|    Jan 22 Sun, 2017 5:19 am
FLASH NEWS

നെല്ലു സംഭരണം ആരംഭിച്ചില്ല; കയറ്റുകൂലി തര്‍ക്കം തുടരുന്നു

Published : 6th October 2016 | Posted By: SMR

പാലക്കാട്: കയറ്റുകൂലിയിലെ തര്‍ക്കത്തെത്തുടര്‍ന്ന് നെല്ല് സംഭരണം നടന്നില്ല. സപ്ലൈകോയുടെ സംഭരണം ചൊവ്വാഴ്ച തുടങ്ങുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, രണ്ടുദിവസം പിന്നിട്ടിട്ടും സംഭരണം ആരംഭിച്ചിട്ടില്ല.
നെല്ല് സംഭരണവുമായി ബന്ധപ്പെട്ടിട്ടുള്ള കയറ്റു കൂലി വര്‍ധിപ്പിക്കണമെന്ന പിടിവാശിയില്‍ നിന്ന് കര്‍ഷകര്‍ പിന്തിരിയണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. സംസ്ഥാനത്ത് പ്രഖ്യാപിച്ചിട്ടും നടക്കാത്ത നെല്ല് സംഭരണം ഇനി നടക്കണമെങ്കില്‍ മില്ലുടമകളോട് കര്‍ഷകര്‍ വിട്ടുവീഴ്ച ചെയ്യേണ്ടിവരുമെന്നാണ് സര്‍ക്കാര്‍ നിലപാട്. സംഭരണവുമായി ബന്ധപ്പെട്ട് വിളിച്ചുചേര്‍ത്ത കര്‍ഷക സംഘടനകളുടെ യോഗത്തിലാണ് കൃഷിവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്.
കൊയ്‌തെടുത്ത നെല്ല് ചാക്കിലാക്കി വാഹനത്തില്‍ കയറ്റുന്നതിന് കര്‍ഷകര്‍ കൂലി നല്‍കണമെന്നതാണ് നിലവിലെ വ്യവസ്ഥ. സിവില്‍ സപ്ലൈസിന് വേണ്ടി നെല്ലെടുക്കുന്ന മില്ലുടമകള്‍ കയറ്റുകൂലിക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. ഒരു ചാക്ക് വാഹനത്തില്‍ കയറ്റാന്‍ 15 രൂപ മുതല്‍ 25 രൂപ വരെ മുടക്കേണ്ട ബാധ്യതയാണ് കര്‍ഷകര്‍ക്ക്. കയറ്റുകൂലിയുടെ പാതി മില്ലുടമകള്‍ നല്‍കണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും പാലിക്കപ്പെടാറില്ലെന്ന് ദേശീയ കര്‍ഷക സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പാണ്ടിയോട് പ്രഭാകരന്‍ പറഞ്ഞു.
സപ്ലൈകോയുമായുളള ചില ഉടമ്പടികളിലുള്ള മില്ലുടമകളുടെ ഭിന്നതയാണ് ഇതിനുകാരണം. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ മില്ലുടമകള്‍ നെല്ല് സംഭരിക്കാന്‍ ധാരണയിലെത്തിയിരുന്നു. എന്നാല്‍, നെല്ലു സംഭരിക്കാനുള്ള ചാക്കിന്റെ കാര്യത്തില്‍ ഉള്‍പ്പെടെ സപ്ലൈകോ എടുത്ത നിലപാടുകള്‍ മില്ലുടമകള്‍ക്ക് സ്വീകാര്യമായില്ല. ഇതേ തുടര്‍ന്നാണ് സംഭരണത്തില്‍ നിന്ന് ഇവര്‍ പിന്‍വാങ്ങിയത്. സംസ്ഥാനത്ത് 52 സ്വകാര്യമില്ലുകാരാണ് സംഭരണവുമായി സഹകരിക്കാമെന്ന് അറിയിച്ചിട്ടുള്ളത്.
സംഭരണം വൈകിക്കുന്നതിന് പിന്നില്‍ മില്ലുടമകളുടെ തന്ത്രങ്ങളാണെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. സംഭരണം വൈകുന്തോറും  കര്‍ഷകര്‍ക്ക് ദിവസങ്ങളോളം നെല്ല് സൂക്ഷിക്കാന്‍ കഴിയാതെ വരും. ഈ സാഹചര്യത്തില്‍ കിട്ടുന്ന വിലയ്ക്ക് സ്വകാര്യമില്ലുകള്‍ക്കും ഇടനിലക്കാര്‍ക്കും നെല്ലുകൊടുക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാകും. ഇവര്‍ കിലോയ്ക്ക് 14, 15 രൂപയാണ് നല്‍കുന്നത്. ചെറുകിട കര്‍ഷകര്‍ പലരും ഇത്തരത്തില്‍ നെല്ല് വിറ്റുകഴിഞ്ഞു. ഇനി വന്‍കിട കര്‍ഷകരാണുള്ളത്. സംഭരണം വൈകിയാല്‍ ചെറുകിട കര്‍ഷകരുടെ വഴി തേടേണ്ടിവരും. നെല്ല് അധികം സൂക്ഷിച്ചാല്‍ മുളവന്ന് നശിക്കും. കിലോയ്ക്ക് 21.50 നിരക്കിലാണ് നെല്ല് സംഭരിക്കാന്‍ തീരുമാനിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക