|    Jul 22 Sat, 2017 10:24 pm
FLASH NEWS

നെല്ലുവിറ്റ വകയില്‍ കര്‍ഷകര്‍ക്ക് കിട്ടാനുള്ളത് അഞ്ചരക്കോടി

Published : 11th July 2016 | Posted By: SMR

തിരുവല്ല: ബജറ്റില്‍ നെല്ല് സംഭരണത്തിന് 385 കോടി പ്രഖ്യാപിച്ചെങ്കിലും നേരത്തേ വിറ്റവര്‍ക്ക് പണം കിട്ടുന്നതിനെപ്പറ്റി ഒന്നും പറയാത്തത് കര്‍ഷകര്‍ക്ക് തിരിച്ചടിയായി. കര്‍ഷകര്‍ക്ക് കൊടുത്ത് തീര്‍ക്കാനുള്ള തുകയ്ക്ക് പ്രത്യേക പാക്കേജ് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അത് തഴയപ്പെട്ടു.
നെല്ല് സംഭരണം പൂര്‍ത്തിയായി മാസങ്ങള്‍ കഴിഞ്ഞിട്ടും അഞ്ചരക്കോടി രൂപയാണ് ജില്ലയില്‍ കര്‍ഷകര്‍ക്ക് ബാക്കി കൊടുക്കാനുള്ളത്. ജില്ലയില്‍ സംഭരിച്ച നെല്ലിന്റെ അളവ് കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ നൂറ് ടണ്ണോളം കുറവായിരുന്നു. അതും കര്‍ഷകന് തിരിച്ചടിയായി.ഈ വര്‍ഷം ജില്ലയില്‍ സംഭരണ പ്രക്രിയ പൂര്‍ത്തീകരിച്ചപ്പോള്‍ ആകെ 8143 ടണ്‍ നെല്ലാണ് ഉളളത്.കഴിഞ്ഞവര്‍ഷം ഇത് 8237 ടണ്‍ ആയിരുന്നു. രജിസ്റ്റര്‍ ചെയ്ത 1615 കര്‍ഷകരില്‍ നിന്നാണ് സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ വഴി ജില്ലയില്‍ നെല്ല് സംഭരണം പൂര്‍ത്തീകരിച്ചത്. സംഭരിച്ച നെല്ലിന്റെ തുകയില്‍ 5.45 കോടി രൂപ കര്‍ഷകര്‍ക്ക് ലഭിക്കുവാനുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ വിഹിതമാണ് കിട്ടാനുളളത്. ജില്ലയില്‍ 1063 ഹെക്ടര്‍ വയലിലാണ് ഇത്തവണ കൃഷി ഇറക്കിയത്. ഏറ്റവും കൂടുതല്‍ കൃഷി നടന്നത് തിരുവല്ല താലൂക്കിലും. 7062 ടണ്‍ നെല്ല് ഇവിടെ നിന്നും ഇത്തവണ സംഭരിച്ചു. മല്ലപ്പളളി-290, കോഴഞ്ചേരി-166, കോന്നി-154,അടൂര്‍-461, റാന്നി-ഏഴ് എന്നിങ്ങനെയാണ് മറ്റ് താലൂക്കുകളില്‍ നിന്നുളള സംഭരണം.കൃഷിയിടം ചുരുങ്ങിയതാണ് നെല്ലിന്റെ അളവ് കുറഞ്ഞതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇത്തവണ രണ്ടാം കൃഷി അപ്പര്‍കുട്ടനാടിന്റെ വിവിധ ഭാഗങ്ങളില്‍ തുടങ്ങിയെങ്കിലും അതിനും ബജറ്റില്‍ തുകയൊന്നും വകയിരുത്തിയില്ല. ആലപ്പുഴ ജില്ലയില്‍ രണ്ടാം കൃഷിക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ ഒന്നും തന്നെ ജില്ലയിലെ കര്‍ഷകര്‍ക്ക് ലഭിക്കില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക