|    Jun 20 Wed, 2018 9:01 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

നെല്ലിയാമ്പതിയിലെ വനഭൂമി കൈയേറ്റം: റിപോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തി

Published : 26th January 2017 | Posted By: fsq

 

പാലക്കാട്: നെല്ലിയാമ്പതിയില്‍ പോബ്‌സന്‍ എന്ന സ്വകാര്യ കമ്പനി അനധികൃതമായി 919 ഏക്കര്‍ വനഭൂമി കൈവശം വയ്ക്കുന്നതായി രേഖകള്‍. കരുണ പ്ലാന്റേഷന്‍ എന്ന പേരില്‍ പോബ്‌സന്റെ കൈവശമുള്ളത് വനഭൂമിയാണെന്നും ഇതുമായി ബന്ധപ്പെട്ട കേസുകളില്‍ സര്‍ക്കാര്‍ തോറ്റതും കേസ് നടത്തിപ്പിലെ വീഴ്ചയുമാണ് വനഭൂമി പോബ്‌സന് ലഭിക്കാന്‍ കാരണമെന്നും സര്‍ക്കാര്‍ രേഖകള്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ പ്രത്യേകാന്വേഷണം നടത്തി വനഭൂമി തിരിച്ചുപിടിക്കാന്‍ ആവശ്യപ്പെട്ട് വനം വകുപ്പിലെ അഡീഷനല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ വനം സെക്രട്ടറിക്ക് നല്‍കിയ റിപോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിയെന്നും ആരോപണമുണ്ട്. നെല്ലിയാമ്പതിയില്‍ നിന്നു പുറത്തുവന്നതില്‍ ഏറ്റവും വലിയ കൈയേറ്റം സംബന്ധിച്ച റിപോര്‍ട്ടാണ് ഇത്. 2011 ആഗസ്തില്‍ സര്‍ക്കാരിനയച്ച റിപോര്‍ട്ടില്‍ ഇതുവരെ തുടര്‍നടപടി ഉണ്ടായിട്ടില്ല. കരുണ പ്ലാന്റേഷന്‍ ഭൂമി സംബന്ധിച്ച് പതിറ്റാണ്ടുകളായി നിലവിലുണ്ടായിരുന്ന കേസില്‍ സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ തോറ്റിരുന്നു.കേസില്‍ റിവ്യൂ ഹരജിക്ക് സാധ്യതയുണ്ടെങ്കില്‍ ചെയ്യണമെന്നും ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ച് തീരുമാനത്തില്‍ എത്താന്‍ വിശദമായ ഒരു അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് 2011 മാര്‍ച്ചില്‍ നെന്മാറ ഡിഎഫ്ഒ സര്‍ക്കാരിന് കത്തയച്ചിരുന്നു. എന്നാല്‍, തുടര്‍നടപടിയോ അന്വേഷണമോ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് അന്നത്തെ ഡിഎഫ്ഒ ധനേഷ്‌കുമാര്‍ 2011 ജൂലൈ മാസം സര്‍ക്കാരിന് വിശദമായ റിപോര്‍ട്ട് സമര്‍പ്പിച്ചു. ഇതിലാണ് പ്ലാന്റേഷന്റെ കൈവശമുള്ള വനഭൂമി സംബന്ധിച്ച വിശദാംശങ്ങള്‍ ആദ്യമായി പുറത്തറിയുന്നത്.കരുണ വെങ്ങിനാട് കോവിലകം പാട്ടത്തിനു നല്‍കിയ ഭൂമിയെന്ന് മുതലമട വില്ലേജിലെ രേഖ ഉപയോഗിച്ച് പയ്യല്ലൂര്‍ വില്ലേജിലെ വനഭൂമിയാണ് പോബ്‌സന്റെ കൈവശമുള്ളതെന്ന പുതിയ കണ്ടെത്തല്‍ കേസില്‍ പുനരന്വേഷണ ഹരജി നല്‍കാന്‍ മതിയായ കാരണമാണ്.വനഭൂമിയുടെ പോക്കുവരവ് നടന്നിട്ടുണ്ടെങ്കില്‍ റദ്ദാക്കാനും അതിന്മേല്‍ അന്വേഷണം നടത്താനും അന്നുതന്നെ സര്‍ക്കാരിന് നിയമോപദേശവും ലഭിച്ചിരുന്നു. 2011ല്‍ ഡിഎഫ്ഒയുടെ റിപോര്‍ട്ട് ശരിവച്ചുകൊണ്ട് അഡീഷനല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ അതേവര്‍ഷം സര്‍ക്കാരിന് റിപോര്‍ട്ടും നല്‍കിയിട്ടുണ്ട്. കേസുകള്‍ തോറ്റത് നടത്തിപ്പിലെ വീഴ്ച മൂലമാണ്. വനഭൂമി കൈവശം വയ്ക്കാന്‍ യാതൊരു രേഖയും പോബ്‌സന്റെ കൈയിലില്ലെന്നും ഇതിനായി വ്യാജ രേഖകള്‍ ഹാജരാക്കുകയായിരുന്നു എന്നും ഈ റിപോര്‍ട്ടില്‍ പറയുന്നു. വന്‍തോതില്‍ വനഭൂമി അന്യാധീനപ്പെട്ട കേസില്‍ വിവിധ വകുപ്പുകളുടെ കൈയിലുള്ള ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ച് അടിയന്തര നടപടികള്‍ കൈക്കൊള്ളണമെന്നും റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എന്നാല്‍, സര്‍ക്കാര്‍ തലത്തില്‍ നാളിതുവരെയായി തുടര്‍നടപടികള്‍ എടുത്തിട്ടില്ല. ആയിരം കോടിയിലധികം രൂപ മാര്‍ക്കറ്റ് വിലയുള്ള ഭൂമിയാണ് സര്‍ക്കാരിന്റെ അനാസ്ഥ മൂലം പോബ്‌സന്‍ അനധികൃതമായി കൈവശം വച്ചിരിക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss