|    Oct 24 Tue, 2017 2:22 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

നെല്ലുസംഭരണവില വര്‍ധിപ്പിക്കുന്നത് സജീവ പരിഗണനയില്‍

Published : 27th September 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്തെ നെല്ലുസംഭരണവില വര്‍ധിപ്പിക്കുന്നത് സര്‍ക്കാരിന്റെ സജീവ പരിഗണനയിലെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ നിയമസഭയെ അറിയിച്ചു. കെ വി വിജയദാസിന്റെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. നെല്ലിന്റെ സംഭരണവില 2015ല്‍ 19 രൂപയില്‍നിന്ന് 21.50 രൂപയായി വര്‍ധിപ്പിച്ചിരുന്നു. ഇതില്‍ അടിസ്ഥാന താങ്ങുവില 14.10 രൂപയും 7.40 പൈസ സ്റ്റേറ്റ് ഇന്‍സെന്റീവ് ബോണസുമാണ്. ഇതിനകം 65,180 കര്‍ഷകര്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
2016-17ല്‍ കേന്ദ്രസര്‍ക്കാര്‍ നെല്ലിന്റെ അടിസ്ഥാന താങ്ങുവില 14.70 പൈസയായി വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതനുസരിച്ച് നെല്ലിന്റെ സംഭരണവില വര്‍ധിപ്പിക്കുന്നത് സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണ്. നെല്ലിന്റെ സംഭരണം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനും ഹാന്‍ഡ്‌ലിങ് ചാര്‍ജ് സംബന്ധിച്ചും വരുന്ന 28ന് മില്ലുടമകളുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ജാതികൃഷിയെക്കൂടി ഉള്‍പ്പെടുത്തി പദ്ധതി തയ്യാറാക്കുമെന്ന് റോജി എം ജോണിന്റെ സബ്മിഷന് മന്ത്രി വി എസ് സുനില്‍കുമാര്‍ മറുപടി നല്‍കി. ഇതുസംബന്ധിച്ച നിലവിലെ ഉത്തരവില്‍ ജാതികൃഷിയെക്കൂടി ഉള്‍പ്പെടുത്തി കര്‍ഷകര്‍ക്ക് പഞ്ചായത്ത് വഴി ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതരത്തില്‍ ജാതികൃഷിയെ മൈക്രോ സെക്ടറില്‍ ഉള്‍പ്പെടുത്തുന്നതിന് തദ്ദേശസ്ഥാപനങ്ങളോട് ആവശ്യപ്പെടും.
ജാതിക്ക് താങ്ങുവില നിശ്ചയിക്കാനാവശ്യമായ നടപടികളൊന്നും കേന്ദ്രസര്‍ക്കാര്‍ ഇതുവരെ കൈക്കൊണ്ടിട്ടില്ല. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് തീരുമാനമെടുക്കാനാവില്ല. ഇതുവരെ കേന്ദ്രം താങ്ങുവില നിശ്ചയിച്ചിട്ടുള്ളത് നെല്ലിനും കൊപ്രയ്ക്കും മാത്രമാണ്. ജാതിയില്‍നിന്നു മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ നിര്‍മിച്ച് വിപണനം ചെയ്യുന്ന സംരംഭങ്ങള്‍ക്ക് സ ര്‍ക്കാര്‍ പുതുതായി നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന അഗ്രോപാര്‍ക്കുകളില്‍ സൗകര്യമൊരുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക