|    Oct 16 Tue, 2018 4:09 pm
FLASH NEWS

നെല്ലുസംഭരണവുമായി സഹകരിക്കുമെന്ന് മില്ലുടമകള്‍

Published : 27th September 2017 | Posted By: fsq

 

ആലപ്പുഴ: ആലപ്പുഴ, കോട്ടയം ജില്ലകളിലെ മില്ലുടമകള്‍ നെല്ലു സംഭരണവുമായി സഹകരിക്കും. നെല്ലു സംഭരണം സുഗമമാക്കുന്നതിനായി ഭക്ഷ്യ-പൊതുവിതരണ മന്ത്രി പി തിലോത്തമന്‍ ആലപ്പുഴ കലക്ടറേറ്റില്‍ വിളിച്ചുചേര്‍ത്ത മില്ലുടമകളുടെ യോഗത്തിലാണ് തീരുമാനം. നെല്ലു സംഭരണവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളോട് സഹകരിക്കാന്‍ തയ്യാറാണെന്നും സംഭരണത്തിനുള്ള നടപടി തുടങ്ങുമെന്നും ഇരു ജില്ലകളിലെയും അഞ്ചു മില്ലുടമകള്‍ യോഗത്തെ അറിയിച്ചു. കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ഒക്‌ടോബര്‍ 15നകം ആരംഭിക്കുന്ന നെല്ല് സംഭരണത്തില്‍നിന്ന് മാറിനില്‍ക്കില്ലെന്ന് മില്ലുടമകള്‍ മന്ത്രിയെ അറിയിച്ചു. സംഭരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സംസ്ഥാനത്തെ മില്ലുടമകളുടെ യോഗം ചേരുന്നതിനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. കൃഷി മന്ത്രിയുമായും ഇക്കാര്യം ചര്‍ച്ചചെയ്തു. മില്ലുടമകളുടെ ആവശ്യങ്ങള്‍ ഈ യോഗം പരിഗണിക്കും. ഇന്ന് ഇക്കാര്യം മുഖ്യമന്ത്രിയുമായി സംസാരിക്കുമെന്നും മന്ത്രി പറഞ്ഞു. ഓരോ പാടശേഖരത്തെയും നെല്ലിലെ ഈര്‍പ്പത്തിന്റെ അളവും ഗുണമേന്മയും കണക്കാക്കിയാണ് നെല്ല് സംഭരിക്കുക. ഈര്‍പ്പം അടിസ്ഥാനമാക്കി നൂറുക്വിന്റലിന് എത്രകിലോ നെല്ല് അധികമായി നല്‍കണമെന്ന കാര്യം പഞ്ചായത്ത് പ്രസിഡന്റ്, പാഡി ഓഫിസര്‍, പാടശേഖരസമിതി ഭാരവാഹികള്‍ എന്നിവരടങ്ങിയ സമിതി പ്രാദേശികമായി തീരുമാനിക്കും. ഇതനുസരിച്ചാണ് നെല്ല് സംഭരിക്കുക. നെല്ല് പാടശേഖരങ്ങളില്‍ കെട്ടിക്കിടക്കുന്ന അവസ്ഥ ഉണ്ടാവില്ല. എന്തു ചിലവുണ്ടായാലും നെല്ല് സംഭരിച്ച് സൂക്ഷിക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്നും സംസ്ഥാന വെയര്‍ഹൗസിങ് കോര്‍പറേഷന്റെ സഹകരണത്തോടെ ഗോഡൗണുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പരാതികള്‍ ഉണ്ടാകാതെ സംഭരണം സുഗമമാക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്നും അദ്ദേഹം സൂചിപ്പിച്ചു. നിലവില്‍ മില്ലുകാര്‍ ശേഖരിക്കുന്ന ഒരു ക്വിന്റല്‍ നെല്ലിന് 68 കിലോ അരി മില്ലുടമകള്‍ തിരികെ സപ്ലൈകോയ്ക്ക് നല്‍കണം. കേന്ദ്ര സര്‍ക്കാരിന്റെ മാനദണ്ഡപ്രകാരമാണ് അരിയുടെ അളവ് നിശ്ചയിച്ചിട്ടുള്ളത്. സര്‍ക്കാരിന് തിരികെ ലഭിക്കുന്ന അരിയാണ് റേഷന്‍ കടകള്‍ വഴി നല്‍കുന്നത്. ഇതിന് പ്രോസസിങ് ചാര്‍ജായി കിന്റലിന് മൊത്തം 214 രൂപ സര്‍ക്കാര്‍ മില്ലുടമകള്‍ക്ക് നല്‍കുന്നു. നിലവില്‍ നെല്ലിലെ ഈര്‍പ്പത്തിന്റെ അംശം 14 ശതമാനമായാല്‍ ഒരു ക്വിന്റല്‍ നെല്ലില്‍നിന്ന് 64 കിലോ അരിയാണ് ലഭിക്കുന്നതെന്ന് മില്ലുടമകള്‍ പറഞ്ഞു. അതിനാല്‍ അരിയുടെ അളവില്‍ കുറവുവരുത്തണമെന്ന ആവശ്യമാണ് മില്ലുടമകള്‍ ഉന്നയിച്ചത്. പൊതുവിതരണ സംവിധാനത്തിന്റെ ഭാഗമെന്ന നിലയില്‍ അരിയുടെ അളവ് കുറയ്ക്കുകയെന്ന ആവശ്യം നടപ്പാക്കാന്‍ സംസ്ഥാനത്തിന് കഴിയില്ലെന്നും കേന്ദ്ര സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്യാനേ കഴിയൂവെന്നും മന്ത്രി പറഞ്ഞു. ഈര്‍പ്പത്തിന്റെ അളവ് കൂടുന്നതിനനുസരിച്ച് ലഭിക്കുന്ന അരിയുടെ അളവ് കുറയുമെന്നതിനാല്‍ നഷ്ടമുണ്ടാവാതിരിക്കാനുള്ള നടപടി വേണമെന്ന് മില്ലുടമകള്‍ ആവശ്യപ്പെട്ടു. ഇക്കാര്യം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കൂടുന്ന യോഗം പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു.  ആലപ്പുഴ ജില്ലാ കലക്ടര്‍ ടിവി അനുപമ, പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ ജെ. പ്രേംകുമാര്‍, പാഡി അസിസ്റ്റന്റ് മാനേജര്‍ ജോര്‍ജ് മത്തായി, പാഡി മാര്‍ക്കറ്റിങ് ഓഫിസര്‍ എവി സുരേഷ് കുമാര്‍, അഞ്ജു പൗലോസ്, വെയര്‍ഹൗസിങ് കോര്‍പറേഷന്‍ റീ്ജ്യനല്‍ മാനേജര്‍ എസ് രേഖ, ദേവു കെ സജീവ്, മില്ലുടമകള്‍ യോഗത്തില്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss