|    Oct 16 Tue, 2018 1:55 pm
FLASH NEWS

നെല്ലു സംഭരണം സുഗമമാക്കാനുള്ള നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ : മന്ത്രി

Published : 26th September 2017 | Posted By: fsq

 

കോട്ടയം: നെല്ല് സംഭരണം സുഗമമാക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിച്ചതായി ഭക്ഷ്യ പൊതുവിതരണ മന്ത്രി പി തിലോത്തമന്‍. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടന്ന കോട്ടയം, ആലപ്പുഴ ജില്ലകളിലെ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. രണ്ടു ജില്ലകളിലെയും മില്ലുടമകളുടെ യോഗം ഇന്നു രാവിലെ 10.30ന് മന്ത്രിയുടെ സാന്നിധ്യത്തില്‍ ആലപ്പുഴ കലക്ടറേറ്റില്‍ കൂടും. ചെറുകിട മില്ലുകാര്‍ക്കും യോഗത്തില്‍ പങ്കെടുക്കാം. ഒക്‌ടോബര്‍ 15നകം ജില്ലയില്‍ ആദ്യഘട്ടത്തില്‍ 720 ഹെക്ടറിലാണ് വിളവെടുക്കുക. ഈ നെല്ല് ഓയില്‍ പാം റൈസ് മില്‍ സംഭരിക്കുമെന്ന് മന്ത്രി പറഞ്ഞു. നെല്ലു സംഭരിക്കാനുള്ള തയ്യാറെടുപ്പ് ആരംഭിക്കാന്‍ ഓയില്‍പാമിന് നിര്‍ദേശം നല്‍കി. സംഭരണം സുഗമമാക്കാന്‍ പ്രാദേശികാടിസ്ഥാനത്തില്‍ മന്ത്രി നേരിട്ട് പങ്കെടുത്ത് ജനപ്രതിനിധികളുടെയും പാടശേഖര സമിതി ഭാരവാഹികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ഇന്നു മുതല്‍ കൂടും. പുറക്കാട് കരിനിലങ്ങളുമായി ബന്ധപ്പെട്ട പാടശേഖരസമിതികളുടെയും ജനപ്രതിനിധികളുടെയും യോഗം ഇന്നു രാവിലെ 11.30ന് കരുവാറ്റ കല്‍പ്പകവാടി ഹാളില്‍ നടക്കും. ജില്ലയിലെ പാടശേഖര സമിതി ഭാരവാഹികളുടെയും ജനപ്രതിനിധികളുടെയും യോഗം 28ന് ഉച്ചകഴിഞ്ഞ് രണ്ടിന് വെച്ചൂരില്‍ നടക്കും. മന്ത്രി യോഗത്തില്‍ നേരിട്ടു പങ്കെടുക്കും. കുട്ടനാട്ടിലും ഉടന്‍ യോഗം ചേരും. കര്‍ഷകര്‍ക്ക് ഗുണകരമാവും വിധം നെല്ലിലെ ഈര്‍പത്തിന്റെ അംശം ശാസ്ത്രീയമായി കണ്ടെത്തി ഇതനുസരിച്ചാവും ഒരു കിന്റല്‍ നെല്ലിന് എത്ര കിലോ കുറയ്ക്കണമെന്നു തീരുമാനിക്കുക. ഈര്‍പത്തിന്റെ പേരില്‍ ചിലയിടങ്ങളില്‍ കിന്റലിന് 30 കിലോവരെ കുറച്ചാണ് കഴിഞ്ഞതവണ മില്ലുകാര്‍ നെല്ല് എടുത്തിരുന്നത്. ഇത് അനുവദിക്കില്ല. പ്രദേശികമായി നെല്ലിന്റെ ഗുണമേന്മയും ഈര്‍പവും കണക്കാക്കിയാവും സംഭരണം. വിളയുന്നതിനു മുമ്പേ കൊയ്യുന്ന പ്രവണത ഒഴിവാക്കാനുള്ള കര്‍ശന നിര്‍ദേശം കര്‍ഷകര്‍ക്ക് നല്‍കാന്‍ കൃഷി ഓഫിസര്‍മാര്‍ക്കു നിര്‍ദേശം നല്‍കി. നെല്ലിന്റെ ഗുണമേന്മയെ ബാധിക്കുന്നതിനാല്‍ വിളഞ്ഞ ശേഷമേ വിളവെടുക്കാവൂ. സംഭരിക്കുന്ന നെല്ലു സൂക്ഷിക്കാനുള്ള ഗോഡൗണ്‍ സൗകര്യം വിവിധയിടങ്ങളിലായി ഒരുക്കുമെന്ന് സംസ്ഥാന വെയര്‍ഹൗസിങ് കോര്‍പറേഷന്‍ ചെയര്‍മാന്‍ വാഴൂര്‍ സോമന്‍ പറഞ്ഞു. ആലത്തൂരിലെ വെയര്‍ ഹൗസിങ് കോര്‍പറേഷന്റെ മില്ല് ഉടന്‍ പ്രവര്‍ത്തനക്ഷമമാക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. തകഴിയിലെ റൈസ് മില്‍ പ്രാവര്‍ത്തികമാക്കാനുള്ള നടപടികള്‍ ആരംഭിക്കും. പൊതുമേഖലയില്‍ മില്ലുകള്‍ സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇത്തവണ മഴ ലഭിച്ചതിനാല്‍ മികച്ച നെല്ല് ലഭിച്ചതായി കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തെ അറിയിച്ചു. നെല്ലു സംഭരിച്ചതിനു ശേഷം ലഭിക്കുന്ന പിആര്‍എസ് ബാങ്കില്‍ നല്‍കിയാലുടന്‍ പണം ലഭ്യമാവുന്ന സംവിധാനമാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ആലപ്പുഴ  കലക്ടര്‍ ടി വി അനുപമ, കൃഷി അഡീഷനല്‍ ഡയറക്ടര്‍ എസ് പുഷ്പകുമാരി, പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ ജെ പ്രേംകുമാര്‍, വെയര്‍ഹൗസിങ് കോര്‍പറേഷന്‍ എംഡി പി എച്ച് അഷ്‌റഫ്, സപ്ലൈകോ അസിസ്റ്റന്റ് മാനേജര്‍ ജോര്‍ജ് മത്തായി, കോട്ടയം പുഞ്ച സ്‌പെഷല്‍ ഓഫിസര്‍ ടി. തുളസീധരന്‍പിള്ള, കോട്ടയം കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ടൈജമ്മ തോമസ്, ഓയില്‍പാം അസിസ്റ്റന്റ് മാനേജര്‍ വി വിനയ് കുമാര്‍, സപ്ലൈകോ ജില്ലാ ഡിപ്പോ മാനേജര്‍ എം സുള്‍ഫിക്കര്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss