|    Dec 12 Wed, 2018 7:28 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

നെയ്യാറ്റിന്‍കര സനല്‍ കൊലക്കേസിലെ പ്രതി ഡിവൈഎസ്പി ഹരികുമാര്‍ തൂങ്ങിമരിച്ച നിലയില്‍

Published : 14th November 2018 | Posted By: kasim kzm

തിരുവനന്തപുരം: യുവാവിനെ റോഡിലേക്കു തള്ളിയിട്ട് കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതിയായ നെയ്യാറ്റിന്‍കര ഡിവൈഎസ്പി ഹരികുമാറിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കല്ലമ്പലത്തെ കുടുംബവീടിന്റെ ചായ്പില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു. പോലിസ് അന്വേഷണം ശക്തമാക്കിയതിനിടെയാണ് ഹരികുമാര്‍ ജീവനൊടുക്കിയത്.
ഇന്നലെ രാവിലെ ഭാര്യയുടെ അമ്മ വളര്‍ത്തുനായക്ക് ഭക്ഷണം നല്‍കാന്‍ എത്തിയപ്പോഴാണ് ഡിവൈഎസ്പിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഈ വീടിനു തൊട്ടടുത്താണ് ഭാര്യയുടെ അമ്മ താമസിക്കുന്നത്.
ഇന്നലെ രാത്രിയാണ് ഹരികുമാര്‍ കല്ലമ്പലം വെയിലൂരിലെ നന്ദാവനം വീട്ടിലെത്തിയതെന്നാണ് പോലിസ് നല്‍കുന്ന സൂചന. പോലിസ് നിരീക്ഷണമുള്ള വീട്ടില്‍ ഡിവൈഎസ്പി എത്തിയത് ദുരൂഹത ഉയര്‍ത്തുന്നുണ്ട്. പ്രതികളുടെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് സനല്‍കുമാറിന്റെ ഭാര്യ ഇന്നലെ രാവിലെ നിരാഹാര സമരം ആരംഭിച്ച ഉടനെയാണ് ഡിവൈഎസ്പിയുടെ മരണവാര്‍ത്ത എത്തുന്നത്. തുടര്‍ന്ന് നിരാഹാര സമരം അവസാനിപ്പിച്ചു. ദൈവത്തിന്റെ വിധി നടപ്പായെന്ന് സനലിന്റെ ഭാര്യ വിജി പ്രതികരിച്ചു.
ഡിവൈഎസ്പിക്ക് സഹായം നല്‍കിയവര്‍ക്കെതിരേയുള്ള അന്വേഷണം ആവശ്യപ്പെട്ട് സമരവുമായി മുന്നോട്ടുപോവുമെന്ന് സനലിന്റെ സഹോദരിയും സമരസമിതി നേതാക്കളും വ്യക്തമാക്കി.
കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് റോഡിലെ തര്‍ക്കത്തെ തുടര്‍ന്ന് ഹരികുമാര്‍ പിടിച്ചുതള്ളിയ സനല്‍കുമാര്‍ എന്നയാള്‍ കാറിടിച്ച് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് ഹരികുമാറിനെ സസ്‌പെന്‍ഡ് ചെയ്യുകയും ലുക്കൗട്ട് നോട്ടീസടക്കം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഡിവൈഎസ്പിക്കെതിരേയുള്ള അന്വേഷണ റിപോര്‍ട്ട് ക്രൈംബ്രാഞ്ച് കോടതിയില്‍ ഹാജരാക്കാനിരിക്കുകയായിരുന്നു. സനല്‍കുമാറിനെ മനപ്പൂര്‍വം കൊന്നതാണെന്നാണ് ക്രൈംബ്രാഞ്ച് റിപോര്‍ട്ടിലുള്ളത്.
ഹരികുമാര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്നു പരിഗണിക്കുന്നുണ്ട്. ഇതേത്തുടര്‍ന്ന് ഹരികുമാര്‍ കീഴടങ്ങാന്‍ ഒരുങ്ങുന്നതായും നാട്ടിലെത്തിയതായും അന്വേഷണസംഘത്തിന് സന്ദേശം ലഭിച്ചിരുന്നു. എന്നാല്‍, നാട്ടിലെത്തിയശേഷം ഹരികുമാറിനെക്കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല. ഇതേത്തുടര്‍ന്ന് കീഴടങ്ങല്‍ തീരുമാനം ഉപേക്ഷിച്ച് വീണ്ടും ഹരികുമാര്‍ മുങ്ങിയതായി പോലിസ് സംശയിച്ചിരുന്നു. കഴിഞ്ഞ 10 ദിവസം ഹരികുമാര്‍ കര്‍ണാടകയിലും മറ്റും ഒളിവില്‍ക്കഴിഞ്ഞിരുന്നതായാണ് സൂചന. കല്ലമ്പലത്തെ വീട് കുറച്ചുനാളായി അടഞ്ഞുകിടക്കുകയായിരുന്നു. ജോലിയുടെ ഭാഗമായി നെയ്യാറ്റിന്‍കരയിലാണ് ഡിവൈഎസ്പി ഇപ്പോള്‍ താമസിക്കുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss