|    Aug 16 Wed, 2017 8:40 pm
FLASH NEWS

നെല്ലിക്കുഴിയില്‍ 24 പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു

Published : 1st December 2016 | Posted By: SMR

കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തില്‍ മഞ്ഞപ്പിത്തം പടര്‍ന്ന് പിടിച്ച സാഹചര്യത്തില്‍ ചര്‍ച്ച ചെയ്യുന്നതിനായി പഞ്ചായത്ത് ഭരണസമിതിയും ആരോഗ്യ വകുപ്പും സംയുക്തമായി അടിയന്തര സര്‍വകക്ഷിയോഗം വിളിച്ചു. സര്‍വകക്ഷിയോഗത്തില്‍ നെല്ലിക്കുഴി കവലയുടെ പരിസര പ്രദേശങ്ങളില്‍നിന്നും 24 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി ഡിഎംഒ അറിയിച്ചു. മഞ്ഞപ്പിത്തം ഉള്‍പെടെയുള്ള പകര്‍ച്ചവ്യാദികള്‍ സാധാരണയായി ആളുകള്‍ക്ക് ഉണ്ടാവുന്നതാണെങ്കിലും ചെറിയ പ്രദേശത്ത് ഇത്രയധികം പേരില്‍ ഒരേ സമയം രോഗം ബാധിക്കുന്നത് അപൂര്‍വമാണെന്ന് ഡിഎംഒ പറഞ്ഞു. ഇതിനെ കുറിച്ച് പഠിച്ചപ്പോള്‍ നെല്ലിക്കുഴി കവലയില്‍ അടുത്തിടെ പുതുതായി തുടങ്ങിയ സ്‌പൈസ് വില്ലേജ് എന്ന ഹോട്ടലില്‍നിന്നും ഭക്ഷണം കഴിച്ചവര്‍ക്കാണ് രോഗം പടര്‍ന്നത് എന്ന് മനസ്സിലായതായും, ആ ഹോട്ടലിനെതിരേ നടപടി സ്വീകരിച്ചതായും ഡിഎംഒ അറിയിച്ചു. എന്നാല്‍ ഡിഎംഒ പറഞ്ഞ കണക്കുകള്‍ തെറ്റാണെന്നും 100ഓളം പേര്‍ക്ക് ഇതുവരെ രോഗം ബാധിച്ചതായും ഈ വിഷയത്തില്‍ ആരോഗ്യ വകുപ്പിനും പഞ്ചായത്ത് ഭരണസമിതിക്കും വീഴ്ച സംഭവിച്ചതായി തുടര്‍ന്ന് സംസാരിച്ച പ്രതിനിധികള്‍ ചൂണ്ടിക്കാണിച്ചു. ആവശ്യമായ ബോധവല്‍ക്കരണമോ ശുചീകരണ പ്രവര്‍ത്തനങ്ങളോ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാവാത്തതിനെ യോഗം വിമര്‍ഷിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ഗ്രാമസഭകള്‍ വിളിച്ച് ചേര്‍ത്ത് വിവിധ രാഷ്ട്രീയകക്ഷി നേതാക്കളെ പങ്കെടുപ്പിച്ച് സമിതികള്‍ രൂപീകരിക്കാനും കുടുംബശ്രീ, ആശാവര്‍ക്കര്‍മാര്‍, മറ്റ് സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് ബോധവല്‍ക്കരണവും ശുചീകരണ പ്രവര്‍ത്തനങ്ങളും നടത്താന്‍ തീരുമാനിച്ചു. കൂടാതെ സ്‌കൂളുകള്‍, കോളജുകള്‍ കേന്ദ്രീകരിച്ചും ബോധവല്‍ക്കരണം നടത്താനും തീരുമാനിച്ചു. ഇതിനുശേഷം പൊതുനിരത്തില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാന്‍ യോഗം ഐകകണ്‌ഠ്യേന തീരുമാനം എടുത്തു. ഈ വിശയവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് എടുക്കുന്ന എല്ലാ തീരുമാനങ്ങള്‍ക്കും യോഗം പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. സര്‍വകക്ഷിയോഗത്തില്‍ ആന്റണി ജോണ്‍ എംല്‍എ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദാ സലീം, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിനി രവി, ഡിഎംഒ ഡോ. ജയശ്രി, ജില്ലാ പ്രൊജക്ടര്‍ ഓഫിസര്‍ ശ്രീനിവാസന്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ഷാജി, വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക