നെല്ലിക്കാട്ടിരിയിലെ വൃദ്ധയുടെ കൊലപാതകം: അന്വേഷണം നിശ്ചലം
Published : 28th June 2016 | Posted By: SMR
സി കെ ശശി ചാത്തയില്‍
ആനക്കര: എട്ടുമാസം മുമ്പു വീട്ടിനുള്ളില്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട വൃദ്ധയുടെ മരണത്തിലെ ദുരൂഹതകള്‍ തുടരുന്നു. ചാലിശ്ശേരിപോലിസ് സ്റ്റേഷന് പരിധിയിലെ നെല്ലികാട്ടിരി സ്വദേശിനിയായ ശാരദാമ്മ(81)യുടെ മരണത്തിലാണ് എട്ടുമാസം പിന്നിട്ടിട്ടും പ്രതിയെകണ്ടെത്താനാവാതെ പോലിസ് ഇരുട്ടില്‍തപ്പുന്നത്.
ചാലിശ്ശേരി പോലിസ് 535/15 ക്രൈംനമ്പര്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസ് പട്ടാമ്പി സി.ഐയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. കഴിഞ്ഞ 2015 ഒക്ടോബര്‍ 26 നാണ് ഏകാന്തവാസിയായ വൃദ്ധ കൊല്ലപെടുന്നത്. എന്നാല്‍ മൂന്ന് നാള്‍ക്കു ശേഷം 29 നാണ് ഇക്കാര്യം പുറംലോകം അറിയുന്നത്. മൃതദേഹത്തില്‍ നിരവധി വെട്ടുകളുണ്ടായിരുന്നു. കൂടാതെ കഴുത്തിലെ സ്വര്‍ണാഭരണവും വളയും നഷ്ടമായിട്ടുണ്ട്. എന്നാല്‍ കാതിലെ കമ്മലും വീട്ടിനുള്ളില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണവും പണവും നഷ്ടമായിരുന്നില്ല. ഭര്‍ത്താവ് മരിച്ചതോടെ ഏറെകാലമായി ഇവര്തനിച്ചായിരുന്നു വീട്ടില്‍ താമസിച്ചിരുന്നത്.
സമീപത്തുള്ള ബന്ധുക്കള്‍ ഇവരുമായി സ്വരചേര്ച്ചയിലല്ലന്ന് പോലിസ് പറഞ്ഞു. കേസന്വേഷണത്തിലും ഇവരുടെ നിസഹകരണം പോലിസിന്റെ തുടര്‍നടപടികള്‍ക്ക് തടസമായിട്ടുണ്ട്. എന്നാല്‍ സംഭവത്തെകുറിച്ച് സൂചന ലഭിച്ച പ്രകാരം പലരെയും ചോദ്യംചെയ്യുകയുണ്ടായെങ്കിലും തെളിവുകളൊന്നും ലഭിച്ചില്ല. ഏറെ വിവാദമായ ജിഷ യുടെ കൊലപാതകത്തില്‍ പ്രതിസ്ഥാനത്തുള്ള അസം തൊഴിലാളി പിടിക്കപ്പെട്ടതോടെ ഈകേസിനെകുറിച്ചും ചില ഇതരസംസ്ഥാനതൊഴിലാളി ബന്ധത്തെകുറിച്ച് പൊലീസിന് രഹസ്യവിവരങ്ങള്‍ ലഭിച്ചു വരുന്നുണ്ട്. എന്നാല്‍ ജിഷയുടെ കൊലപാതകകേസിലെ അന്വേഷണം പോലെ ചോദ്യംചെയ്യാനുള്ള സൗകര്യം ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കാത്തതിനാല്‍ കേസുമായി കൂടുതല്‍ മുന്നോട്ടുപാകാനാവാത്ത സ്ഥിതിയിലാണ് ലോക്കല്‍ പോലിസ്. മൂന്ന് മാസംവരെ ലോക്കല്‍ പോലിസ്് അന്വേഷണം നടത്തിയിട്ടും കേസില്‍ പുരോഗതി ഇല്ലാത്തപക്ഷം ക്രൈബ്രാഞ്ചിന് കൈമാറേണ്ടതുണ്ട്. എന്നാല്‍ ഈ കേസില്‍ അതുണ്ടായിട്ടില്ല.
പ്രതികളെപിടികൂടണമെന്നാവശ്യപ്പെട്ട് പൊതുവികാരമോ ബന്ധുക്കളുടെ ആവശ്യമോ ഇല്ലാത്ത സാഹചര്യത്തില്‍ തെളിയാത്ത കേസുകളുടെ കൂട്ടത്തിലേക്ക് എഴുതിതള്ളപെടുമോഎന്നതാണ് നാട്ടുകാരുടെ ആശങ്ക.
അതേസമയം, മനോവൈകല്യമുള്ളവരാണ് പ്രതികളെന്ന സൂചനയിലാണ് പോലിസിന്റെ പ്രാഥമികനിഗമനത്തിലുള്ളത്. സമീപകാലയളവില്‍ ചാലിശ്ശേരി പോലിസ് സ്റ്റേഷന് പരിധിയില്‍ നടന്ന തെളിയിക്കപെടാത്ത ഏകകേസും ഈ വൃദ്ധയുടേതാണ്. കേസ് പൂര്‍ണ്ണമായി ഒഴിവാക്കിയിട്ടില്ലന്നും സംഭവവുമായി ബന്ധപ്പെട്ട് പ്രദേശത്തെ പലരും പോലിസിന്റെ നിരീഷണത്തിലാണന്നും ചാലിശ്ശേരി എസ് ഐ രാജേഷ് അറിയിച്ചു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.