മാനദണ്ഡം പുനര്‍നിര്‍ണയിക്കുന്നതിനായി വെച്ചൂര്‍ പുത്തന്‍പാലം എസ്എന്‍ഡിപി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃഷിക്കാര്‍ ഉല്‍പ്പാദിപ്പിക്കുന്ന നെല്ല് നിശ്ചിത മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് സ്വകാര്യ മില്ലുകള്‍ക്കു നല്‍കി പൊതുവിതരണ കേന്ദ്രത്തിലൂടെ വിതരണം ചെയ്യുകയാണ് സംസ്ഥാനം ചെയ്യുന്നത്. കരിവ്, ഈര്‍പ്പം, പതിര് ഇവയുടെ അളവ് കണക്കാക്കിയാണു ഗുണനിലവാരം നിശ്ചയിക്കുന്നത്. കേരളത്തിനുള്ള അരി വിഹിതത്തില്‍ ഇതു കുറച്ചുള്ള അരിയാണ് ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ നല്‍കുന്നത്. ഒരു ക്വിന്റല്‍ നെല്ലു കുത്തുമ്പോള്‍ 68 കിലോ അരി ലഭിക്കണമെന്നാണ് കണക്ക്. സംസ്ഥാന സര്‍ക്കാര്‍ സ്വകാര്യ മില്ലുകളോട് ആവശ്യപ്പെടുന്നത് 64 കിലോ അരിയാണ്. എന്നാല്‍ മില്ലുകള്‍ ആവശ്യപ്പെടുന്ന 60-61 കിലോ അരി എന്ന കണക്ക് സ്വീകാര്യമല്ല. കൃഷിക്കാരെ മുള്‍മുനയില്‍ നിര്‍ത്തി നെല്ല് സംഭരിക്കുന്ന സ്വകാര്യ മില്ലുടമകെള കര്‍ശനമായി നേരിടും. പറഞ്ഞ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് സ്വകാര്യ മില്ലുകള്‍ നെല്ലു സംഭരിക്കാത്ത പക്ഷം ബദല്‍ സംവിധാനം കൊണ്ടുവരും. നെല്ലു സംഭരണത്തിലെ പ്രതിസന്ധിക്കു പരിഹാരം കാണാന്‍ മേഖല തിരിച്ച് കര്‍ഷകരുടെയും പാടശേഖര സമിതിയുടെയും കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെയും മില്ലുടമകളുടെയും യോഗം ചേര്‍ന്നു വരികയാണ്. കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന നെല്ലിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ പഞ്ചായത്ത് പ്രസിഡന്റ്, പാഡി ഓഫിസര്‍, കൃഷി ഓഫിസര്‍ എന്നിവര്‍ ഒന്നിച്ചു തീരുമാനം എടുക്കണം. നിശ്ചയിത പ്രോസസിങ് ചാര്‍ജ് ലഭിക്കാതെ നെല്ലു സംഭരിക്കേണ്ടതില്ലെന്നുള്ളതാണ് മില്ലുടമകളുടെ തീരുമാനം. ഒരു ക്വിന്റലിന് 61 കിലോ അരി മാത്രമേ കേരളത്തില്‍ ലഭിക്കൂ എന്ന മില്ലുടമകളുടെ വാദം അടിസ്ഥാനരഹിതമാണ്. ഇതു സംബന്ധിച്ച് പഠിച്ച വിദഗ്ധ സമിതിയുടെ റിപോര്‍ട്ട് പ്രകാരം ശരാശരി 64.8 കിലോ അരി ഒരു ക്വിന്റല്‍ നെല്ലില്‍ നിന്നു ലഭിക്കും. നെല്ലിലെ ഈര്‍പ്പം കുറയ്ക്കാന്‍ കര്‍ഷകര്‍ പരമാവധി ശ്രമിക്കണം. കര്‍ഷകരില്‍ നിന്ന് നെല്ല് സംഭരിച്ചിട്ട് ഗുണമേന്മ കുറഞ്ഞ അരി സപ്ലൈക്കോയ്ക്ക് വിതരണം ചെയ്ത മില്ലുകള്‍ക്കെതിരേ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss